InterviewsLatest NewsNEWS

‘ഹിന്ദുവായ മഹാലക്ഷ്‌മി എന്ന മോഹിനി ഇപ്പോൾ ക്രിസ്റ്റീനയാണ്’, മതം മാറിയതിനെക്കുറിച്ച്‌ മോഹിനി

ചെന്നൈ : പതിമൂന്നാം വയസ്സിൽ എറമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ 1991ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മഹാലക്ഷ്‌മി എന്ന മോഹിനി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച മോഹിനി ചില ടെലിവിഷൻ പരിപാടികളിലും എത്തിയിരുന്നു. പരിണയത്തിലെ ചെറുപ്പത്തിൽ വിധവയാകേണ്ടി വന്ന ഉണ്ണിമായയും പഞ്ചാബി ഹൗസിലെ ഊമയായ പൂജയെയും പട്ടാഭിഷേകത്തിലെ എടുത്തുചാട്ടക്കാരി കല്യാണിയെയും പ്രക്ഷകർ മറക്കാനിടയില്ല. മലയാളത്തിലടക്കം തെന്നിന്ത്യയിൽ ഒരു കാലത്ത് തിരക്കുളള നടികളിലൊരാളായ മോഹിനിയെ പക്ഷേ പ്രേക്ഷകർ കണ്ടിട്ട് കുറച്ച് കാലമായി. മോഹൻലാൽ നായകനായ ഇന്നത്തെ ചിന്താ വിഷയത്തിനു ശേഷം 2011ൽ കലക്‌ടർ എന്ന ചിത്രത്തിലാണ് മോഹിനി അവസാനമായി അഭിനയിച്ചത്.

വിവാഹ ശേഷം യുഎസിലേക്ക് ചേക്കേറിയ മോഹിനി ഇപ്പോൾ ജീവിതത്തിന്റെ പുതിയ തിരക്കുകളിലാണ്. തമിഴ്‌നാട്ടുകാരിയായ മഹാലക്ഷ്‌മി എന്ന മോഹിനി ഇപ്പോൾ ക്രിസ്റ്റീനയാണ്. ഹിന്ദു മതവിശ്വാസിയായിരുന്ന മോഹിനി 2006 ലാണ് ക്രിസ്തുമതം സ്വീകരിക്കുന്നത്. ഇപ്പോള്‍ മത പ്രഭാഷകയാണ് മോഹിനി. മതം മാറുന്നതോടെയാണ് മോഹിനി വാര്‍ത്തകളില്‍ നിറയുന്നത്. താരത്തിനൊപ്പം കുടുംബവും മതം മാറുകയായിരുന്നു. ജീവിതത്തിൽ പുതിയ തീരുമാനങ്ങളെടുത്ത മോഹിനി തന്റെ ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളെക്കുറിച്ചും ക്രിസ്‌തീയ വിശ്വാസത്തിലേക്കുമുളള മാറ്റത്തെക്കുറിച്ചും സംസാരിക്കുന്നു. തന്റെ മതം മാറ്റത്തെക്കുറിച്ചുള്ള മോഹിനിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

മോഹിനിയുടെ വാക്കുകൾ :

‘ഞാന്‍ ജനിച്ചത് മഹാലക്ഷ്മിയായാണ്. ഒരു ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു ജനനം. 27-ാം വയസുവരെ ഹിന്ദുവായിരുന്നു. ഞാന്‍ വിവാഹം കഴിച്ച ഭരത്തും ബ്രാഹ്‌മണനാണ്. അവര്‍ പാലക്കാട് ബ്രാഹ്‌മണരും ഞങ്ങള്‍ തഞ്ചാവൂര്‍ ബ്രാഹ്‌മണരും. എന്റെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ടായിരുന്നു. രോഗവും വന്നു. ഞാന്‍ ഇനിയുണ്ടാകില്ലെന്ന് വരെ പറഞ്ഞു. ഈ പ്രശ്‌നങ്ങളൊന്നും ഞാന്‍ പ്രാര്‍ത്ഥിച്ചിച്ചിട്ടും പൂജകള്‍ ചെയ്തിട്ടും മാറിയില്ല. എന്റെ മതത്തില്‍ അതിനുള്ള ഉത്തരമുണ്ടായിരുന്നില്ല.

ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഞാന്‍ ചെയ്യുന്ന പൂജകള്‍ക്ക് എന്തുകൊണ്ട് ഫലം കിട്ടുന്നില്ല? ആ ചോദ്യങ്ങള്‍ക്കൊന്നും ആ മതത്തില്‍ ഉത്തരം കിട്ടിയില്ല. എന്നെ ആരും നിര്‍ബന്ധിക്കുകയോ ഈ മതത്തിലേക്ക് വരാന്‍ പറയുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് വഴികാട്ടിയായതും വെളിച്ചം കാണിച്ചു തന്നതും എന്നെ വിളിച്ചതും ജീസസ് ആയിരുന്നു. ദൈവമേ എന്നെ രക്ഷിക്കൂ എന്നാണ് ഞാന്‍ പറഞ്ഞത്. വേറെ മതത്തിലെ ഇവരെന്തിനാണ് വന്നതെന്ന് ഞാന്‍ ചിന്തിച്ചു. അപ്പോള്‍ എന്റെ വീട്ടിലുള്ള ഇന്ദ്ര എന്ന പെണ്‍കുട്ടിയാണ് ജീസസിന് ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ ഇല്ലെന്നും അതെല്ലാം നമുക്കാണെന്നും പറയുന്നത്. ബൈബിളും സഭകളെക്കുറിച്ചുമെല്ലാം ഞാന്‍ തന്നെ പഠിച്ച ശേഷമാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത്.

ഹാരി പോര്‍ട്ടര്‍ സിനിമ സിനിമയായിട്ടായിരുന്നു ഞാന്‍ കണ്ടത്. പക്ഷെ അതൊക്കെ എന്റെ ജീവിതത്തിലുമുണ്ടായി. ആരോ കഴുത്ത് ഞെരിക്കുന്നത് പോലെ തോന്നും. ദേഹത്ത് മാന്തും. അര്‍ധ രാത്രി കതക് മുട്ടുന്നത് പോലെ തോന്നും. അപ്പോള്‍ ഞാന്‍ ഉത്തരം തേടി. ഒരു ജ്യോത്സനാണ് ഒരാള്‍ ദുര്‍മന്ത്രവാദം ചെയ്തുവെന്ന് പറയുന്നത്. ഞാനത് വിശ്വസിച്ചില്ല. 21-ാം നൂറ്റാണ്ട് ആണിതെന്നായിരുന്നു ഞാന്‍ പറഞ്ഞത്. പല പൂജാരികളേയും കണ്ടു. രക്ഷപ്പെടാന്‍ പറ്റില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എനിക്ക് ആത്മഹത്യ ചിന്തകളായിരുന്നു. എല്ലാം നല്ല നിലയില്‍ പോവുകയായിരുന്നു. നല്ല കരിയര്‍, ഭര്‍ത്താവ്, കുട്ടി, മാതാപിതാക്കള്‍. ഇതിലും മുകളിലൊന്നുമില്ലായിരുന്നു. പക്ഷെ അതൊന്നും അനുഭവിക്കാന്‍ പറ്റാത്ത അവസ്ഥ.

ഒരോ ദൈവത്തിനും ഓരോ മണ്ഡലം ആയിരുന്നു. എനിക്ക് ഒന്നും മനസിലായില്ല. എനിക്ക് സഹായം വേണമായിരുന്നു. അതിനൊന്നും ഉത്തരം കിട്ടാതെ ഇരുന്നപ്പോഴാണ് ജീസസ് വരുന്നത്. ജീവിതമാകെ മാറി. ഞാന്‍ തീര്‍ന്നെന്ന് പറഞ്ഞവര്‍ അത്ഭുതപ്പെട്ടു നില്‍ക്കുന്ന അവസ്ഥയിലേക്ക് ഞാന്‍ എത്തി. ആര്‍ത്തറൈറ്റൈസ് മാറി, സ്‌പോണ്ടുലോസസ് മാറി, അടുത്ത ദിവസം രാവിലെ പത്ത് മണിക്ക് വിവാഹ മോചനമാണ്. എന്നാല്‍ ഇന്ന് രാത്രി ഭര്‍ത്താവ് വിളിച്ചിട്ട് നമ്മള്‍ ചെയ്യുന്നത് തെറ്റാണ്. നമുക്ക് നല്ലൊരു മകളുണ്ട്. നമ്മള്‍ പിരിയാന്‍ പാടില്ലെന്ന് പറഞ്ഞു, രണ്ടാമത് കുട്ടിയുണ്ടായി, പള്ളിയില്‍ വച്ച്‌ വീണ്ടും വിവാഹം കഴിച്ചു, ഇങ്ങനെ ജീവിതം മുഴുവന്‍ മാറി’- മോഹിനി പറഞ്ഞു.

താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. മുമ്പും താരത്തിന്റെ മതം മാറ്റം വലിയ തോതില്‍ ചര്‍ച്ചയായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button