GeneralLatest NewsMollywoodNEWS

കുതിരവട്ടം പപ്പു ഓർമ്മയായിട്ട് 21 വർഷം ; അച്ഛനെ ഓർത്ത് മകൻ ബിനു പപ്പു

‘ഭാർഗവി നിലയം’എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു

കോമഡിയും ട്രാജഡിയും ഒരുപോലെ അനായാസം കൈകാര്യം ചെയ്ത് മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരനായിരുന്നു കുതിരവട്ടം പപ്പു. മലയാള സിനിമയ്ക്ക് അദ്ദേഹത്തെ നഷ്ടമായിട്ട് ഇന്നേക്ക് 21 വർഷങ്ങൾ. കോഴിക്കോടുകാരനായ പനങ്ങാട്ട് പത്മദളാക്ഷനിൽ നിന്ന് ചുരുങ്ങിയ സമയംകൊണ്ടാണ് ആ കലാകാരൻ മലയാള സിനിമയുടെ സ്വന്തം കുതിരവട്ടം പപ്പുവായി മാറിയത്.

ഇപ്പോഴിതാ ഇരുപത്തിയൊന്നാം ചരമവാർഷികദിനത്തിൽ അച്ഛനെ ഓർക്കുകയാണ് മകനും അഭിനേതാവുമായ ബിനു പപ്പു. “ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. നിങ്ങൾ ഇവിടെ ചെയ്യുന്നതുപോലെ സ്വർഗത്തിലും തിളങ്ങട്ടെ. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു. നിങ്ങൾ എനിക്കൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു…” ബിനു കുറിക്കുന്നു.

‘ഭാർഗവി നിലയം’എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു. നീലവെളിച്ചമെന്ന കഥയെ ആസ്പദമാക്കി എ വിന്‍സന്റ് സംവിധാനം ചെയ്ത ആ ചിത്രത്തില്‍ കഥാപാത്രത്തിന്റെ പേരും ബഷീര്‍ തന്നെ നിശ്ചയിച്ചു- പപ്പു. സിനിമ ജനപ്രിയമായി. ആ കഥാപാത്രത്തെയും ആളുകള്‍ക്കിഷ്ടമായി. ആ പേര് പത്മദളാക്ഷന് നന്നായി ബോധിച്ചു. തന്റെ സുദീര്‍ഘമായ പേരും കൊണ്ട് സിനിമാ രംഗത്ത് എങ്ങനെ കഴിച്ചുകൂട്ടും എന്നോര്‍ത്ത് വേവലാതിപ്പെട്ടുകൊണ്ടിരിക്കെയാണ് പപ്പു എന്ന കുഞ്ഞന്‍ പേര് ലഭിക്കുന്നത്. ഒരു ഗുമ്മിന് തുടക്കത്തില്‍, നാട്ടുകാര്‍ക്ക് കേട്ടുപരിചയമുള്ള കോഴിക്കോട്ടെ പുരാതനമായൊരു മാനസിക രോഗാശുപത്രി നിന്നിരുന്ന സ്ഥലത്തിന്റെ പേരും കൂടി ചേർത്ത് ‘കുതിരവട്ടം പപ്പു..’എന്ന് ഉറപ്പിക്കുകയും ചെയ്തു.

പിന്നെ പപ്പുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ. ചെയ്യുന്നത് എല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

‘1963’ ൽ പുറത്തിറങ്ങിയ മൂടുപടമാണ് ആദ്യ ചിത്രം. ‘മണിചിത്രത്താഴ്’, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ‘വെളളാനകളുടെ നാട്’, ‘ഏയ് ഓട്ടോ’, ‘തേന്മാവിൻ കൊമ്പത്ത്’ ചന്ദ്രലേഖ, തുടങ്ങി 37 വർഷത്തെ സിനിമാ ജീവിതത്തിനിടെ 1500 ഓളം ചിത്രങ്ങളിലാണ് പപ്പു അഭിനയിച്ചത്.

‘തേന്മാവിൻ കൊമ്പത്ത്’ സിനിമയിലെ ‘ടാസ്‌കി വിളിയെടാ’ എന്ന പപ്പുവിന്റെ ഡയലോഗ് മലയാളികൾ ആരും മറക്കാനിടയില്ല. അതുപോലെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ‘വെള്ളാനകളുടെ നാട്ടി’ലെ ‘താമരശേരി ചുരം’ എന്നു തുടങ്ങുന്ന ഡയലോഗും ഇന്നും പ്രേഷകരുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു.

ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച നരസിംഹം ആയിരുന്നു പപ്പു അഭിനയിച്ച അവസാനത്തെ ചിത്രം. 2000 ഫെബ്രുവരി 25  ന് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button