InterviewsLatest NewsNEWS

ആ സിനിമയിലെ ഇരുപത്തിരണ്ട് കഥാപാത്രങ്ങള്‍ക്ക് ഡബ്ബ് ചെയ്തു, ഇപ്പോൾ അത് കാണുമ്പോള്‍ ചിരിച്ച് മരിക്കും: ജിസ് ജോയ്

എഴുത്തുകാരൻ, സിനിമ സംവിധായകൻ, ഗാനരചയിതാവ് അങ്ങനെ ഒരുപാട് മേഖലകളിൽ കഴിവ് തെളിയിച്ച ആളാണ് ജിസ് ജോയ്. എന്നാലും ഒരുകൂട്ടം മലയാളി പ്രേക്ഷകർക്ക് ജിസ് ജോയ് അല്ലു അർജുന്റെ മലയാളി ശബ്‍ദമാണ്. താരത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ആര്യ മുതൽ ഇപ്പോൾ പുഷ്പ വരെ, അല്ലു അർജുന്റെ സിനിമകളുടെ മലയാളം പതിപ്പുകളിലെല്ലാം മലയാളികൾ കേട്ടത് ഇദ്ദേഹത്തിന്റെ ശബ്‍ദം തന്നെയാണ്. നടന്‍ ജയസൂര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് ജിസ് ജോയ് നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. ആദ്യ കാലത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്ന ഇരുവരും ഊമപ്പെണ്ണിന് ഉരിയാടാപയ്യനില്‍ ഡബ്ബിംഗ് ചെയ്തതിനെ കുറിച്ചാണ് ജിസ് ജോയ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ജയസൂര്യയുടെ ആദ്യ സിനിമയായ ഊമപ്പെണ്ണിന് ഉരിയാടപയ്യനില്‍ ഇരുപത്തിരണ്ട് കഥാപാത്രങ്ങള്‍ക്ക് വരെ ഇരുവരും ഡബ്ബ് ചെയ്തുവെന്നാണ് ജിസ് ജോയ് പറയുന്നത്.

ജിസ് ജോയിയുടെ വാക്കുകൾ :

’97ല്‍ ആണ് ജയസൂര്യയും താനും പരിചയപ്പെടുന്നത്. ഒരു 98 ആയപ്പോഴേക്കും ജയസൂര്യ സിനിമയിലൊക്കെ ഡബ്ബ് ചെയ്യാന്‍ തുടങ്ങി. പിന്നെ പയ്യെ അഭിനയത്തിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങി. 2002ല്‍ ആണ് ജയന്‍ ആദ്യമായി നായകനായെത്തിയ ഊമപ്പെണ്ണിന് ഉരിയാടാപയ്യന്റെ ഡബ്ബിംഗിനായാണ് അവനൊപ്പം തിരുവനന്തപുരത്ത് പോവുന്നത്. അവന്റെ കഥാപാത്രം ഊമയായത് കൊണ്ട് ഒരു മണിക്കൂറ് കൊണ്ട് ഡബ്ബിംഗ് പൂര്‍ത്തിയായി.

അപ്പോഴാണ് അവര്‍ ചോദിക്കുന്നത് വേറെ കഥാപാത്രങ്ങള്‍ക്ക് ഡബ്ബ് ചെയ്യുന്നോ എന്ന്. അങ്ങനെ ഞാനും ജയനും കൂടി ആ സിനിമയിലെ ഇരുപത്തിരണ്ട് കഥാപാത്രങ്ങള്‍ക്ക് ഡബ്ബ് ചെയ്തു. 13 പേര്‍ക്ക് ജയന്‍ തന്നെ ശബ്ദം കൊടുത്തുവെന്ന് തോന്നുന്നു. അന്ന് ഞങ്ങളുടെ രണ്ട് പേരുടെയും ശബ്ദം ആര്‍ക്കും അറിയില്ലായിരുന്നു. ഇന്ന് ആ സിനിമ ടിവിയില്‍ കാണുമ്പോള്‍ ചിരിച്ച് മരിക്കും, കാരണം വരുന്നവര്‍ക്കും പോകുന്നവര്‍ക്കും തമിഴ് പറയുന്നവനും മലയാളം പറയുന്നവനുമെല്ലാം ഡബ്ബ് ചെയ്തത് ഞാനും ജയനും ചേര്‍ന്നാണ്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ട് ആയിരിക്കും സുപ്രധാന കഥാപാത്രങ്ങള്‍ അല്ലാത്ത എഴുപത്തഞ്ച് ശതമാനം പേരുടെയും ഡബ്ബിംഗ് ഒരു ദിവസം കൊണ്ട് തീരുന്നത്’.

shortlink

Related Articles

Post Your Comments


Back to top button