GeneralLatest NewsMollywood

മോൾ മരിച്ചതിനുശേഷം ഞാൻ കുറേനാൾ അമ്പലത്തിൽ പോയില്ല, പ്രാർഥിക്കാൻ ഒന്നുമില്ലായിരുന്നു; ചിത്ര

എന്റെ പ്രഫഷനു വേണ്ടി ജോലി വേണ്ടെന്നു വച്ച വിജയേട്ടൻ, വർഷങ്ങളായി ഒപ്പമുള്ള സ്റ്റാഫ്... ഞാൻ സങ്കടം ഉള്ളിലൊതുക്കിയാൽ ഇവരുടെയെല്ലാം ജീവിതത്തിൽ പ്രകാശം പരക്കും

മലയാളത്തിന്റെ പ്രിയ ഗായികയാണ് ചിത്ര. ഒരുപിടി മികച്ച ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ താരം തന്റെ ജീവിതത്തിലെ ചില വേദനകള്‍ പലപ്പോഴും പങ്കുവച്ചിരുന്നു. സഹനങ്ങളുടെ തമ്പുരാന്‍ എന്നറിയപ്പെടുന്ന ഗബ്രിയേൽ പൊസേന്തി അച്ചനൊപ്പം വിശേഷങ്ങള്‍ പങ്കുവച്ച ചിത്ര മോളില്ലാതായ ശേഷം കുറേനാൾ അമ്പലത്തിൽ പോയില്ല, പ്രാർഥിക്കാൻ ഒന്നുമില്ലായിരുന്നുവെന്ന് തുറന്നു പറയുന്നു.

”ഞാനിത്രയ്ക്ക് സഹനമുള്ള ആളായിരുന്നില്ല. മോൾ മരിച്ചതിനുശേഷം ഞാൻ ദൈവത്തോട് ആവർത്തിച്ചു ചോദിച്ച ചോദ്യം ‘‘എന്നോട് എന്തിനു ഇതു ചെയ്തു’ എന്നു തന്നെയാണ്. കുറേ നാളുകൾ ഞാൻ അമ്പലത്തിലേക്കൊന്നും പോയില്ല. പ്രാർഥിക്കാനെനിക്ക് ഒന്നുമില്ലായിരുന്നു. ഏറ്റവും വലിയ ആനന്ദമായ സംഗീതത്തോടു പോലും മുഖം തിരിച്ചു. ഇനിയൊന്നുമില്ല എന്നുറപ്പിച്ച് ഞാൻ ഇരുട്ടിലടച്ചിരിക്കുമ്പോൾ ചുറ്റുമുള്ളവരുടെ ജീവിതം കൂടെ ഇരുട്ടിലാകുകയായിരുന്നു.

എന്റെ പ്രഫഷനു വേണ്ടി ജോലി വേണ്ടെന്നു വച്ച വിജയേട്ടൻ, വർഷങ്ങളായി ഒപ്പമുള്ള സ്റ്റാഫ്… ഞാൻ സങ്കടം ഉള്ളിലൊതുക്കിയാൽ ഇവരുടെയെല്ലാം ജീവിതത്തിൽ പ്രകാശം പരക്കും. ആ സമയം ഈശ്വരൻ എത്രയോ ദൂതൻമാരെ എന്റെ അടുക്കലേക്കയച്ചു. സങ്കടങ്ങൾക്കു കരുതലുമായി വന്നവർ എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരായിരുന്നില്ല, ദൈവം തന്നെയായിരുന്നു. അതിൽ ക്രിസ്ത്യാനിയും മുസ്‌ലിമും ഹിന്ദുവുമുണ്ടായിരുന്നു. എത്ര പേരുടെ പ്രാർഥനയാലാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അവരൊക്കെ പറഞ്ഞു തന്ന വലിയൊരു കാര്യമുണ്ട്. ‘നടക്കേണ്ടത് നടക്കും. സങ്കടപ്പെടാതെ എഴുന്നേറ്റു നടക്കൂ.’ അതു മനസ്സിലാക്കാനുള്ള ബുദ്ധി തന്നതാണ് ഏറ്റവും വലിയ ഭഗവൽ കൃപ.” വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്ര പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button