GeneralLatest NewsMollywood

പെണ്ണായാൽ ‘ഇച്ചിരി’ നാണം വേണം; സ്വയംഭോഗ ചർച്ചകൾക്കെതിരെ ബാലചന്ദ്രമേനോൻ

സ്ത്രീകൾക്കു പരസ്യമായി സംവദിക്കാൻ ആർത്തവവും സ്വയംഭോഗവും വിഷയങ്ങളായി കണ്ടെത്തുന്നവരുടെ കെണിയിൽ 'ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി' കൈമോശം വരരുത്

സ്ത്രീയെ വിൽപ്പനച്ചരക്കാക്കുന്നത് സ്ത്രീകൾ തന്നെയാണെന്ന വിമര്‍ശനവുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബാലചന്ദ്രമേനോന്റെ വിമർശനം. വനിതാ ദിനവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കിടയിലെ സ്വയംഭോഗം എന്ന വിഷയത്തിൽ നടന്ന ഒരു മാധ്യമചർച്ചയെ മുൻനിർത്തിയാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്.

വനിതാദിനവുമായി ബന്ധപ്പെട്ട് ഒരു മാധ്യമം സംഘടിപ്പിച്ച ചർച്ചയുടെ വിഷമായി സ്വയംഭോഗം തിരഞ്ഞെടുത്തത് തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം കുറിക്കുന്നു. പലരും ഗോപ്യമായി കൈകാര്യം ചെയ്യുന്ന ഒന്നിനെ ഒരു കൂസലുമില്ലാതെ മഹിളകൾ പരസ്യമായി തലനാരിഴ കീറി അവലോകനം ചെയ്യുന്നതുകൊണ്ട് പുരുഷന് തുല്യമാകുമെന്ന് കരുതുന്നുണ്ടോ? എന്നാൽ, സ്വകാര്യതയിൽ ആവോളം ആസ്വദിക്കാൻ പറ്റുന്ന കിടക്കറവിവരങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ യുട്യൂബിൽ സുലഭമാണ്. ആ പ്രവണതയെ നാം എങ്ങിനെ ന്യായീകരിക്കും ? എന്ന് ചോദിച്ച ബാലചന്ദ്രമേനോൻ സ്ത്രീകൾക്കു പരസ്യമായി സംവദിക്കാൻ ആർത്തവവും സ്വയംഭോഗവും വിഷയങ്ങളായി കണ്ടെത്തുന്നവരുടെ കെണിയിൽ ‘ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി’ കൈമോശം വരരുതെന്നും കുറിച്ചു

”ആർത്തവത്തിൽ തുടങ്ങിയാണ് ഈ അപഥസഞ്ചാരം . സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആർത്തവം എന്ന നിരുപദ്രവമായ , ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവൽക്കരിച്ചു ‘ആർപ്പോ ആർത്തവം ‘ എന്ന ഒരു പ്രതിഭാസം വരെയാക്കി ! ആർത്തവം ഇന്നലെ ആരും കണ്ടുപിടിച്ചതല്ല .പണ്ടുകാലത്ത് . ‘പുറത്തുമാറി ‘ എന്നും ‘തീണ്ടാരിയാ ‘ എന്നുമൊക്കെ അടക്കിപറഞ്ഞിരുന്ന ഒന്നിന് ബുദ്ധിജീവികൾക്കിടയിൽ ഇടം കിട്ടിയത് ഇടക്കാലഘട്ടത്തിൽ ഏതോ പുരോഗമനസാഹിത്യകാരൻ (‘?)’ആർത്തവരക്തത്തിന്റെ ചുവപ്പു നിറത്തെ അസ്തമയ സന്ധ്യയുമായി താരതമ്യം ചെയ്തപ്പോഴാണ്..ആർത്തവത്തെപ്പറ്റി സമൂഹത്തിൽ വനിതകൾ അധരവ്യായാമം നടത്തിയാൽ സ്ത്രീ ശാക്തീകരണം ഉറപ്പായും ഉണ്ടാകുമോ ?

സ്ത്രീയെ വില്പനച്ചരക്കാക്കുന്നത് സ്ത്രീകൾ തന്നെയാണ് . സ്ത്രീകൾക്കു പരസ്യമായി സംവദിക്കാൻ ആർത്തവവും സ്വയംഭോഗവും വിഷയങ്ങളായി കണ്ടെത്തുന്നവരുടെ കെണിയിൽ ‘ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി’ കൈമോശം വരരുത്. വനിതകളുടെ സജീവമായ ശ്രദ്ധ പതിയേണ്ട എന്തെന്തു വകകൾ നമ്മുടെ സമൂഹത്തിലുണ്ട്? യൗവ്വനയുക്തയായ ഒരു വനിതയുടെ തുറന്ന മാറിടത്തിൽ ഒട്ടിച്ചേർന്നു പാലുകുടിക്കുന്ന ഒരു ദൃശ്യം കവർ ഫോട്ടോ ആയി കാണിച്ചു നാല് കാശ് ഉണ്ടാക്കാനുള്ള കച്ചവട ശ്രമത്തെ മുലയൂട്ടൽ വാരത്തിന്റെ പെടലിക്ക് കെട്ടിവെക്കുന്ന അധമമായ ചിന്തയോട് യോജിക്കാൻ കഴിയുന്നില്ല.

ചിലർ സ്ത്രീകളെ വച്ച് രാഷ്ട്രീയം കളിക്കുകയാണ് . പുരുഷ സമത്വം എന്ന മോഹം കൊതിപ്പിച്ചു മാധ്യമങ്ങളും സംഘടനകളും ചുടു ചോറ് വാരിക്കുകയാണ് . മുക്ക് ഇടയിൽ അതായത് ആണിനും പെണ്ണിനും ഇടയിൽ ഒരു പ്രശ്‌നവുമില്ല . അഥവാ ഉണ്ടായാൽ തന്നെ നാം അത് ഒരു നോട്ടം കൊണ്ട് അല്ലെങ്കിൽ കള്ളച്ചിരി കൊണ്ട് പരിഹരിക്കും . ‘ ചേട്ടന് പണ്ടത്തെപ്പോലെ എന്നെ ഇഷ്ട്ടമല്ല ‘ എന്ന് പറഞ്ഞു കേൾക്കുമ്പോൾ വഴക്കുണ്ടാക്കി ഫാമിലി കോർട്ടിൽ പോകണ്ട . കൂടുതൽ സ്നേഹവും പരിചരണവും കൊടുത്താൽ മാത്രം മതി .പുരുഷന് ചെയാവുന്ന എന്തും സ്ത്രീക്ക് പുഷ്പ്പം പോലെ ചെയ്യാൻ പറ്റുമെന്ന് ഞാൻ ശിരസ്സു കുനിച്ചു പറയുന്നു.
യാദൃച്ഛികമാവാം വനിതാദിനത്തിൽ തന്നെ വനിതാ പൈലറ്റിനോട് ഒരു ടാക്സി ഡ്രൈവർ അപമര്യാദയായി പെരുമാറി എന്ന വാർത്തയും വായിച്ചുകണ്ടു. സ്ത്രീകൾ മാത്രം മേധാവിത്വം വഹിക്കുന്ന ഒരു സിനിമയെപ്പറ്റിയും വായിച്ചു. പുരുഷ സാന്നിധ്യം വർജ്യമാണെന്നൊരു സന്ദേശം നൽകുന്നതിൽ എന്താണർത്ഥം ?

അല്ലെങ്കിലും പെണ്ണായാൽ ‘ഇച്ചിരി’ നാണം വേണം. കാവ്യഭാവന പറയുന്ന പോലേ ‘കാലുകൊണ്ട് നഖം ‘ വരയ്ക്കണം എന്നൊക്കെ പറയാൻ ഞാൻ ‘പോഴനൊ’ ന്നുമല്ല. എപ്പോഴും നാണിക്കണമെന്നുമില്ല. നാണം വരുമ്പോൾ അതിനെ തടയാതിരുന്നാൽ മതി . നാണിച്ചാൽ എന്റെ ‘മൂച്ചൊക്കെ’ പോകും എന്ന അബദ്ധധാരണ വേണ്ട. അല്ലെങ്കിൽ തന്നെ നാണമില്ലാത്ത പെണ്ണ് ഉണ്ടോ എന്ന് എനിക്ക് സംശയമാണ്”- ബാലചന്ദ്രമേനോൻ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button