GeneralLatest NewsNEWS

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ അഭിനയ രംഗത്തേക്ക്

കണ്ണൂര്‍: നടി ആന്‍ അഗസ്റ്റിന്‍ അഭിനയ രംഗത്തേക്ക് തിരികെയെത്തുന്നു. ആറ് വര്‍ഷത്തിന് ശേഷം എം. മുകന്ദന്‍ ആദ്യമായി തിരക്കഥ എഴുതി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെയാണ് ആന്‍ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സോളോ’ എന്ന ചിത്രത്തിനു ശേഷം നടി അഭിനയിക്കുന്ന സിനിമ കൂടിയാണിത്.

മാഹിയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സുരാജിനെ നായകനാക്കി ഈ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു.

‘കഥ ഇറങ്ങിയ ഉടന്‍ തന്നെ ഞാന്‍ അതിന്റെ അവകാശം വാങ്ങി, ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഈ സിനിമ നിര്‍മ്മിക്കാമെന്ന് കരുതിയ ഉടന്‍ തന്നെ സുരാജിനെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്നത്തെ ‘സ്റ്റാര്‍ഡം’ അന്ന് അദ്ദേഹത്തിനില്ല. പിന്നീട് ഈ അടുത്താണ് ആന്‍ അഗസ്റ്റിനോട് ഈ സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചത്, ആന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു’ എന്നായിരുന്നു ഹരികുമാറിന്റെ പ്രതികരണം.

കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍, ബേനസീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എന്‍. അഴകപ്പന്‍ നിര്‍വഹിക്കുന്നു.

സാഹിത്യകാരന്‍ എം. മുകുന്ദന്‍ ആദ്യമായി തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണിത്. എം. മുകുന്ദന്‍ തന്നെ എഴുതിയ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന കഥയുടെ ദൃശ്യാവിഷ്‌ക്കാരമാണ് ഈ ചിത്രം. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

shortlink

Related Articles

Post Your Comments


Back to top button