KeralaIndiaEast Coast Special

ഈ സാമ്പത്തിക വിപ്ലവത്തില്‍ പങ്കാളികളാകൂ… ഭാരതം ശക്തവും സമ്പന്നവുമാക്കി തീര്‍ക്കാന്‍ നല്ലൊരു നാളേയ്ക്ക് വേണ്ടി പ്രധാനമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരൂ

കേന്ദ്രത്തിന്റെ നോട്ടു പിൻവലിക്കലിന് ശേഷം സാധാരണക്കാരായ ഇടപാടുകാർക്ക് ബാങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഊതിപ്പെരുപ്പിച്ചു കാട്ടാനാണ് ചില മാധ്യമങ്ങളുടെ ശ്രമം. മാധ്യമങ്ങൾ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ചു കാണിക്കുന്നതിനാൽ സാധാരണക്കാർക്ക് പോലും പരിഭ്രാന്തി ഉണ്ടാവുന്നു. മാധ്യമങ്ങൾക്കു ഇതിൽ എന്താണിത്ര താൽപര്യമെന്ന് പരിശോധിച്ചാൽ മനസ്സിലാകുന്നത് മറ്റൊന്നുമല്ല,കോടിക്കണക്കിന് രൂപയുടെ പരസ്യം കൊടുക്കുന്ന ജ്വല്ലറികളും വസ്ത്ര ശാലകളും ഫ്ലാറ്റ് നിര്‍മ്മാതാക്കളും മറ്റും നിലനിൽക്കുന്നത് തന്നെ കള്ളപ്പണത്തിന്റെ കുത്തൊഴുക്കിലാണ്. ഈ കള്ളപ്പണത്തിന്റെ വരവ് തടഞ്ഞാൽ മാധ്യമങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും.അതുകൊണ്ട് തന്നെ അവര്‍ ചെറിയ സംഭവങ്ങളെ പര്‍വ്വതീകരിച്ചു കാണിക്കുന്നു.

നോട്ട് അസാധുവാക്കൽ മരണം നാലായി എന്നൊക്കെ തലക്കെട്ട്‌ കൊടുക്കുമ്പോള്‍ വായിച്ചു നോക്കിയാല്‍ മനസിലാവും മറ്റു പല കാരണങ്ങളാലുള്ള ആത്മഹത്യയോ അല്ലെങ്കില്‍ ഹൃദയാഘാതമോ എന്തെങ്കിലും ആവാം എന്ന്. ഇതൊക്കെ എല്ലാ മേഘലയിലും സംഭവിക്കുന്നതാണ്. ആധാര്‍ കാര്‍ഡിനായി നില്‍ക്കുമ്പോള്‍, ഇലക്ഷന് വോട്ടു ചെയ്യാന്‍ നില്‍ക്കുമ്പോള്‍ അമ്പലത്തിലെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ എന്തിനു മുന്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് നിന്നപ്പോള്‍ പോലും എത്രയോ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനെയൊക്കെ രാഷ്ട്രീയവല്‍ക്കരിക്കുന്നതുമൂലം സാധാരണ പ്രജകളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ലക്‌ഷ്യം.യഥാര്‍ത്ഥത്തില്‍ നോട്ട് നിരോധനം മൂലമുള്ള ഗുണഫലങ്ങള്‍ ഭാവിയില്‍ എങ്ങനെ സാധാരണക്കാരന് ലഭിക്കുമെന്ന് നമുക്ക് പരിശോധിക്കാം,

ഭുമിയുടെയും ഫ്ലാറ്റിന്റെയും വില കുറയും.സെന്റിന് പതിനായിരം രൂപയ്ക്കു കിട്ടിയിരുന്ന ഭൂമി വളരെ പെട്ടെന്നാണ് ഈ കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് അഞ്ചോ പത്തോ ഇരട്ടിയായി വില കൂടിയത്.റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ള കച്ചവടക്കാർ വസ്തുക്കൾ വാരിക്കൂട്ടിയതു കൊണ്ടാണ് ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. ഈ മേഖലയിൽ ഉപയോഗിച്ചത് ഭൂരിഭാഗവും കുഴൽപ്പണവും കള്ളപ്പണവും ആണ്.സാധാരണക്കാരന് ഒരു തുണ്ടു ഭൂമി വാങ്ങാൻ ലക്ഷങ്ങൾ മുടക്കേണ്ടി വന്നതിന്റെ കാരണവും ഈ മാഫിയ തന്നെ.ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ നല്ലൊരു ശതമാനം കുഴല്‍പ്പണ മാഫിയക്കാരെ ഉപയോഗിക്കുന്നുണ്ട്. നേരായ മാര്‍ഗ്ഗങ്ങളെ ഒഴിവാക്കി കുഴല്‍പ്പണക്കാരുടെ സഹായം തേടുന്നവരാണ് ഇക്കൂട്ടല്‍. ഇങ്ങനെ എത്തുന്ന പണമാണ് ഭൂമിയിലും സ്വര്‍ണ്ണത്തിലുമായി നിക്ഷേപിക്കപ്പെടുന്നത്. ഇക്കൂട്ടരാണ് കേരളത്തില്‍ സാധാരണക്കാരന് താമസിക്കാന്‍ കഴിയാത്ത വിധത്തില്‍ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിച്ചത്.കള്ളപ്പണത്തിന്റെ ഒഴുക്ക് നിലക്കുന്നതോടെ വസ്തുക്കൾക്ക് വില കുറയും.ഇതുമൂലം സാധാരണക്കാരന് ഒരു വീടും സ്ഥലവും യാഥാർഥ്യമാകും.

മാളുകളുടെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും വിലകുറയും, തന്മൂലം സാധനങ്ങൾക്കും വിലക്കുറവുണ്ടാകും.ലക്ഷങ്ങളും കോടികളും വാരിയെറിഞ്ഞാണ് പലരും നഗര ഹൃദയങ്ങളിലുള്ള ഷോപ്പിങ്ങ് മാളുകൾ പണിയുന്നതും വൻ വിലയ്ക്ക് വാടകക്ക് കൊടുക്കുന്നതും.അത് മൂലം അവിടെ നിന്ന് ലഭിക്കുന്ന സാധനങ്ങളുടേയും സർവ്വീസുകളുടേയും വിലകൂറയും കുറച്ചേ പറ്റൂ.സാധാരണ ഒരു കടയിൽ 7രൂപക്ക് കിട്ടുന്ന ഒരു കപ്പ് ചായ 20 രൂപയായും 150 രൂപയായും വളരുന്നത് ഇതേ മാൾ സംസ്കാരമാണ്.

ഇപ്പോൾ നോട്ട് നിരോധനത്തില്‍ ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നത് കള്ളപ്പണക്കാരും കുഴല്‍പ്പണക്കാരും അടങ്ങുന്ന ഒരു കൂട്ടരാണ്.സ്വന്തം ആസ്തിയും പക്കലുള്ള പണവും വെളിപ്പെടുത്താതെ പൂഴ്ത്തിവെക്കുന്ന മലയാളികളുടെ ചില പ്രവണത തന്നെയാണ് നോട്ട് നിരോധനത്തിലൂടെ പുറത്തുവന്നത്.തങ്ങൾ രഹസ്യമായി പൂഴ്ത്തിവെച്ചതൊക്കെ ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെടുമ്പോഴുള്ള വിഭ്രാന്തിയിൽ ആണ് കള്ളപ്പണക്കാർ വലിയ ഭീകരാവസ്ഥ നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായി എന്ന പ്രതീതി സൃഷ്ടിക്കുന്നത് .

ഭീകരവാദത്തിന് ഉപയോഗിക്കുന്നതും നല്ലൊരു ശതമാനം കള്ളപ്പണം ആണ്. ഈ എടുത്ത കാലത്തു ഒരു ബിജെപി നേതാവിന്റെ പ്രസ്താവനയിൽ മാൽഡയിൽ ഉണ്ടായ കലാപം ആരും മറന്നിട്ടുണ്ടാവാനിടയില്ല. ഒരു മാപ്പു പറച്ചിലിൽ കൂടി തീരേണ്ട, അല്ലെങ്കിൽ കേസ് എടുത്തു ജയിലിൽ ആയപ്പോൾ തീരേണ്ട പ്രശ്നത്തെ ഊതിപ്പെരുപ്പിച്ചു വൻ കലാപം ഉണ്ടാക്കിയത് കള്ളപ്പണം താന്നെയാണ് എന്നതിന്റെ തെളിവുകളും പുറത്തുവന്നു.നോട്ടു നീരോധനത്തിലൂടെ കുലത്തൊഴിലെന്ന പോലെ കള്ളനോട്ട് കടത്തല്‍ പതിവാക്കിയ മാല്‍ഡ ഗ്രാമത്തിലെ യുവാക്കള്‍ ഒരു ദിവസം കൊണ്ടാണ് തൊഴില്‍ രഹിതരായത്. മാല്‍ഡക്കാരുടെ കൈകളിലൂടെ മറിഞ്ഞ് ഇങ്ങ് കേരളംവരെ ഇഷ്ടംപോലെ എത്തിയിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകൾ ഒറ്റയടിക്കാണ് നിന്ന് പോയത്.കള്ളനോട്ടുകള്‍ അച്ചടിച്ച്‌ ഇന്ത്യയിലേക്ക് കടത്തുന്നതിന് വന്‍ ലോബി തന്നെ ബംഗ്ലാദേശിലും പാക്കിസ്ഥാനിലുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.ഇത്തരത്തില്‍ അതിര്‍ത്തി കടത്തുന്ന കള്ള നോട്ടുകള്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് രംഗത്താണ് കൂടുതലും ചെലവിടുന്നതെന്നാണ് സൂചനകള്‍. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി മാല്‍ഡ മേഖലയില്‍ നിന്നുമാത്രം കള്ളനോട്ട് കടത്തിയതിന് പിടിയിലായത് 150ല്‍പ്പരം പേരാണ്.

സ്വർണ്ണവിലയിലും ഇടിവുണ്ടാകുമെന്ന് കരുതാം പക്ഷേ സ്വർണ്ണ വിപണി നിയന്ത്രിക്കുന്നത് അന്താരാഷ്ടമാർക്കറ്റാണെന്നതിനാൽ ഇതിൽ വലിയ പ്രതീക്ഷ വേണ്ട എന്നിരുന്നാലും ഏറ്റവും വലിയ വിപണി ഇൻഡ്യയായത് കൊണ്ട് ഉപഭോഗം കുറഞ്ഞാൽ വിലയിൽ മാറ്റം വരാതെ തരമില്ല.
ഇതൊന്നും മനസ്സിലാക്കാതെ പത്തോ പതിനഞ്ചോ ദിവസത്തെ ചില Q കളേയും മറ്റ് ചില ബുദ്ധിമുട്ടുകളേയും വലിയ ട്രോളുകളായും അംബാനി, അദാനി എന്നൊക്കെ പറഞ്ഞ് സാധാരണ ജനങ്ങളെ പറ്റിക്കാമെന്നല്ലാതെ ഇതൊക്കെ ഒരു സാമ്പത്തിക വിപ്ലവമാണെന്ന് മനസ്സിലാക്കി രാജ്യ നന്മയ്ക്ക് വേണ്ടി രാഷ്ട്രീയം മറന്ന് ഒന്നിക്കുകയാണ് ഇന്നിന്റെ കർത്തവ്യം എന്ന് മനസ്സിലാക്കുക ഒരോ ഭാരതീയനും. അന്യസംസ്ഥാന തൊഴിലാളികളുടെ അക്കൗണ്ടുകള്‍ വഴി തൊഴില്‍ സ്ഥാപന ഉടമകളും റിയല്‍ എസ്റ്റേറ്റ് മാഫിയയും കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു.

പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം നീക്കത്തിലൂടെ ഇവരുടെ അക്കൗണ്ടുകള്‍ വഴി കോടികളുടെ ഇടപാടുകള്‍ നടന്നതായിട്ടാണ് പുറത്തുവരുന്നത്. ഇവിടത്തെ മിക്ക ബാങ്കുകളിലും പണം മാറുന്നതിനുള്ള ക്യൂവില്‍ അന്യസംസ്ഥാനതൊഴിലാളികളുടെ സജീവസാന്നിദ്ധ്യമുണ്ട്. ഇവര്‍ പതിനായിരങ്ങള്‍ ബാങ്കില്‍ നിന്നും മാറുന്നതും കാണാം. തിരിച്ചിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഇവരുടെ കൈളില്‍ നിന്നും നിരവധിപേര്‍ പണം ഏറ്റുവാങ്ങുന്നതും ബാങ്കുപരിസരങ്ങളിലെ സ്ഥിരം കാഴ്ചയായിട്ടുണ്ട്.ഇങ്ങനെ അനാവശ്യ ക്യൂ നിർമ്മിക്കുന്നതും കള്ളപ്പണക്കാർ തന്നെ.

ഇപ്പോഴത്തെ ചെറിയ പ്രയാസങ്ങൾ നാളെയിലേക്കുള്ള വലിയ ഒരു നന്മയെയാണ് നമുക്ക് വഴി തുറക്കുന്നത്. കള്ളപ്പണക്കാർക്കെതിരെ ഇത്തരം ശക്തമായ നടപടി എടുത്തതുമൂലം രാജ്യനന്മക്കായി അടിത്തറയിട്ട പ്രധാനമന്ത്രിയുടെ കരങ്ങൾക്ക് ശക്തിപകരാൻ ഒരു ഭാരത പൗരൻ എന്ന നിലയിൽ നാമോരോരുത്തരും പിന്തുണ നല്‍കുകയും അദ്ദേഹത്തിന്‍റെ ഈ സംരംഭത്തെ അംഗീകരിക്കുകയും വേണം. ഇന്നത്തെ ചെറിയ ബുദ്ധിമുട്ടുകള്‍ നാളത്തെ വലിയ സന്തോഷങ്ങള്‍ക്കിട നല്‍കുമെങ്കില്‍ അതല്ലേ നല്ലത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button