BollywoodGeneralNEWS

“ഉഡ്ത്താ പഞ്ചാബ്”-ന് സെന്‍സര്‍ കത്രികയുടെ അതിപ്രസരം; രാഷ്ട്രീയപ്പാര്‍ട്ടികളും ഇടപെടുന്നു

മുംബൈ: 89-രംഗങ്ങള്‍ നീക്കം ചെയ്‌താല്‍ മാത്രമേ അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന ഉഡ്ത്താ പഞ്ചാബിന് പ്രദര്‍ശനാനുമതി നല്‍കുകയുള്ളൂ എന്ന സെന്‍സര്‍ ബോര്‍ഡിന്‍റെ പിടിവാശി വന്‍വിവാദത്തിലേക്ക്. അനുരാഗ് കശ്യപിനൊപ്പം ഏകതാ കപൂര്‍, വിക്രമാദിത്യ മോട്വാനെ, വിക്രം ബാല്‍ എന്നിവരടങ്ങിയ നിര്‍മ്മാതാക്കളുടെ സംഘം ബോര്‍ഡ് റിവ്യൂ കമ്മറ്റി പാസ്സാക്കിയ ഉത്തരവിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് ബോബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികളും ബോളിവുഡിന് പിന്തുണയുമായി രംഗത്തെത്തിയതോടെ വിഷയം വന്‍വിവാദമായിരിക്കുകയാണ് ഇപ്പോള്‍.

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്ലാജ് നിഹലാനി രൂക്ഷവിമര്‍ശനങ്ങള്‍ നേരിടുകയാണ് ഈ വിഷയത്തില്‍.

പഞ്ചാബിലെ ലഹരി മാഫിയയെക്കുറിച്ചും, യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യണമെങ്കില്‍ പേരില്‍ നിന്ന്‍ “പഞ്ചാബ്” നീക്കണം, നഗരങ്ങള്‍, എം.എല്‍.എമാര്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നത് ഒഴിവാക്കണം, തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യണം എന്നിങ്ങനെ പോകുന്നു സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശങ്ങള്‍.

അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ അകാലിദള്‍-ബിജെപി സഖ്യം ആണു ഭരണത്തില്‍. ഉഡ്ത്താ പഞ്ചാബുമായി ബന്ധപ്പെട്ട സെന്‍സര്‍ഷിപ്പ് വിവാദം ഈ സഖ്യസര്‍ക്കാരിനെതിരെ ഒരു ആയുധമാക്കി ആം ആദ്മി പാര്‍ട്ടിയും, കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ, തനിക്ക് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലെന്നും, ഈ വിവാദം ഒരു രാഷ്ട്രീയ പോരാട്ടമല്ല, മറിച്ച് താനും സെന്‍സര്‍ ബോര്‍ഡുമായുള്ള പോരാട്ടം മാത്രമാണെന്നും പറഞ്ഞ് നിര്‍മ്മാതാവ് അനുരാഗ് കശ്യപ് രംഗത്തെത്തിയത് ആംആദ്മിക്കും, കോണ്‍ഗ്രസ്സിനും തിരിച്ചടിയായി.

ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ ഖാന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ഉഡ്ത്താ പഞ്ചാബ് ജൂണ്‍ 17-നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഉഡ്ത്താ പഞ്ചാബിന്‍റെ മറ്റൊരു പ്രത്യേകത, ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് നമ്മുടെ സ്വന്തം രാജീവ് രവിയാണ് എന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button