FestivalGeneralIFFKNEWS

ജൂറി അംഗങ്ങള്‍ എത്തിത്തുടങ്ങി, 4 ജൂറി ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങി. ഹോങ്കോങ്ങില്‍ നിന്നുള്ള ലോകപ്രശസ്ത ഫിലിം എഡിറ്റര്‍ മേരി സ്റ്റീഫന്‍ ആണ് ആദ്യം എത്തിയത്. മറ്റംഗങ്ങള്‍ ഇന്നും നാളെയുമായി നഗരത്തിലെത്തും. തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലാണ് ഇവര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര പാനലില്‍ 5 ജൂറി അംഗങ്ങളും ഫിപ്രസി, നെറ്റ്പാക് പാനലുകളില്‍ 3 വീതം അംഗങ്ങളുമാണുള്ളത്. വിവിധ അന്താരാഷ്ട്ര മേളകളുടെ ഡയറക്ടറും വിഖ്യാത ചലച്ചിത്ര നിര്‍മാതാവുമായ മാര്‍ക്കോ മുള്ളര്‍ ആണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. വെനീസ്, റോട്ടര്‍ഡാം, തുടങ്ങി അനേകം ലോകപ്രശസ്ത ചലച്ചിത്രമേളകളുടെ ഡയറക്ടര്‍ ആയിരുന്നു ഇറ്റലിക്കാരനായ മുള്ളര്‍. ഇദ്ദേഹം നാളെ നഗരത്തിലെത്തും. ജൂറി പാനലില്‍ മാര്‍ക്കോ മുള്ളര്‍ക്കൊപ്പം പ്രശസ്ത മലയാളി സംവിധായകന്‍ ടി.വി. ചന്ദ്രന്‍, കൊളംബിയന്‍ നടന്‍ മര്‍ലന്‍ മൊറീനോ, ഫ്രഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫന്‍, ആഫ്രിക്കന്‍ ചലച്ചിത്രപണ്ഡിതന്‍ അബൂബേക്കര്‍ സനാഗോ എന്നിവരാണുള്ളത്. നാല് ചിത്രങ്ങളാണ് ജൂറി ഫിലിംസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി, മര്‍ലന്‍ മൊറീനോ അഭിനയിച്ച കൊളംബിയന്‍ ചിത്രം ”ഡോഗ് ഈറ്റ് ഡോഗ്”, മാര്‍ക്കോ മുള്ളര്‍ നിര്‍മിച്ച അലക്സാണ്ടര്‍ സോകുറോവ് ചിത്രം ”ദി സണ്‍”, മേരി സ്റ്റീഫന്‍ എഡിറ്റിംഗ് നിര്‍വഹിച്ച ”ദി സ്വേയിങ് വാട്ടര്‍ലില്ലി” എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മാനുഷിക ബന്ധങ്ങളിലെ ആന്തരിക സംഘര്‍ഷങ്ങളും ചരിത്രപരവും സാമൂഹികവുമായ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ജൂറി അംഗങ്ങളുടെ സിനിമാവൈദഗ്ധ്യം വിളിച്ചോതുന്ന ചിത്രങ്ങളാണിവ. ഫിപ്രസി ജൂറിപാനലില്‍ പ്രശസ്ത മലയാളി സിനിമാപണ്ഡിതനും നിരൂപകനുമായ മധു ഇറവങ്കര അംഗമാണ്. ഫിന്നിഷ് മാധ്യമപ്രവര്‍ത്തകനും നിരൂപകനുമായ ഹാരി റോംബോട്ടി, തുര്‍ക്കിയില്‍ നിന്നുള്ള സെനം അയ്തക് എന്നിവരാണ് മറ്റ് ഫിപ്രസി ജൂറി അംഗങ്ങള്‍. ഫ്രഞ്ച് സിനിമാ നിരൂപകനായ മാക്‌സ് ടെസ്സിയെര്‍, മുംബൈയില്‍ നിന്നുള്ള ഫിലിം എഡിറ്റര്‍ നന്ദിനി രാംനാഥ്, സൗത്ത് കൊറിയന്‍ നടന്‍ ജി ഹൂണ്‍ ജോ എന്നിവരാണ് നെറ്റ്പാക് ജൂറി അംഗങ്ങള്‍. ജൂറി അംഗങ്ങള്‍ക്കുള്ള പ്രത്യേക പ്രദര്‍ശനം ഏരീസ് പ്ലെക്‌സ് തിയറ്ററിലാണ് സജ്ജീകരിച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button