CinemaGeneralLatest NewsMollywoodMovie GossipsNEWSSocial Media

നാദിർഷയുടെ ഈശോ മോഷണമോ?: മറുപടിയുമായി സുനീഷ് വാരനാട്

സിനിമ കാണാതെ ഇത്തരം ആരോപണം ഉന്നയിച്ച ആൾക്കെതിരെയും അത് പുറത്തുവിട്ട ചാനലിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് സുനീഷ്

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഈശോയ്‌ക്കെതിരെ വീണ്ടും ആരോപണം. സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ആരോപണം. ‘ഈശോ വക്കീലാണ് ‘എന്ന തിരക്കഥയുമായി ഈശോ എന്ന ചിത്രത്തിന് സാമ്യം ഉണ്ടെന്ന സിനിമാ പ്രവർത്തകന്റെ ആരോപണത്തിന് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട്.

സിനിമ കാണാതെ ഇത്തരം ആരോപണം ഉന്നയിച്ച ആൾക്കെതിരെയും അത് പുറത്തുവിട്ട ചാനലിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് സുനീഷ് പറഞ്ഞു. ഇത്തരത്തിലുള്ള ആരോപണങ്ങൾ നാദിർഷ എന്ന സംവിധായകനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സുനീഷ് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുനീഷ് വാരനാടിന്റെ ഫേസ്ബുക്ക് കുറിപ്പ്:

താങ്കൾക്ക് താങ്കളുടെ ‘ഈശോ വക്കീലാണ് ‘എന്ന തിരക്കഥ സിനിമയാക്കാം..എൻ്റെ ‘ഈശോ’യുമായി അതിന് യാതൊരു ബന്ധവുമില്ല. നാദിർഷയുടെ ഈശോ മോഷണമോ? എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഉത്തരം നൽകേണ്ട എന്ന് ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഞാൻ എനിക്കെതിരെ ആരോപണമുന്നയിച്ച വ്യക്തിയ്ക്കെതിരെയും, ആ അഭിമുഖം പ്രസിദ്ധീകരിച്ച ഓൺലൈൻ ചാനലിനെതിരെയും അപകീർത്തിപ്പെടുത്തൽ, മാനഹാനി എന്നീ വകുപ്പുകളിൽ സിവിലായും, ക്രിമിനലായും കേസെടുക്കാൻ വക്കീൽ നോട്ടീസയയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്. അല്ലെങ്കിൽ സത്യം ചെരുപ്പിട്ടപ്പോഴേക്കും കള്ളം ലോകം ചുറ്റി വന്നുവെന്ന് പറയുന്നത് പോലെയാകുമല്ലോ കാര്യങ്ങൾ. ആരോപണമുന്നയിച്ച വ്യക്തിയെ എനിക്ക് നേരിട്ടോ, അല്ലാതെയോ യാതൊരു മുൻപരിചയവുമില്ല. അദ്ദേഹത്തിൻ്റെ ‘ഈശോ വക്കീലാണ്’ എന്ന കഥ എങ്ങനെ ഞാൻ കഥയും, തിരക്കഥയും, സംഭാഷണവുമെഴുതിയ ‘ഈശോ’യായി മാറും.

എൻ്റെ കഥ മോഷ്ടിച്ചേ എന്ന വിലാപവുമായി അദ്ദേഹം ഇപ്പോൾ ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തിയ കഥയ്ക്കോ, തിരക്കഥയ്ക്കോ, സംഭാഷണങ്ങൾക്കോ ഞാൻ എഴുതി ചിത്രീകരണം പൂർത്തിയാക്കിയ ‘ഈശോ’യുമായി ഉള്ളടക്കത്തിലോ, സീനുകളിലോ യാതൊരു സാമ്യവുമില്ല..അത് സിനിമ വരുമ്പോൾ പ്രേക്ഷകർക്കും, കേസ് വരുമ്പോൾ കോടതിയ്ക്കും കൃത്യമായി ബോദ്ധ്യപ്പെട്ടുകൊള്ളും. എന്തിനേറെ, അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങുന്ന കൊച്ചുകുട്ടിക്കു പോലും മനസ്സിലാകും, ഇത് രണ്ടും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന് ! യാതൊരു അടിസ്ഥാനവുമില്ലാതെ പിന്നെ എങ്ങനെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്? ഓൺലൈൻ മീഡിയയിൽ കയറിയിരുന്ന് വായിൽ തോന്നിയത് വിളിച്ചു പറയും മുൻപ് എന്താണ് ആ സിനിമയുടെ കഥയും, ഉള്ളടക്കവുമെന്ന് അന്വേഷിച്ചറിയേണ്ട മിനിമം കോമൺസെൻസ് ആ വ്യക്തിയ്ക്കുണ്ടായില്ല. അതിന് ശ്രമിക്കാതിരുന്നത് കൊണ്ട് തന്നെ നാദിർഷ എന്ന സംവിധായകനെതിരെയുള്ള ഗൂഢാലോചന തന്നെയാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്.കാരണം ക്രൈസ്തവ വിശ്വാസങ്ങളെ പിന്തുടരുന്ന ഓൺലൈൻ ചാനലിലാണ് അഭിമുഖം വന്നത്. ആരോപണമുന്നയിച്ച ആ തിരക്കഥാകൃത്ത് അദ്ദേഹത്തിന്റെ സിനിമയ്ക്കിട്ട പേര് ‘ഈശോ വക്കീലാണ്’ എന്നതാണ്. അപ്പോൾ ആ പേരിന് പ്രശ്നങ്ങളൊന്നുമില്ലെന്നല്ലേ ആ ചാനൽ അഭിമുഖം സൂചിപ്പിക്കുന്നത്.അഭിമുഖക്കാരനും, തിരക്കഥാകൃത്തും കുറ്റപ്പെടുത്തുന്നത് സംവിധായകനായ നാദിർഷയെ മാത്രമാണ്. അതിൽ നിന്നും ഗൂഢാലോചന വ്യക്തമാണ്.

ആ വ്യക്തിയ്ക്കു മാത്രമുള്ളതാണോ കഷ്ടപ്പാടും, ബുദ്ധിമുട്ടും! 23 വർഷങ്ങളായി കലാരംഗത്ത് നിൽക്കുന്നയാളാണ് ഞാൻ. പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിച്ച ഒട്ടേറെ ചാനൽ പ്രോഗ്രാമുകളുടെയും രചയിതാവാണ് .ലാലേട്ടൻ ഉൾപ്പെടെയുള്ള പ്രമുഖർക്ക് വേണ്ടി സ്റ്റേജ് ഷോകളും ഞാനെഴുതിയിട്ടുണ്ട്. എന്റെ 21 കഥകൾ വാരനാടൻ കഥകൾ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇത്തരത്തിൽ രചയിതാവ് എന്ന നിലയിൽ പൊതുസമൂഹത്തിൽ നിൽക്കുന്ന എന്റെ പേരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആ വ്യക്തിയ്ക്കെതിരെയും, ചാനലിനെതിരെയും ഞാൻ നിയമനടപടിക്കൊരുങ്ങുകയാണ്.

എന്നെ വർഷങ്ങളായി അറിയാവുന്നവർ എൻ്റെ കൂടെയുണ്ടാകുമെന്നാണ് എന്റെ വിശാസം. അപരിചിതനായ ഒരാൾ ഒരു അടിസ്ഥാനവുമില്ലാതെ തിരക്കഥമോഷണം പോലുള്ള ആരോപണമുന്നയിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും? അദ്ദേഹത്തിന് നിയമപരമായി എനിക്കെതിരെ കേസ് കൊടുക്കാമായിരുന്നല്ലോ? അപ്പോൾ പ്രശ്നം ഞാനല്ല..സംവിധായകൻ നാദിർഷയാണ്. ഒരു സംവിധായകൻ എന്ന നിലയിലുള്ള ഇടപെടലുകൾ നാദിർഷിക്ക നടത്തിയതല്ലാതെ ഈ കഥ പൂർണ്ണമായും എന്റേത് മാത്രമാണ്.സത്യമെന്തെന്നറിയാതെ കമൻ്റിടുന്നവരും, സോഷ്യൽ മീഡിയയിൽ തൂക്കികൊല്ലാൻ വിധിക്കുന്നവരും സിനിമ കണ്ടിട്ട് ആരോപണം ഉന്നയിച്ചയാൾക്കെതിരെ തിരിച്ച് കമൻ്റുമെന്നും, സത്യം ഷെയർ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button