CinemaGeneralIndian CinemaMollywoodNEWS

മുസ്ലീമായി പിറന്നു, ക്രിസ്ത്യാനിയെ കല്യാണം കഴിച്ചു, ഹൈന്ദവ ചിന്തകളിലൂടെ ഒരു മനുഷ്യനായി ജീവിക്കുന്നു; അലി അക്ബറിന്‍റെ ഹൃദയസ്പര്‍ശിയായ ലേഖനം

ഒരുപാട് കാലം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച സംവിധായകന്‍ അലി അക്ബര്‍ ബിജെപിയിലേക്ക് മാറിയതിന്റെ കാരണം വെളിപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റുകളുടെ യഥാര്‍ത്ഥ മുഖം മനസ്സിലാക്കിയതിന് ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് തന്‍റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വെളിപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റുകള്‍ വിശ്വാസികളുടെ അന്തകരാണെന്നും അലി കുറിക്കുന്നു. കൂടാതെ ചലച്ചിത്ര ലോകത്തില്‍ ബി ഉണ്ണീകൃഷ്ണന്റെയും, സിബി മലയിന്റെയും, മറ്റും തിട്ടൂരത്തിനു വഴങ്ങാതെ ഇന്നും ആണായി തന്നെ താന്‍ ജീവിതത്തെ നേരിടുന്നുവെന്നും ഇന്നും സിനിമക്കാരനായി സിനിമ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. തന്റെ സിനിമ അതെത്ര പേര്‍ കാണുന്നു എന്നത് എനിക്ക് പ്രശ്‌നമല്ല. ഈ രാജ്യത്തിന്റ പൂര്‍വ്വസംസ്‌കൃതിയെ സ്‌നേഹിക്കുന്നവനാണ് ഞാന്‍, കമ്യൂണിസ്റ്റ് കാരെപ്പോലെ ഗീത, രാമായണം ഇതൊന്നും വായിക്കാതെ പരിഹസിച്ചു ചിരിക്കാന്‍ തനിക്കാവില്ലയെന്നും അലി അക്ബര്‍ പറയുന്നു.

അലി അക്ബറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ സമീപ കാല രാഷ്ട്രീയം വച്ച് എന്നെ ഒരു സംഘി എന്ന് വിളിക്കുന്നവര്‍ ഒരുപാട് പേരുണ്ട്, അതില്‍ സന്തോഷമേയുള്ളൂ, ബിജെപി എന്ന രാഷ്ട്രീയ പാതയിലേക്ക് ഞാന്‍ വന്നത് സമീപകാലത്താണ്, ഞാന്‍ എന്റെ നല്ല സമയം മുഴുവന്‍ ചിലവഴിച്ചത് കമ്മ്യൂണിസ്റ്റ് ആശങ്ങള്‍ക്ക് വേണ്ടിയായിരുന്നു, എന്നാല്‍ കമ്മ്യൂണിസ്റ്റ്കളുടെ യഥാര്‍ത്ഥ മുഖം ഞാന്‍ തിരിച്ചറിയുന്നത് എന്റെ തിരുവനന്തപുരത്തെ ജീവിതത്തിനിടയിലാണ് പ്രത്യേകിച്ച് കേരളാ ഡയറി എന്ന ദൂരദര്‍ശന്‍ പ്രോഗ്രാം ചെയ്യുന്ന കാലത്ത്, കൂടാതെ എന്റെ ആദ്യകാല സിനിമാ ജീവിതത്തിനിടയില്‍ കമ്മ്യൂണിസ്റ്റുകളില്‍ നിന്നും ഞാന്‍ നേരിട്ട അനുഭവങ്ങളില്‍ നിന്നും, എങ്കിലും മനസ്സ് ശ്രീനിവാസന്‍ പറഞ്ഞപോലെ ഒരു ക്യുബ മുകുന്ദന്‍ ആയിരുന്നു.

അന്നേ മതപരമായ കാര്യങ്ങളില്‍ സമഭാവന എന്ന രീതിയില്‍ തന്നെയായിരുന്നു കാഴ്ച്ചപ്പാട്, തികഞ്ഞ ഈശ്വര വിശ്വാസി ക്ഷേത്രം, പള്ളി, ചര്‍ച്ച്, എല്ലായിടത്തും പോകും, എല്ലായിടത്തും ഒരൊറ്റ ദൈവത്തെ കണ്ടു. ക്രിസ്ത്യാനിയായ ലൂസിയമ്മയേ വിവാഹം കഴിച്ചു, അവളെ മതം മാറ്റാതെ കൊണ്ടുനടന്നു, അവളുടെ കുടുംബത്തില്‍ മുസ്ലിം ആയി തന്നെ ഇന്നും ഞാന്‍ സ്വീകാര്യനാണ്, എന്റെ ഭാര്യാപിതാവ് ഒരു പക്ഷെ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ മനുഷ്യസ്‌നേഹി എന്ന് ഞാന്‍ പറയും.പള്ളിയില്‍ നടന്ന ചടങ്ങില്‍ പോലും ഇത് എന്റെ മരുമകന്‍ അലി അക്ബര്‍ എന്ന് അഭിമാനത്തോടെ വികാരിയെയും മറ്റും പരിചയപ്പെടുത്തുമ്പോള്‍ ഞാന്‍ തന്നെ അത്ഭുതപെട്ടിട്ടുണ്ട്, അതുപോലെ തന്നെ എന്റെ ഭാര്യമാതാവ് എന്നെ വിളിച്ചിരുന്നത് അലിമോനെ എന്നാണ് ഇരുവരും ഇന്ന് ജീവിച്ചിരിപ്പില്ല, ഇന്നും ക്രിസ്ത്യാനികളായ എന്റെ ഭാര്യാ കുടുംബത്തിന് ഞാന്‍ പ്രിയങ്കരനാണ് അവരില്‍ ജഡ്ജി മുതല്‍ അറിയപ്പെടുന്ന മീഡിയ പ്രവര്‍ത്തകര്‍ വരെയുണ്ട്, അവരൊക്കെ എന്നെ വിളിക്കുന്നത് അലി പാപ്പന്‍ എന്നാണ്.

29 വര്‍ഷം മുമ്പ് എന്റെ ആദ്യ മകള്‍ക്കിട്ട പേര് അശ്വതി എന്നാണ് (അന്നേ സംഘി അല്ലേ ) ഞാന്‍ അക്കാലത്ത് തന്നെ ഖുറാനും ബൈബിളും വായിച്ചിരുന്നു, അതിലെ നല്ലതും ചീത്തയും തിരിച്ചറിഞ്ഞു തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു, ഹൈന്ദവ വിശ്വാസ ളെക്കുറിച്ച് ചെറിയ അറിവും. 2004ല്‍ ആണ് ശ്രീ. എകെബി നായരുടെ കീഴില്‍ ഭഗവത് ഗീത പഠിക്കുന്നത്, സത്യം പറയാലോ അത് വരെ ഞാന്‍ പഠിച്ചത് മതഗ്രന്ഥങ്ങള്‍ ആയിരുന്നെങ്കില്‍ ഗീത എന്ന മാനവ ഗ്രന്ഥത്തെ അന്നാണ് ഞാന്‍ അറിയുന്നത് ഗീത എന്നെ ഉപദേശിച്ചത് ഒരു ഹിന്ദുആവാനല്ല ഒരു നല്ല മുസല്‍മാന്‍ ആവാനാണ്. നീ നിന്റെ കുലധര്‍മ്മം പാലിക്കൂ എന്ന് പറഞ്ഞത് ഗീതയാണ്.ഏക ദൈവം എന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചതും ഗീതയാണ്. ഒരു വ്യക്തി വ്യക്തിത്വം മനസ് മൂന്നു ഗുണങ്ങള്‍ എങ്ങിനെ ജീവിതത്തെ നിയന്ത്രിക്കാം ദൈവം ഒരു പോലിസല്ലെന്നും സ്‌നേഹിച്ചു പതം വരുത്തുന്ന ശക്തിയാണെന്നും ഞാന്‍ അറിഞ്ഞു, ഇന്നെനിക്കു എന്റെ ദൈവം സ്‌നേഹിതനാണ് ഞങ്ങള്‍ക്ക് പരസ്പരം കുശലം പറയാം കലഹിക്കാം, ഞങ്ങള്‍ക്കിടയില്‍ ഭീഷണികളില്ല, എന്റെ തെറ്റുകള്‍ ഓരോ ദിവസവും ഞാന്‍ അദ്ദേഹത്തോട് പറയും,അദ്ദേഹം എന്നെ വഴക്ക് പറയും, ഞാനതു കേള്‍ക്കും. എന്നെ സംബന്ധിച്ചേടത്തോളം എല്ലാ ബലഹീനതകളുമുള്ള ഒരു സാധാരണ വ്യക്തിയാണു ഞാന്‍, ഒപ്പം ലഭിക്കുന്ന അറിവുകള്‍ ജീവിതത്തില്‍ പ്രാക്ടിക്കലായി പകര്‍ത്താനും ശ്രമിച്ചിട്ടുണ്ട്, അഥവാ പ്രസംഗമല്ല പ്രവൃത്തി തന്നെയാണ് ജീവിതം എന്ന അര്‍ത്ഥത്തില്‍ 10%മെങ്കിലും ജീവിതത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്.

ചലച്ചിത്ര ലോകത്തില്‍ ബി ഉണ്ണീകൃഷ്ണന്റെയും, സിബി മലയിന്റെയും, മറ്റും തിട്ടൂരത്തിനു വഴങ്ങാതെ ഇന്നും ആണായി തന്നെ ജീവിതത്തെ നേരിടുന്നു. ഇന്നും സിനിമക്കാരനായി സിനിമ ഉണ്ടാക്കുന്നു.അതെത്ര പേര്‍ കാണുന്നു എന്നത് എനിക്ക് പ്രശ്‌നമല്ല. ഈ രാജ്യത്തിന്റ പൂര്‍വ്വസംസ്‌കൃതിയെ സ്‌നേഹിക്കുന്നവനാണ് ഞാന്‍, കമ്യൂണിസ്റ്റ് കാരെപ്പോലെ ഗീത, രാമായണം ഇതൊന്നും വായിക്കാതെ പരിഹസിച്ചു ചിരിക്കാന്‍ എനിക്കാവില്ല, കാരണം ഞാനതു വായിച്ച് പോയി,നേരത്തെ പറഞ്ഞത് പോലെ ബൈബിളും ഖുറാനും വായിച്ചു. ഇതിന്റെഎല്ലാം അന്തര്‍ധാര എന്താണെന്നു അറിയുകയും ചെയ്തു. എന്റെ മതത്തെ നിയന്ദ്രിക്കുന്ന നേതൃത്വം അവരുടെ രാഷ്ട്രീയ അജണ്ടകള്‍ അഥവാ കച്ചവട അജണ്ടകള്‍ കൃത്യമായി എനിക്കറിയാം, മറ്റു മതക്കാരെ ക്കുറിച്ച് അവര്‍ പറയട്ടെ.ഭരണഘടന നല്‍കിയ ആനുകൂല്യങ്ങള്‍ കൈപ്പറ്റി വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന ഇക്കൂട്ടര്‍ നടത്തുന്ന കൊള്ളയ്ക്ക്മുന്‍പില്‍ എന്റെ മകളുടെ കണ്ണില്‍ നിന്നും ഉതിര്‍ന്നു വീണ കണ്ണീര്‍ നിസ്സഹായതയോടെ ഞാന്‍ നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട്, അന്നൊരായിരം വട്ടം മനസ്സ് പറഞ്ഞിട്ടുണ്ട് ഒരിന്ത്യ ഒരൊറ്റ നിയമം ദരിദ്രന് സംവരണം എന്ന്. ഇപ്പോഴും അത് തന്നെ പറയുന്നു, കഴിഞ്ഞ മാസം എന്റെ കൂട്ടകാരന്റ മകള്‍ ഒരു എല്‍പി സ്‌കൂളില്‍ ജോലിക്ക് ഇന്റര്‍വ്യൂവിനു ചെന്നപ്പോള്‍ 1500000 രൂപയാണു കൈക്കൂലി ആവശ്യപ്പെട്ടത്. ഈ സ്ഥാപനങ്ങളില്‍ ശമ്പളം കൊടുക്കുന്നത് സര്‍ക്കാരും.ഇതൊന്നും കണ്ടില്ല എന്ന് നടിക്കാന്‍ പറ്റുന്നില്ല.അന്യന്റെ ഒരു പൈസ അര്‍ഹതപ്പെടാതെ വാങ്ങരുത് എന്ന് മതം, അതിന്റെ കൊമ്പത്തിരിക്കുന്നവരാണ് ഈ പെലയാടിത്തരം കാട്ടുന്നത്. എന്നിട്ട് അവര്‍ തന്നെ അടുത്ത ദിവസം മൂരിയിറച്ചി തിന്നാന്‍ മതത്തെ പൊക്കി സമരം.,എനിക്ക് ബ്രാഹ്മണരായ കുറച്ചു സുഹൃത്തുക്കള്‍ തിരുവനന്തപുരത്തുണ്ടായിരുന്നു നല്ല വിദ്യാഭ്യാസമുള്ളവര്‍ അവര്‍ പലപ്പോഴും പറയുമായിരുന്നു ഒരു ചണ്ഡാളനായി ജനിച്ചാല്‍ മതിയായിരുന്നു എന്ന്, കണ്‍മുന്നില്‍ ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ എങ്ങിനെ ഒരു പക്ഷം നില്‍ക്കാനാവും.മതമല്ല മാനവികത വേണമെന്നല്ലാതെ പറയാന്‍ പറ്റുമോ? ഒരു ബെഞ്ചില്‍ ഇരിക്കുന്ന മുസ്ലിം കുട്ടിക്ക് 1000 ധന സഹായം, വനവാസിക്ക് 200, ദരിദ്രനായ ബ്രാഹ്മണന് വട്ടപൂജ്യം. ഇതെന്തു നീതി. ഇവിടെയാണു ധര്‍മ്മം എന്ന മഹത്തായ വാക്കിന്റെ ആവശ്യകത. മാനവ ധര്‍മ്മപരിപാലനം.ധര്‍മ്മം എന്നാല്‍ പിച്ച എന്ന അര്‍ത്ഥം അല്ല കേട്ടോ.ഒരു രാജ്യത്തെ ജനതയേ ഒരേ കണ്ണിലൂടെ കാണുക, എല്ലാവര്‍ക്കും തുല്യ നീതി അത് സാധ്യമാവുമോ ആവണ്ടേ,നമ്മുടെ പൂര്‍വികര്‍ എവിടെയും രേഖപ്പെടുത്താത്ത ജാതി വ്യവസ്ഥ, മതഭേതം ഇത് ഇനിയും തുടരണോ അതിനു രാഷ്ട്രീയ പിന്തുണ വേണോ. ഇടത് വലതു രാഷ്ട്രീയം നടത്തുന്ന പ്രീണനം എന്റെ രാഷ്ട്രീയത്തെ വളര്‍ത്തുകയാണോ ആണെങ്കില്‍ അതിലെന്താണ് തെറ്റ്? എത്ര ചോദ്യങ്ങള്‍.എനിക്ക് കിട്ടുന്ന ഉത്തരം ഏകാത്മ മാനവ ദര്‍ശനം തന്നെയാണ്. ധാര്‍മ്മിക മൂല്യങ്ങള്‍ ജനതയെ ഭരിക്കുക അഥവാ ഓരോ വ്യക്തിയും കളങ്കരഹിതമായ ധര്‍മ്മവ്യവസ്ഥയുടെ ഭാഗമാവുക.

നമ്മുടെ ധര്‍മ്മ വ്യവസ്ഥ ആരും ഉണ്ടാക്കിയെടുത്തതല്ല സ്വയം ഉണ്ടായത് തന്നെയാണ്,അത് ഒരു മതത്തിനു എതിരല്ല, വിശ്വാസിയെയും അവിശ്വാസിയെയും ഒരു പോലെ കാണുന്നു,ഇത് ഞാന്‍ മനസ്സിലാക്കിയത് ബിജെപി യില്‍ നിന്നോ ആര്‍എസ്എസില്‍ നിന്നോ അല്ല സാക്ഷാല്‍ ഭഗവത് ഗീതയില്‍ നിന്നും തന്നെയാണ്. എന്റെ വിശ്വാസങ്ങളെ ഹനിക്കാതെ പൂര്‍ണതയില്‍ എത്താം എന്നുറപ്പിക്കാനും എനിക്ക് സാധിക്കുന്നു. പലപ്പോഴും തര്‍ക്കങ്ങള്‍ എന്നെ വലിയ മുസ്ലിം പണ്ഡിതരുടെ അടുക്കല്‍എത്തിച്ചിട്ടുണ്ട് അവരൊക്കെ ഗീതയുടെ ആരാധകരാണെന്നു എന്നോട് രഹസ്യമായി സമ്മതിച്ചിട്ടുമുണ്ട് അവരുടെ പേരുകള്‍ പറയാന്‍ നിവൃത്തിയില്ല. അത്‌പോലെ തന്നെ സൂഫി വര്യന്മാരോടൊത്ത് താമസിക്കാനും ഇസ്ലാമിന്റെ കാണാത്തോരുമുഖം അവരിലൂടെ കാണാനും സാധിച്ചിട്ടുണ്ട്. ഞാനും സൃഷ്ടാവും തമ്മിലുള്ള ബന്ധം എന്റെ സ്വകാര്യതയാണ്. എന്നെ കാഫിര്‍ എന്ന് വിളിച്ചാലോ സംഘി എന്ന് വിളിച്ചാലോ എനിക്ക് ഒരു വിഷമവുമില്ല. മതം മാറ്റം ഞാന്‍ വെറുക്കുന്നു, മതഭീകരത ഞാന്‍, വെറുക്കുന്നു, അന്യരുടെ മതവിശ്വസങ്ങളെ വെറുക്കുന്നതും ഞാന്‍ വെറുക്കുന്നു. പട്ടിയെയും പൂച്ചയെയും,പശുവിനെയും സകല ജീവികളെയും എനിക്ക് ഇഷ്ടമാണ്. ഇന്നു ലോകം മുഴുവന്‍ പടരുന്ന തീവ്ര ഇസ്ലാമിക തീവ്രവാദത്തിനു കോപ്പ് കൂട്ടുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. അവര്‍ മുസ്ലിം സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കുന്നു. അതിനു വളം വയ്ക്കുന്ന രാഷ്ട്രീയ കഴുകന്മാര്‍ വലിയ വില നല്‍കേണ്ടി വരും. വിശ്വാസങ്ങള്‍ പരസ്പരം മാനിച്ചും ബഹുമാനിച്ചും തന്നെ മതങ്ങള്‍ നീങ്ങണം മുസ്ലിങ്ങള്‍ക്ക് പന്നി ഹറാമും ക്രിസ്ത്യാനികള്‍ക്ക് അത് ഹലാലുമാണ്, സാധാരണ ഹോട്ടലില്‍ ഈ രണ്ടു വിഭവങ്ങള്‍ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല.അവിടെ ക്രിസ്ത്യാനിയുടെ ഭക്ഷണ അവകാശത്തെ ചോദ്യം ചെയ്തതായി അവര്‍ ബഹളമുണ്ടാക്കിയതായി അറിവില്ല, ഹൈന്ദവ വര്‍ക്ക് പശു ദൈവികമെങ്കില്‍ എന്തുകൊണ്ട് അത് അംഗീകരിക്കാന്‍ കഴിയുന്നില്ല. നോമ്പ് കാലത്ത് എന്തിനാണ്അന്യമതക്കാര്‍ക്ക് ആഹാരം നിഷേധിക്കുന്നത്. ബീഫ് ഫെസ്റ്റ് നടത്തുമ്പോള്‍ കുറേ ഹൈന്ദവരുടെ മനസ്സില്‍ അത് വേദന ഉണ്ടാക്കുന്നുണ്ട് എന്ന് സഖാവും യൂത്തന്മാരും ചിന്തിച്ചാല്‍ നന്ന്. ലക്ഷ്യമിടുന്നത് മുസ്ലിം വോട്ടാണ് എന്ന് സകലര്‍ക്കും അറിയാം.ഈ അവസ്ഥ ചെന്നെത്തിക്കുന്നത് എവിടെക്കാണെന്നു ഉള്ളില്‍ ഭയമുണ്ട്.

കമ്മ്യൂണിസക്കാര്‍ വിശ്വാസികളുടെ അന്തകരാണെന്നു ചൈനയിലേക്ക് ഒന്നെത്തി നോക്കിയാല്‍ മനസ്സിലാകും. നോമ്പ് എടുക്കാന്‍ കൂടി അവകാശമില്ലാത്ത ആ നാടിനെയാണു സഖാവ് ചൂണ്ടി കാട്ടുന്നത്. ഇത് നവ മാധ്യമങളുടെ കാലമാണ്. രാഷ്ട്രീയത്തില്‍ നടക്കുന്ന കശപിശയല്ല വിശ്വാസങ്ങള്‍ തമ്മില്‍ നടന്നാല്‍, അതുകൊണ്ട് തന്നെ ഈ കളി അവസാനിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. എന്റെ മക്കളെ ഞാന്‍ പഠിപ്പിച്ചത്, എല്ലാ മതങ്ങളെയും മനുഷ്യരെയും സ്‌നേഹിക്കാനാണ് ഒപ്പം പ്രകൃതിയെയും സകല ജീവികളെയും… അവര്‍ക്ക് മുന്നില്‍ ഒന്നിനെയും തടസ്സമായി വച്ചിട്ടില്ല. എനിക്ക് എന്റെ രാഷ്ട്രീയവും ഇതൊക്കെ പ്രചരിപ്പിക്കാനുള്ള വേദി തന്നെ, അല്ലാതെ ഏണി വച്ചു ഉന്നതിയില്‍ കയറാനുള്ള മാര്‍ഗ്ഗമല്ല.

shortlink

Related Articles

Post Your Comments


Back to top button