Film ArticlesGeneralLatest NewsMollywoodNEWS

മലയാള സിനിമയിലെ അപൂർവ്വ സൗഹൃദങ്ങൾ

രണ്ടു സൂപ്പർ താരങ്ങളുടെ മത്സരത്തെ അടയാളപ്പെടുത്തിയ, ഫാൻസുകാർ ചേരിതിരിഞ്ഞു പോരടിച്ച ചിത്രം കൂടിയായിരുന്നു ഹരികൃഷ്ണൻസ്

‘എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാത്തേ ‘
‘ഓരോന്നിനും അതിൻ്റേതായ സമയമുണ്ടു ദാസാ’ … ദാസൻ / വിജയൻ….. [നാടോടിക്കാറ്റ് ]

‘എൻ്റെ നെഞ്ചിൻ്റെ നടുഭാഗത്ത് കണ്ട നാൾ മുതൽ കയറിക്കൂടിയ ഒരാളേ ഉള്ളൂ .അത് കൃഷ്ണനാ .എൻ്റെ കിണ്ണൻ., എൻ്റെ പ്രാണനേക്കാൾ വലുത് …’ ഹരി [ ഹരികൃഷ്ണൻസ് ]

‘എൻ്റെ ചങ്ങാതിക്ക് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല: … കണ്ണൻ/ദാസൻ [തെങ്കാശിപ്പട്ടണം]

വ്യത്യസ്ത കാലങ്ങളിലിറങ്ങിയ ,ഇൻഡസ്ട്രിയൽ ഹിറ്റുകളായ മൂന്ന് ചിത്രങ്ങളിലെ മൂന്നു ജോഡി കഥാപാത്രങ്ങൾ. ദാസനും വിജയനും ഹരിയും കൃഷ്ണനും കണ്ണനും ദാസനും മലയാളിയുടെ ഉൾത്തളങ്ങളിൽ ഇന്നും സജീവമായി നിലനിൽക്കുന്നു. ഡാ, അളിയാ ചങ്ങാതി, മച്ചാനെ തുടങ്ങി തമ്മില്‍ തമ്മിൽ വിളിച്ചും ചിന്തകളും സ്വപ്‍നങ്ങളും ഒക്കെ പങ്കുവയ്ക്കുന്നവർ ആഘോഷമാക്കുന്ന ദിവസമാണ് ഓഗസ്റ്റിലെ ആദ്യത്തെ ഞായറാഴ്‍ച. ഈ സുഹൃത്ത് ദിനത്തിൽ അപൂർവ്വ സൗഹൃദങ്ങളുടെ കഥ പറഞ്ഞ സിനിമകൾ സ്മരിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്.

read also: സരിതയ്ക്ക് മുന്നില്‍ വച്ച്‌ അന്ന് മുകേഷിനെ നോക്കി ഒരു തെറി വാക്ക് പറഞ്ഞു: മുകേഷിന്റെ സ്വഭാവത്തെ കുറിച്ച്‌ സംവിധായകന്‍

എൺപതുകളിലെ യുവത്വത്തിൻ്റെ പ്രശ്നങ്ങളെ പ്രതിനിധികരിക്കുന്ന കഥാപാത്രങ്ങളായിരുന്നു ദാസനും വിജയനും .മോഹൻലാലിൻ്റെയും ശ്രീനിവാസൻ്റെയും കരിയറിലെ അവിസ്മരണീയ കഥാപാത്രങ്ങളിലൊന്നാണ് ഇവയെന്നതിൽ സംശയമില്ല .ദാരിദ്ര്യത്തിൽ കഴിയുമ്പോഴും പരസ്പരം പരിഹസിക്കുവാനും ഒന്നിച്ചു സ്വപ്നം കാണുവാനും കഴിയുന്ന ദാസനും വിജയനും ഒടുവിൽ പോലീസ് സേനയിൽ ജോലി കിട്ടി സുരക്ഷിതരാകുന്ന ശുഭപര്യവസായിയിലാണ് നാടോടിക്കാറ്റ് അവസാനിക്കുന്നത് .. പട്ടണപ്രവേശം ,അക്കരെയക്കരെ അക്കരെ പോലയുള്ള ചിത്രങ്ങളിലൂടെ ദാസനും വിജയനും തുടർച്ചകളുണ്ടാകുന്നുണ്ട്. അതിനൊപ്പം തന്നെ ട്രോളുകളിലൂടെ ദാസനും വിജയനും ലൈവായി നിൽക്കുകയും ചെയ്യുന്നു.മലയാളിയുടെ നിത്യജീവിതത്തിൽ ദാസൻ വിജയൻമാരുടെ ഡയലോഗുകൾ ആവർത്തിച്ചാവർത്തിച്ച് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു .

മലയാള സിനിമയിലെ ലോകാത്ഭുതം പോലെ അവതരിപ്പിക്കപ്പെട്ട ഹരികൃഷ്ണൻസിലും ഹരിയുടെയും കൃഷ്ണൻ്റെയും അപൂർവ്വ ബന്ധം കാണുവാൻ കഴിയും. ഹരികൃഷ്ണൻസിനു സമാന്തരമായി ഇറങ്ങിയ സമ്മർ ഇൻ ബെത് ലഹേമിൽ രവിശങ്കറിൻ്റെയും ഡെന്നിസിൻ്റെയും അപൂർവ്വ സൗഹൃദ ബന്ധം കാണുവാൻ കഴിയുന്നതാണ്. ലോകപ്രശസ്ത അഭിഭാഷകരായ ഹരിയും കൃഷ്ണനും സന്നിഗ്ധാവസ്ഥയിലാകുന്നത് മീരയുമായുള്ള പ്രണയത്തിലൂടെയാണ് .. പരസ്പരം നീയെടുത്തോ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്ന ഇരുവരും ഒടുവിലത്തെ തീരുമാനം മീരയ്ക്കു വിട്ടുകൊടുക്കുന്നു .രണ്ടു പേരിലൊരാളെ മീര സുഹൃത്തായി തിരഞ്ഞെടുക്കുന്നു ആ ആൾ മീരയുടെ പങ്കാളിയെ തീരുമാനിക്കുമെന്ന അതി വിചിത്രമായ പരിഹാരമാണ് ഹരികൃഷ്ണൻമാർ മീരയ്ക്കു മുമ്പിൽ വയ്ക്കുന്നത്. ടെയിൽ എൻഡിൽ മീര ഒരാളെ സുഹൃത്തായി തിരഞ്ഞെടുക്കുന്നുമുണ്ട്.

ദാസനും വിജയനും ഹരിയും കൃഷ്ണനും സുഹൃത്തുക്കളാകുന്ന കാലഘട്ടം കൃത്യമായി ഇരു ചിത്രങ്ങളിൽ നിന്നും ലഭ്യമല്ലങ്കിലും അവരുടെ സൗഹ്യദത്തിൻ്റെ ആഴം പ്രേക്ഷകരുടെ ഉൾത്തലങ്ങളിലെത്തിച്ചേരുന്നുണ്ട്. അതേ സമയം കെ. ഡി ആൻറ് കമ്പനിയിലൂടെ കണ്ണൻ്റേയും ദാസൻ്റെയും ആത്മബന്ധത്തെ അവതരിപ്പിച്ച തെങ്കാശിപ്പട്ടണം അവരുടെ ബാല്യകാലത്തേയുള്ള സൗഹൃദ കാഴ്ചകളെയും സ്വഭാവ വൈവിധ്യങ്ങളെയും അവതരിപ്പിക്കുന്നുണ്ട്.

സംഗീതയെ പ്രണയിക്കുന്ന ദാസൻ അപമാനിതനാകുമ്പോൾ തെറ്റിദ്ധാരണകൾ നിമിത്തം കണ്ണൻ്റെ ബാല്യകാല പ്രണയിനി മീനാക്ഷിയെ പ്രണയിക്കുന്നു … പ്രതിനായകൻ്റെ ബോധപൂർവ്വമായ ഇടപെടൽ ദാസനെയും കണ്ണനെയും തമ്മിൽ തെറ്റിക്കുകയും മീനാക്ഷിക്കു വേണ്ടിയുള്ള മത്സരത്തിൽ എത്തിക്കുകയും ചെയ്യുന്നു .മത്സരത്തിൽ പരാജിതനാകുന്ന ദാസനെ കണ്ണൻ ജയിപ്പിക്കുന്നു ‘ഞാൻ ജീവിച്ചിരിക്കുമ്പം നീ തോൽക്കാൻ ഞാൻ സമ്മതിക്കില്ല .അവളുടെ കഴുത്തിൽ താലി കെട്ടിയാലേ നീ ജയിക്കുള്ളു എങ്കിൽ നീ ജയിക്കണ മെന്നുള്ളതാ എൻ്റെ തീരുമാനം.എന്നിക്കു നിന്നേക്കാൾ വലുതായി ഒന്നുമില്ലട എനിക്ക് നീ വേണം. എന്നും എൻ്റെ കൂടെ …’ എന്നു പറഞ്ഞ് മീനാക്ഷിയെ ദാസനു സമ്മാനിക്കുന്നു . ദാസൻ കണ്ണൻ്റെ ത്യാഗം തിരിച്ചറിഞ്ഞ് മീനാക്ഷിയെ കണ്ണനു നൽകുകയും ആർക്കും വേണ്ടാതെ ഒറ്റപ്പെട്ടു നിൽക്കുന്ന സംഗീതയെ സ്വീകരിക്കുകയും ചെയ്യുന്നു

മൂന്നു ചിത്രങ്ങളും തികച്ചും വ്യത്യസ്ത പശ്ചാത്തലങ്ങളിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എങ്കിലും അപൂർവ്വ സൗഹൃദത്തിൻ്റെ ആവിഷ്ക്കാരങ്ങൾ എന്ന തലത്തിൽ ഇവയിലെ കഥാപാത്രങ്ങളുടെ താരതമ്യം സാധ്യമാണ്. നാടോടിക്കാറ്റിലെ ദാസനിൽ നിന്നും വിജയൻ ഇടയ്ക്കൊക്കെ വേർപെട്ടു പോകുന്നുണ്ടെങ്കിലും വേർപിരിയാനാകാത്തവണ്ണം വീണ്ടും വന്നു ചേരുന്നുണ്ട്. ഹരികൃഷ്ണൻസിലാകട്ടേ തങ്ങളുടെ ആത്മബന്ധത്തിനു വിള്ളലുകൾ വീ ഴ്ത്തിയേക്കാമെന്നു ധ്വനിപ്പിക്കപ്പെടുന്ന മീരയെ ,അവളുടേതായ തീരുമാനങ്ങൾക്കു വിട്ടുകൊടുത്തുകൊണ്ട് ഇരുവരും സുരക്ഷിതരാകുന്നു … കണ്ണനും ദാസനും തമ്മിലുള്ള സംഘർഷത്തിൽ മീനാക്ഷിയെ ത്യജിച്ചു കൊണ്ട് ദാസനോടുള്ള ആത്മബന്ധം നിലനിർത്തുവാൻ കണ്ണൻ തയ്യാറാകുന്നു

ജനപ്രിയ സിനിമകൾ ആഘോഷിച്ച സൗഹൃദ കാഴ്ചകൾ ഈ മൂന്നു സിനിമകൾക്കു മുമ്പും ശേഷവും സാധ്യമായിട്ടുണ്ട്. ഉന്നംമറന്ന് തെന്നിപ്പറന്ന ഹരിഹര്‍ നഗര്‍ കോളനിയിലെ നാല്‍വര്‍ സംഘം മഹാദേവൻ – അപ്പുകുട്ടൻ- തോമസ് കുട്ടി – ഗോവിന്ദന്‍ കുട്ടി, കന്നാസും കടലാസും (കാബൂളിവാല ), അജിത്തും വിജയും (ദോസ്ത് ) ജോജിയും നിശ്ചലും (കിലുക്കം ) അനില്‍കുമാര്‍- ശ്യാം ( ബോയിംഗ് ബോയിംഗ് ) അരവിന്ദൻ – ചന്തു- ചക്കച്ചാമ്പറമ്പില്‍ ജോയി (ഫ്രണ്ട്സ് ) രവിശങ്കർ – ഡെന്നീസ് (സമ്മര്‍ ഇന്‍ ബെത്‌ലേഹേം ) സ്റ്റീഫൻ – ജോൺ (ബ്യൂട്ടിഫുൾ) , സ്വാമി- കെ കെ ജോസഫ് (വിയറ്റ്നാം കോളനി) ബാലൻ -അശോക് രാജ് (കഥപറയുമ്പോൾ ) തുടങ്ങിയ ഉദാഹരണങ്ങൾ.

ജനപ്രിയ സിനിമകൾ എന്ന നിലയിൽ വളരെയേറേ ആസ്വദിക്കപ്പെട്ട ചലച്ചിത്രങ്ങളാണ് നാടോടിക്കാറ്റും ഹരിക്യഷ്ണൻസും തെങ്കാശിപ്പട്ടണവും. ലോജിക്കലി ഇവ എത്രത്തോളം കറക്റ്റാണ് എന്ന് ആലോചിച്ചാൽ. അവയിൽ പലതിലും പ്രശ്നങ്ങളുണ്ട് എന്ന് വ്യക്തമാകും . ട്രയാങ്കിൾ ലവ് സ്റ്റോറി എന്ന തലത്തിൽ നില നിൽക്കുന്ന ഹരികൃഷ്ണൻ മീര ബന്ധത്തിൽ മീരയ്ക്ക് രണ്ടാളേയും ഒരേ അളവിൽ- തുല്യതയിൽ പ്രണയിക്കാൻ കഴിയുന്നു എന്നു പറയുന്നത് ഒട്ടും വിശ്വസനീയമല്ല. തങ്ങളുടെ നിസഹായാവസ്ഥയെ മറച്ചു പിടിച്ച് തീരുമാനം മീരയുടെതാക്കി വിട്ടു കൊടുക്കുന്ന ഹരികൃഷ്ണൻമാർ അതുവഴി മീരയെ ഉദാത്ത വത്ക്കരിക്കുന്നു. സ്ത്രൈണ കർതൃത്വത്തെ നിരാകരിക്കുന്ന ഇതേ രീതി ശാസ്ത്രത്തെ തെങ്കാശിപട്ടണവും പിന്തുടരുന്നതായി കാണാവുന്നതാണ്. മീനാക്ഷിയുടെ കർതൃത്വത്തെ തന്നെ നിഷേധിച്ചുകൊണ്ടാണ് കണ്ണൻ അവളെ ദാസനു സമ്മാനിക്കുന്നത്. ആ ഒരു തലത്തിൽ ഈ ചിത്രങ്ങൾ വിമർശിക്കപ്പെടേണ്ടതു തന്നെയാണ്

ഇതിൻ്റെ മറ്റൊരു വശം ഹരി – കൃഷ്ണൻ ബന്ധവും ,കണ്ണൻ – ദാസൻ ബന്ധവും സ്വവർഗ്ഗാഭിമുഖ്യം പ്രകടിപ്പിക്കുന്ന ബന്ധങ്ങൾ കൂടിയാണ് എന്ന് ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ വ്യക്തമാകും. ഭിന്ന വർഗ്ഗലൈംഗികതയുടെ ഭാഗഭാക്കാകുവാൻ. ഇവർ താൽപ്പര്യപ്പെടുമ്പോഴും പരസ്പരം വേർപെട്ടു പോകുവാൻ കഴിയാത്ത, ഇഴചേർന്ന ആൺ സൗഹൃദങ്ങൾ കൂടിയാണ് ഹരികൃഷ്ണൻ്റേയും കണ്ണ -ദാസൻമാരുടേയും.

ടെയ്ൽ എൻഡ്

രണ്ടു സൂപ്പർ താരങ്ങളുടെ മത്സരത്തെ അടയാളപ്പെടുത്തിയ, ഫാൻസുകാർ ചേരിതിരിഞ്ഞു പോരടിച്ച ചിത്രം കൂടിയായിരുന്നു ഹരികൃഷ്ണൻസ് .നായികയെ ഏതു സൂപ്പർ താരം സ്വന്തമാക്കുമെന്ന ചോദ്യത്തിന് ഹരികൃഷ്ണൻസ് അതി വിചിത്രമായ ഉത്തരമാണ് നൽകിയത്. നായർ സമുദായത്തിനു മേൽ കൈ ഉള്ള ,മോഹൻലാലിനു സ്വീകാര്യത കൂടിയ തെക്കൻ കേരളത്തിൽ മോഹൻലാലിൻ്റെ കൃഷ്ണൻ മീരയെ സ്വന്തമാക്കുന്നു .മുസ്ലീം സമുദായത്തിനു മേൽ കൈ ഉള്ള വടക്കൻ കേരളത്തിൽ / വടക്കൻ മലബാറിൽ മമ്മൂട്ടിയുടെ ഹരി മീരയെ സ്വന്തമാക്കുന്ന ക്ലൈമാക്സുമാണ് അവതരിപ്പിക്കപ്പെട്ടത്. ചിത്രത്തോടനുബന്ധിച്ചുള്ള വിവാദങ്ങളിൽ ഫാസിൽ പറഞ്ഞ് തലയൂരിയ മറുപടി ഇപ്രകാരമായിരുന്നു. ‘ആകെ 32 പ്രിൻറുകളാണ് റിലീസിന് തയ്യാറാക്കിയത് .നായികയെ ആര് സ്വന്തമാക്കുമെന്ന ചർച്ച ആദ്യം വന്നപ്പോൾ രണ്ടു പേർക്കും ലഭിക്കാത്ത രീതിയിൽ ചിത്രം അവസാനിപ്പിക്കാമെന്നു കരുതി. അത് തൃപ്തികരമല്ലാത്തതിനാൽ 32 പ്രിൻറിൽ 16 എണ്ണത്തിൽ മമ്മൂട്ടിയും 16 എണ്ണത്തിൽ മോഹൻലാലും നായികയെ സ്വന്തമാക്കട്ടേ എന്നു തീരുമാനിച്ചു.അതിനകത്ത് വേറേ താൽപ്പര്യങ്ങളില്ലായിരുന്നു’. അവലംബം::…നാന സിനിമാ വാരിക / ഫാസിൽ അഭിമുഖം ( ഹരികൃഷ്ണൻ വിവാദത്തെത്തുടർന്ന്) വിതരണക്കാരുടെ തലയിൽ ജാതിമത സമുദായ വേർതിരിവുകൾ കെട്ടിവെച്ച് ഏവരും സുരക്ഷിതരായി എന്ന പാOമാണ് ഇതിലൂടെ ലഭിക്കുന്നത്.

 

ഡോ. രശ്മി, അനിൽകുമാർ കെ എസ്

shortlink

Related Articles

Post Your Comments


Back to top button