GeneralLatest News

സംഗീതം മനസിന്റെ ഏറ്റവും നല്ലകൂട്ട്; ലോകസംഗീത ദിനത്തിന്റെ ഉത്ഭവ ചരിത്രമറിയാം

അതിവേഗം പായുന്ന ലോകത്തിൽ അതിനേക്കാൾ വേഗത്തിൽ ഓടേണ്ടി വരുമ്പോഴുണ്ടാകുന്ന മനംമടുപ്പിൽ നിന്ന് മോചനം തരാൻ സംഗീതത്തേക്കാൾ മികച്ചൊരു മരുന്നില്ല.

സംഗീതത്തെ ഇഷ്ടപ്പെടാത്ത ആരും ഉണ്ടാകില്ല. സന്തോഷവും സങ്കടവും അടയാളപ്പെടുത്തുന്ന സംഗീതം മനസിന്‌ സുഖം നല്കുന്ന ഒരു മരുന്നാണ്. മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ സംഗീത ദിനം. പല രാജ്യങ്ങളും കൊണ്ടാടുന്ന ലോകസംഗീത ദിനത്തിന്റെ ഉത്ഭവത്തെ പറ്റിയുള്ള ചരിത്രമറിയാം.

ലോക സംഗീത ദിനമെന്ന ആശയം ഫ്രഞ്ചുകാർ കൊണ്ടുവന്നതാണ്. 1982ൽ അന്നത്തെ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി ജാക്ക് ലാങ് ആണ് ഇങ്ങനെ ഒരു ആശയം കൊണ്ടുവന്നത്. ഫ്രാൻ‌സിൽ ഇത് ഫെറ്റെ ഡി ലാ മ്യൂസിക്‌ എന്ന സംഗീതതോത്സവമായാണ് ആഘോഷിക്കുന്നത്. അവിടെയുള്ള അമേച്വർ സംഗീതകാരന്മാർക്ക് അവസരങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു ഈ ആശയത്തിന് പിന്നിലെ ലക്ഷ്യം. ലോക സമാധാനത്തിനാവട്ടെ സംഗീതം എന്ന ആശയവും പ്രചരിപ്പിക്കപ്പെട്ടു.

ഫെറ്റേ ഡി ലാ മ്യൂസിക്‌

ഈ ദിനം ഫ്രാൻസിലെ പാട്ടുകാരെയും സംഗീതം ഇഷ്ടപെടുന്നവരെയും ഒരുപോലെ ആഘോഷഭരിതരാക്കുന്ന ഒന്നാണ്. സംഗീതത്തിന്റെ അംശമെങ്കിലും ഉള്ളിലുള്ളവർ അന്ന് വീട്ടിലടച്ചിരിക്കില്ല. പാർക്കിലും, മ്യൂസിയത്തിന് മുന്നിലും, റെയിൽവേ സ്റ്റേഷനുകളിലും ചെറു കവലകളിലുമൊക്കെ ഗിറ്റാറും, വിയലിനും ഫ്ലുട്ടുമൊക്കെയായി ആളുകളിറങ്ങും. രാവേറും വരെ പാട്ടും സംഗീതവുമായി അവർ തെരുവിൽ ഒത്തുകൂടും.

ഫ്രാൻ‌സിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വളരെവേഗം ഈ ആഘോഷം പ്രചരിച്ചു. ഇന്ന് പല രാജ്യങ്ങളും ഈ ദിവസം കൊണ്ടാടുന്നത് സംഗീതം മനസിന്റെ ഏറ്റവും നല്ല കൂട്ടാണ് എന്ന തിരിച്ചറിവിലാണ്.

അതിവേഗം പായുന്ന ലോകത്തിൽ അതിനേക്കാൾ വേഗത്തിൽ ഓടേണ്ടി വരുമ്പോഴുണ്ടാകുന്ന മനംമടുപ്പിൽ നിന്ന് മോചനം തരാൻ സംഗീതത്തേക്കാൾ മികച്ചൊരു മരുന്നില്ല. അർജൻ്റീന, ഓസ്ട്രേലിയ, ബ്രിട്ടൻ, ജർമനി, ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, ലെബനൻ, ചൈന എന്നീ രാജ്യങ്ങളിലൊക്കെ വിപുലമായ രീതിയിലാണ് ഈ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയും ലോക സംഗീത ദിനാഘോഷങ്ങൾ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. ഇന്ത്യൻ സംഗീതലോകത്തെ പ്രതിഭകളെ അറിയാനും കേൾക്കാനും ആസ്വദിക്കാനും രാജ്യത്തെമ്പാടും സംഗീതസദസ്സുകളുണ്ടാകാറുണ്ട്. രാജ ഭരണകാലത്തെ അനുസ്മരിപ്പിച്ച് പലയിടങ്ങളിലും സംഗീത ദർബാർ സംഘടിപ്പിക്കാറുമുണ്ട്.

സിംഫണിയുടെ മാസ്മരികത നമുക്കേകിയ ബീതോവൻ തൊട്ട് എണ്ണിയാലൊടുങ്ങാത്ത പേരുകളാൽ സമ്പന്നമാണ് ലോക സംഗീത സദസ്സ്. സംഗീതം മനോഹരമായ ഒരു സ്വപ്നമാണ്. എനിക്ക് കേൾക്കാനാവാത്ത മനോഹാരിത… ബീതോവന്റെ മനസിലെ സംഗീതം മുഴുവൻ അദ്ദേഹത്തിന്റെ ഈ വാക്കുകളിലുണ്ട്. ഗിറ്റാറുകൊണ്ട് മിസ്സിസിപ്പിയൻ സംഗീതത്തിന്റെ മാന്ത്രികത പകർന്നുതന്ന എക്കാലത്തെയും ഗിത്താർ മാന്ത്രികൻ റോബർട്ട്‌ ജോൺസൻ, നാലാം വയസിൽ ക്ലാസ്സിക് രചനകൾ ചെയ്തുതുടങ്ങി ഏഴാം വയസിൽ ഒരു വിയലിനും കയ്യിലെടുത്ത് ലോകത്തെ അമ്പരപ്പിച്ച മൊസാർട്, റോക്ക് ആൻഡ് റോൾ സംഗീത ശാഖയുടെ എക്കാലത്തെയും മുടിചൂടാമന്നനായ് അറിയപ്പെടുന്ന എൽവിസ് പ്രെസ്‌ലെയ്, ഒരു കൊച്ചു സ്റ്റേഡിയമുണ്ടെങ്കിൽ ഒരു നഗരത്തെ മുഴുവൻ ഞാൻ ആനന്ദത്തിലാക്കാം എന്നു പ്രഖ്യാപിച്ച ബോബ് ഡിലൻ, സംഗീതം നിങ്ങളിലേക്കെത്തിയാൽ പിന്നെ നിങ്ങൾ വേദനയറിയില്ലെന്ന് പറഞ്ഞ ബോബ് മാർലി മഡോണ, മൈക്കിൾ ജാക്ക്സൺ, എൽട്ടൻ ജോൺ അങ്ങനെ നീളുന്നു പട്ടിക.

ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച മഹാ പ്രതിഭകളാണ് കബീർദാസ്, സൂർദാസ്, മിയാൻ താൻസെൻ,രബീന്ദ്രനാഥ് ടാഗോർ, പണ്ഡിറ്റ്‌ രവിശങ്കർ, ഉസ്താദ് ബിസ്മില്ലാ ഖാൻ, എം. എസ് സുബലക്ഷ്മി, എസ്. ബാലചന്ദർ, ഹരിപ്രസാദ് ചൗരസ്യ, ബീഗം അക്തർ തുടങ്ങിയവര്‍.

സംഗീതത്തിന്റെ അമൃത ധാര പൊഴിച്ചുകൊണ്ട് ഈ വർഷത്തെ ലോക സംഗീത ദിനവും കടന്നുപോകും. കോവിഡിന്റെ പശ്ചാത്തലത്തിലെ നിയന്ത്രണങ്ങൾ ഇത്തവണത്തെ ഒട്ടേറെ സംഗീത വേദികൾ നഷ്ടപെടുത്തിയെങ്കിലും മനസിൽ സംഗീതം സൂക്ഷിക്കുന്ന ഓരോരുത്തരിലും ഈ ദിനം സംഗീതമഴ പെയ്തുകൊണ്ടേയിരിക്കും. കെട്ട കാലത്തിന്റെ നീറ്റലകറ്റാൻ എന്നും കോരിച്ചൊരിയട്ടെ സംഗീത മഴ…

shortlink

Related Articles

Post Your Comments


Back to top button