KeralaNews

അസഹിഷ്ണുതക്കാർ  വീണ്ടും തലപൊക്കുമ്പോള്‍

അമ്പതു ദിവസത്തിലേറെയായി മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചിരുന്ന എം.ടി ഇടതുപക്ഷത്തിന്റെ വക്താവാകുന്നതിന്റെ പൊരുത്തക്കേടിനെക്കുറിച്ച് പി.ആര്‍ രാജ് എഴുതുന്നു
കേരളം ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരനും ചലച്ചിത്രകാരനുമാണ് എം.ടി വാസുദേവന്‍നായര്‍. രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തിന്റെ വായനക്കാരായും ആസ്വാദകരായും ഒട്ടനവധിപേര്‍ ഈ മലയാളക്കരയിലുണ്ട്. എന്നാല്‍ ഒരു സാഹിത്യകാരന്‍ എന്ന നിലയില്‍ എത്രയോ കാലങ്ങള്‍കൊണ്ട് ആര്‍ജിച്ചെടുത്ത സാമൂഹ്യ ബഹുമാനത്തെ തീരെ അവമതിക്കുന്ന പ്രസ്താവനയാണ് ധനമന്ത്രി തോമസ് ഐസകിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ എം.ടി നടത്തിയതെന്നു പറയാതെ വയ്യ. കേരളത്തിലെ ഒരു പൊതു ഫിഗര്‍ എന്ന നിലയില്‍നിന്നും ഒരു ഇടതുപക്ഷ സൈദ്ധാന്തികനായി സ്വയം ചെറുതാകുന്ന അവസ്ഥയിലേക്ക് എം.ടി മാറുകയായിരുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇവിടത്തെ ഭരണകൂടങ്ങളെ വിമര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ വിമര്‍ശിക്കുന്നവരുടെ അഭിപ്രായം ഒരു പൊതുസമൂഹം ചെവികൊള്ളാനിടയുണ്ട് എന്നിരിക്കേ, ആ വിമര്‍ശകര്‍ സ്വയം പാകതയും പക്വതയും അത്തരം വിമര്‍ശനാഭിപ്രായങ്ങളില്‍ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ കാലം തെറ്റിയുള്ള കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനത്തിലൂടെ കാലങ്ങളായി താന്‍ ആര്‍ജിച്ചെടുത്ത നിക്ഷ്പക്ഷതയെയാണ് എം.ടി കളഞ്ഞുകുളിച്ചിരിക്കുന്നത്.
തുഗ്ലക്കിനെപ്പോലെ കൊട്ടാരം മാറ്റാനല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്ന് എം.ടി മനസിലാക്കണമെന്ന് ആദ്യം തന്നെ പറയട്ടെ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതുവഴി രാജ്യത്ത് പ്രചരിപ്പിച്ചിരുന്ന കള്ളപ്പണത്തിന്റെയും വ്യാജനോട്ടുകളുടെയും പ്രചാരകന്‍മാരുടെ ഉച്ചിയില്‍ അടിക്കാനും രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ സംരക്ഷിച്ചുനിര്‍ത്താനും കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞുവെന്ന കാര്യം എം.ടി ബോധപൂര്‍വം വിസ്മരിച്ചതാണോ? എന്തായാലും യൂറോപ്പിലും ആഫ്രിക്കയിലും സംഭവിച്ചുവെന്നു അദ്ദേഹം ആശങ്കപ്പെടുന്ന തകര്‍ച്ച ഇന്ത്യയില്‍ ഉണ്ടാകില്ല. പാകിസ്ഥാന്‍ അടക്കം വിദേശരാജ്യങ്ങളില്‍ അച്ചടിച്ച് ഇന്ത്യയില്‍ എത്തിച്ച് തീവ്രവാദത്തിനടക്കം വ്യാപകമായി പ്രചരിപ്പിച്ചിരുന്ന കള്ളനോട്ടുകള്‍ക്കു അറുതിയായിരിക്കുന്നു. കള്ളപ്പണമായി പൂഴ്ത്തിവച്ചിരുന്ന ഭൂരിഭാഗം പേരും ആ തുക ബാങ്കില്‍ നിക്ഷേപിക്കുകവഴി ടാക്‌സ് ഇനത്തില്‍ രാജ്യത്തെ ഖജനാവിനു കോടികള്‍ വരുമാനമായി ലഭിച്ചിരിക്കുന്നു. ജനസേവനത്തിനു നിരവധി ജനകീയ സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിനു ഇതിനു ചെലവഴിക്കാനുള്ള പണം ജനങ്ങള്‍ക്ക് എത്തിക്കാന്‍ ഈ തുക ഉപയുക്തമാകും എന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. കറന്‍സി നിയന്ത്രണം ആര്‍ജവമുള്ള ഒരു ഭരണാധികാരിക്കു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. അത് വ്യക്തിപരമായ നേട്ടത്തിനുപരിയായി രാജ്യത്തിന്റെ പുരോഗതി ലക്ഷ്യം കാണുന്നവര്‍ക്കു മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ. വികസിതരാജ്യങ്ങള്‍ക്ക് ഒപ്പമെത്താനുള്ള ഇന്ത്യയുടെ പ്രയാണത്തില്‍ ചില സ്വയം ശുദ്ധീകരണങ്ങള്‍ അനിവാര്യമാണ്. അതിനുള്ള മുന്നൊരുക്കങ്ങളില്‍ ഒന്നായി മാത്രം കറന്‍സി നിയന്ത്രണത്തെ കണ്ടാല്‍ മതി. ഇനിയും നാളുകള്‍ ബാക്കിയുണ്ടല്ലോ. കേവലം ദിവസങ്ങള്‍ നീണ്ട ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ക്കപ്പുറം ഇന്ന് രാജ്യത്തെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ഏതാണ്ട് പഴയതുപോലെ ആയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് എം.ടി വാസുദേവന്‍നായര്‍ എത്തിയിരിക്കുന്നത്.
ഏതായാലും എം.ടി വാസുദേവന്‍നായരെപ്പോലെ, ഒരു സാമാന്യ ജനവിഭാഗത്തെ ഒരു പരിധിവരെയെങ്കിലും സ്വാധീനിക്കാന്‍ കഴിവുള്ള, അഭിപ്രായം പറഞ്ഞാല്‍ പത്തുപേര്‍ ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വത്തില്‍നിന്നു ഉയര്‍ന്ന അഭിപ്രായ പ്രകടനം തീര്‍ച്ചയായും അദ്ദേഹത്തിന്റെ അസഹിഷ്ണുത തന്നെയാണ് വ്യക്തമാക്കുന്നത്. എം.ടിയുടെ പ്രശസ്തിയിലോ ജനകീയ, ആസ്വാദക അംഗീകാരത്തിലോ യാതൊരു തര്‍ക്കവുമില്ല. പക്ഷേ കാലം തെറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം തീര്‍ച്ചയായും അസഹിഷ്ണുത നിറഞ്ഞ ഒരു മനസ്സില്‍നിന്നു വന്നതാണെന്നതില്‍ തര്‍ക്കമില്ല. കറന്‍സി നിയന്ത്രണം ഒന്നര മാസം പിന്നിടുമ്പോള്‍ ഇതുവരെ ഒരിടത്തുപോലും അതുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍നായര്‍ അഭിപ്രായം പറഞ്ഞതായി കേട്ടിട്ടില്ല. ആദ്യഘട്ടങ്ങളില്‍ ഒരു പരിധിവരെ എങ്കിലും ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടായി എന്നരീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചിരുന്ന എം.ടി ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ വേദിയില്‍ അഭിപ്രായം പറയുമ്പോള്‍ അതില്‍ രാഷ്ട്രീയം മാത്രമേ ദര്‍ശിക്കാന്‍ കഴിയൂ. സാമ്പത്തിക ക്രയവിക്രയങ്ങള്‍ സാധാരണപോലെ നടക്കുകയും കേന്ദ്രസര്‍ക്കാരിന്റെ ധീരമായ തീരുമാനത്തെ ജനം അംഗീകരിക്കുകയും താല്‍കാലിക ബുദ്ധിമുട്ടുകളുമായി പൊരുത്തപ്പെട്ട് തിരിച്ചുവരികയും ചെയ്യുമ്പോള്‍, ദിവസങ്ങള്‍ ഏറെ വൈകി എം.ടി നടത്തിയ വാചകപ്രസംഗം ആരെ തൃപ്തിപ്പെടുത്താനാണ് എന്നു പച്ചവെള്ളം കുടിക്കുന്ന എല്ലാവര്‍ക്കും മനസിലാകും. കുറച്ചുനാളുകളായി വാര്‍ത്തകളിലൊന്നും എം.ടി ഉണ്ടായിരുന്നില്ല. ഇനി ജീവിതത്തിന്റെ സായംകാലത്ത് വീണ്ടും മാധ്യമവെളിച്ചത്തിലേക്ക് ഇറങ്ങിചെല്ലാനുള്ള പൂതികൊണ്ട് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം ഉന്നയിച്ചതാണോ എന്ന സംശയവും കൂട്ടിച്ചേര്‍ക്കട്ടെ.
വീണിടം വിഷ്ണുലോകമെന്നു കരുതുന്ന ആളാണ് ധനമന്ത്രി ഡോ.തോമസ് ഐസക്. കറന്‍സി നിയന്ത്രണം പ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ പരിഹാര നടപടികളിലേക്കു തിരിഞ്ഞപ്പോള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്താനും ട്രഷറികളിലും ബാങ്ക് എ.ടി.എമ്മുകളിലും ചാനലുകളെക്കൂട്ടി പര്യടനം നടത്തി കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനും എരിതീയില്‍ എണ്ണയൊഴിക്കാനുമാണ് തോമസ് ഐസക് ശ്രമിച്ചത്. ആദ്യഘട്ടത്തില്‍ കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തില്‍ സര്‍ക്കാരിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സംസ്ഥാനത്തെ പ്രതിപക്ഷത്തിനുപോലും ഐസകിന്റെ ഷൈനിങ് ഇഫക്ടിനെ തുടര്‍ന്നു പിന്തുണ പിന്‍വലിക്കേണ്ടിവന്നതും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഐസകിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചതും കേരളം കണ്ടതാണ്. ഒടുവില്‍ അതേ സാഹചര്യം മറ്റൊരു രീതിയില്‍ മുതലെടുക്കാനാണ് കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും എന്നപേരില്‍ പുസ്തകമെഴുതി പ്രകാശനം ചെയ്യാന്‍ തോമസ് ഐസക് തയ്യാറായത്. എം.ടി വാസുദേവന്‍നായരെപ്പോലെ ഒരു എഴുത്തുകാരനെ പ്രകാശനത്തിനു ക്ഷണിക്കുമ്പോള്‍, അദ്ദേഹത്തിനു പുസ്തകത്തെയും എഴുത്തുകാരനെയും കുറിച്ച് രണ്ടുവരി പുകഴ്ത്തി പറയേണ്ടിവരിക സ്വാഭാവികം. അതിലൂടെ വാര്‍ത്തകളില്‍ നിറയുന്ന പബ്ലിസിറ്റി പ്രസ്തുത പുസ്തകത്തിന്റെ പ്രസാധകരും എഴുത്തുകാരനും നോട്ടമിട്ടിരിക്കാമെന്നതും മറ്റൊരു വസ്തുത.
ഇന്ത്യ ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. രാജ്യത്തുണ്ടാകുന്ന മാറ്റം ഇവിടത്തെ ആസ്ഥാന സാഹിത്യനായകന്‍മാരും തിരിച്ചറിയേണ്ടതുണ്ട്. കാല്‍പനികതയുടെ കഥാലോകത്തുനിന്നും സാങ്കേതികതയുടെ യാഥാര്‍ഥ്യങ്ങളിലേക്ക് മടങ്ങുമ്പോള്‍ മാത്രമേ പുതിയകാലത്തെക്കുറിച്ചുള്ള അറിവ് എഴുത്തുകാര്‍ക്കും ലഭിക്കുകയുള്ളൂ. കേരളത്തില്‍ എത്രയെത്ര രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് അരങ്ങേറുന്നത്. ഇതില്‍ ഒരെണ്ണത്തെപ്പോലും അപലപിച്ച് എം.ടി വാസുദേവന്‍നായര്‍ ഒരു ചെറുവാചകം പോലും പറഞ്ഞതായി ഓര്‍മയില്ല. ടി.പി ചന്ദ്രശേഖരന്‍ എന്ന ധീരനായ രാഷ്ട്രീയകാരന്‍ കൊല്ലപ്പെട്ടത് എം.ടിയുടെ സ്വന്തം ജില്ലയില്‍ തന്നെ ആയിരുന്നില്ലേ? എം.ടി ഒരു എഴുത്തുകാരനാണ്. അഭിപ്രായം പറഞ്ഞാല്‍ പൊതുസമൂഹം ശ്രവിക്കുന്നതുമാണ്. ആ പൊതുസമൂഹത്തില്‍ ഇടതുപക്ഷത്തിന്റെ കൈയ്യടിക്കാര്‍ മാത്രമല്ല ഉള്ളത് എന്ന് അദ്ദേഹം വൈകിയെങ്കിലും തിരിച്ചറിയണം. അതുകൊണ്ടുതന്നെ രാഷ്ട്രീയ വിവേചനമില്ലാത്ത നിലപാടുകളാണ് അദ്ദേഹത്തില്‍നിന്നും പ്രതീക്ഷിക്കുന്നതെന്നും ഓര്‍മപ്പെടുത്തട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button