GeneralLatest NewsMollywoodNEWSSocial Media

‘മോനേ എനിക്കൊരു സിനിമ ചെയ്യണമെടാ’, അദ്ദേഹം അവസാനം എന്നോട് പറഞ്ഞത്: നൗഷാദിന്റെ ഓർമ്മയിൽ ബാദുഷ

നൗഷാദിനൊപ്പം ചെയ്യാനിരുന്ന നടക്കാതെപോയ ബിജു മേനോന്‍ പ്രോജക്റ്റിനെക്കുറിച്ച് ബാദുഷ

ഏവരെയും ദുഃഖത്തിലാഴ്ത്തികൊണ്ടായിരുന്നു നിർമ്മാതാവ് നൗഷാദിന്റെ വിയോഗം. ഇന്ന് രാവിലെയായിരുന്നു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹം വിടവാങ്ങിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം അറിയിച്ചുകൊണ്ട് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ആശുപത്രിയിൽ കിടക്കുമ്പോഴും അദ്ദേഹം തന്നോട് സിനിമയെ കുറിച്ചാണ് പറഞ്ഞതെന്ന് ബാദുഷ പറയുന്നു. ഒരിക്കൽ തന്നെ വിളിച്ചിട്ട് നമുക്ക് ഒരു സിനിമ ചെയ്യണമെന്നും, താൻ ബിജു മേനോനെ നായകനാക്കി കൊണ്ടുള്ള ഒരു പ്രോജക്ടിനെ കുറിച്ച് പറഞ്ഞെന്നും. എന്നാൽ അത് ചെയ്യാൻ നിൽക്കാതെ അദ്ദേഹം വിടവാങ്ങിയെന്നും ബാദുഷ കുറിക്കുന്നു.

ബാദുഷയുടെ വാക്കുകൾ:

ശ്രീ നൗഷാദ് അഞ്ച് സിനിമകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നിച്ചൊരു സിനിമ ചെയ്യാൻ സാധിച്ചിട്ടില്ല. എങ്കിലും ഞങ്ങൾ തമ്മിൽ നല്ല അടുപ്പമുണ്ടായിരുന്നു. കുരുക്ഷേത്ര എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നൗഷാദ് ഇക്കയെ പരിചയപ്പെടുന്നത്. അന്ന് കാശ്മീരിലെ കാർഗിലിൽ അദ്ദേഹം വന്നിരുന്നു. ഓക്സിജൻ ലഭ്യത വളരെ കുറഞ്ഞ പ്രദേശമാണ് കാർഗിൽ. 10 മിനിറ്റ് നടന്നാൽ നാം വല്ലാതെ കിതയ്ക്കും. അവിടേയ്ക്ക് വലിയ ശരീരവും വച്ച് അദ്ദേഹം നടന്നുവരുന്ന കാഴ്ച ഇന്നും മനസിലുണ്ട്. അവിടെ വച്ചാണ് അദ്ദേഹത്തെ നേരിട്ട് കാണുന്നത്.

പിന്നീട് പല ചടങ്ങുകളിൽ അദ്ദേഹത്തെ കണ്ടു. എന്‍റെ വീടിന്‍റെ കേറിത്താമസത്തിന് കാറ്ററിങ് അദ്ദേഹത്തിന്‍റേതായിരുന്നു. അങ്ങനെ ഞങ്ങളിലെ സൗഹൃദം വളർന്നു. മിക്കപ്പോഴും ഫോണിൽ സംസാരിക്കും, നേരിൽ കാണും. ഒരുമിച്ച് സിനിമകൾ ചെയ്യുന്നതിനെക്കുറിച്ച് പറയും. എന്നാൽ ഇതുവരെ അത് യാഥാർഥ്യമായില്ല. 2018ലെ ‘അമ്മ’ ഷോയ്ക്കിടെ അബുദബിയിൽ അദ്ദേഹം വന്നിരുന്നു. മൂന്നാല് ദിവസം എന്‍റെ കൂടെയായിരുന്നു താമസം. നാല് മാസം മുമ്പ് രോഗം മൂർച്ഛിച്ച് ആശുപത്രിയിലാണെന്നറിഞ്ഞ് ഞാനും നിർമാതാവ് ആന്‍റോ ജോസഫും അവിടെ പോകാറുണ്ടായിരുന്നു. റൂമിലേക്ക് മാറ്റിയ ഒരു ദിവസം ഞങ്ങളെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ഞങ്ങൾ അവിടെ ചെല്ലുകയും ചെയ്തു. അതിന്‍റെ തലേന്നാൾ നൗഷാദ് ഇക്കയുടെ ജന്മദിനമായിരുന്നു. അവിടുത്തെ സ്റ്റാഫിനും ഡോക്ടർമാർക്കുമൊപ്പമാണ് അദ്ദേഹം ജന്മദിനമാഘോഷിച്ചത്. ആ സന്തോഷത്തിലിരിക്കുമ്പോഴാണ് ഞങ്ങൾ എത്തിയത്. കുറേനേരം വലിയ സന്തോഷത്തോടെ അദ്ദേഹം സംസാരിച്ചു. പിന്നീട് ആശുപത്രിയിലെ കാര്യങ്ങൾക്ക് അദ്ദേഹം ഇടയ്ക്കിടയ്ക്ക് വിളിക്കുമായിരുന്നു. അവസാനം അദ്ദേഹവുമായി സംസാരിച്ചത് ഒരു മാസം മുമ്പായിരുന്നു.

തിരുവല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് അഞ്ച് ദിവസം മുമ്പായിരുന്നു ഫോണിൽ വിളിച്ചത്. വലിയ സങ്കടത്തോടെയായിരുന്നു അന്ന് എന്നെ വിളിച്ചത്. ഐസിയുവിലാക്കി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ഇക്കയുടെ ഭാര്യ അദ്ദേഹത്തെ വിട്ടുപിരിഞ്ഞത്. ഭാര്യയുടെ മൃതദേഹം ഐസിയു വിൽ കിടന്നാണ് അദ്ദേഹം കണ്ടത്. അദ്ദേഹത്തിന്‍റെ രോഗവിവരങ്ങൾ കൃത്യമായി അന്വേഷിക്കാറുണ്ടായിരുന്നു. ഒരാഴ്ച മുമ്പാണ് രോഗം മൂർച്ഛിച്ച് ആരോഗ്യം വളരെ വഷളായിരിക്കുന്നു എന്നറിഞ്ഞത്. സംവിധായകൻ ബ്ലസി സാറാണ് വിവരം അറിയിക്കുന്നത്. വെന്‍റിലേറ്ററില്‍ ആയ അദ്ദേഹത്തെ അവസാനമായി കഴിഞ്ഞ ദിവസം കണ്ടു. എന്നാൽ തിരിച്ചറിയാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല.

മലയാള സിനിമാ പ്രവർത്തകർക്ക് ആഘോഷങ്ങൾ സമ്മാനിച്ചയാളാണ് നമ്മെ വിട്ടു പോയത്. അദ്ദേഹത്തിനൊപ്പം ആ സിനിമ ചെയ്യാൻ ഭാഗ്യമുണ്ടായില്ലെങ്കിലും വലിയ ഇഷ്ടമായിരുന്നു എന്നെ, എനിക്ക് അദ്ദേഹത്തെയും. ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, മോനെ എനിക്കൊരു സിനിമ ചെയ്യണമെടാ.. അദ്ദേഹത്തിന് ഏറ്റവുമിഷ്ടമുള്ള ടീമായ ഷാഫിയെയും ബെന്നി പി നായരമ്പലത്തെയും ബിജു മേനോനെയും വച്ച് ഞാനൊരു പ്രൊജക്ട് പറയുകയും അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. അസുഖം ഭേദമായി വന്നു കഴിയുമ്പോൾ എനിക്ക് നീ ആദ്യമത് ചെയ്തുതരണമെന്നും പറഞ്ഞു. അതെല്ലാം ഞാൻ സെറ്റ് ചെയ്തു വച്ചിരുന്നതുമാണ്. പക്ഷേ അതിനൊന്നും നിൽക്കാതെ അദ്ദേഹം യാത്രയായി. ശ്വാസത്തോടെ ഇരിക്കുന്ന അദ്ദേഹത്തെ അവസാനമായി കാണാൻ ഒരു ഭാഗ്യമുണ്ടായി എന്നുമാത്രം ആശ്വാസം. അദ്ദേഹത്തിന്‍റെ ചിരിക്കുന്ന മുഖം മനസിൽ നിന്നു മായുന്നില്ല. 13 വയസുള്ള നഷ്‌വ എന്ന മോളാണ് ഇക്കയ്ക്കുള്ളത്. നഷ്‌വയെ നമ്മുക്ക് ചേർത്തുനിർത്താം. എല്ലാവരെയും നല്ല ഭക്ഷണമൂട്ടിയ, സന്തോഷങ്ങൾ മാത്രം പകർന്ന നൗഷാദ് ഇക്ക… എന്നും ഓർക്കും നിങ്ങളെ… വിട..

shortlink

Related Articles

Post Your Comments


Back to top button