Latest NewsNewsGulf

റണ്‍വേയ്ക്ക് പകരം ടാക്‌സിവേയില്‍ നിന്ന് വിമാനം പറന്നുപൊങ്ങി; റിപ്പോര്‍ട്ട് പുറത്ത്

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തെറ്റായ രീതിയില്‍ പാക്കിസ്ഥാന്‍ വിമാനം പറന്നുയര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.

2015 സെപ്റ്റംബര്‍ 24 ന് ഉണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞമാസം 25 നാണ് പുറത്തുവന്നത്. സംഭവമുണ്ടായി നാലുദിവസത്തിനുശേഷമാണ് അന്വേഷണം ആരംഭിച്ചതെന്നതിനാല്‍ വിമാനത്തില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റ് അടക്കമുള്ള ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

പാക്കിസ്ഥാന്റെ ഷഹീന്‍ എയര്‍ ഇന്റര്‍നാഷണലിന്റെ പാസഞ്ചര്‍ വിമാനമായ ഫ്‌ലൈറ്റ് നമ്പര്‍ എസ് എ 1791 ബോയിംഗ് 734 -400 എയര്‍ക്രാഫ്റ്റ് ആണ് വന്‍ദുരന്തത്തിന് കാരണമാകുമായിരുന്ന വിധത്തില്‍ ടാക്‌സിവേയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്.

ഈ വിമാനത്തിന് 30 ാം നമ്പര്‍ റണ്‍വേയാണ് പറന്നുയരാനായി നല്‍കിയിരുന്നത്. എന്നാല്‍ വിമാനം സമീപത്തെ സമാന്തര ടാക്‌സിവേയായ ബ്രാവോയിലൂടെ ഓടി ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.

എയര്‍ക്രാഫ്റ്റ് ഫ്‌ലൈറ്റ് ഡാറ്റ, എയര്‍ട്രാഫിക് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയെ ആശ്രയിച്ചാണ് അന്വേഷണം നടത്തിയത്. പറന്നുയരാന്‍ അനുമതി കിട്ടിയ വിമാനം ടാക്‌സിവേയിലേക്ക് തിരിയുകയും ഇവിടെ ഓടി പറന്നുയരുകയുമായിരുന്നു.

ടാക്‌സിവേയിലൂടെയാണ് വിമാനം ഓടാന്‍ തുടങ്ങിയതെന്ന് എയര്‍ട്രാഫിക് കണ്‍ട്രോളര്‍ക്ക് മനസിലായെങ്കിലും വിമാനം നിര്‍ത്താന്‍ ഇദ്ദേഹം നിര്‍ദേശിച്ചില്ല. വിമാനം അതിനകം ടേക്ക് ഓഫിനുള്ള ഓട്ടത്തില്‍ നല്ലവേഗം കൈവരിച്ചിരിക്കാമെന്ന് കണക്കുകൂട്ടിയതിനാലാണ് വിമാനം നിര്‍ത്താന്‍ ആവശ്യപ്പെടാതിരുന്നത്. വിമാനം പറന്നുതുടങ്ങിയശേഷവും വിമാനത്തില്‍ നിന്ന് തെറ്റായ പാതയിലൂടെ ടേക്ക് ഓഫ് ചെയ്തതിനെ കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. പിന്നീട് വിമാനം സാധാരണപോലെ പാക്കിസ്ഥാന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയും ചെയ്തു. സംഭവം നടന്ന് അഞ്ചുദിവസത്തിനുശേഷമാണ് വിമാനത്തിന്റെ ക്യാപ്റ്റന്‍, എയര്‍ക്രാഫ്റ്റ് ഓപ്പറേറ്ററില്‍ നിന്ന് അപകടത്തെക്കുറിച്ച് അറിഞ്ഞതുതന്നെ.

shortlink

Post Your Comments


Back to top button