Latest NewsNEWSSocial Media

‘അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല വിഡ്ഢിയുടെ വിലാപവുമല്ല, ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസം’: വൈറലായി ടോവിനോയുടെ പോസ്റ്റ്

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. 2012 ലാണ് പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ ടൊവിനോ തോമസ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ടൊവിനോ തന്റെ ശക്തമായ സ്വാധിനം അറിയിച്ചുവെങ്കിലും പൃഥ്വിരാജ് ചിത്രം ‘7th ഡേ’ യും ‘എന്ന് നിന്റെ മൊയ്തീനു’മാണ് ടൊവിനോക്ക് സിനിമയില്‍ വഴിത്തിരിവ് സമ്മാനിച്ചത്.

കഴിഞ്ഞ 24 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ റീലീസ് ചെയ്ത താരത്തിന്റെ ‘മിന്നല്‍ മുരളി’ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ടൊവിനോയുടെ മറ്റൊരു പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നുണ്ട്.

2011ല്‍ ടൊവിനോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇത്. ‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്’ എന്നാണ് കുറിപ്പില്‍ പറയുന്നത്.

നിരവധി ആളുകളാണ് അന്നത്തെ പോസ്റ്റില്‍ നെഗറ്റീവ് കമന്റുകള്‍ ഇട്ടിട്ടുള്ളത്.’നീ വിഷമിക്കേണ്ട, സത്യമായിട്ടും സിനിമയില്‍ ലൈറ്റ് ബോയ് ആകുമെടാ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതൊരു വെല്ലുവിളിയാണെന്നും അയാള്‍ അന്നു പറഞ്ഞിരുന്നു. പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അന്നും ടൊവിനോ മറുപടി പറഞ്ഞിരുന്നു. നിങ്ങളുടെ പ്രതികരണങ്ങളൊക്കെ സ്വീകരിക്കുന്നുവെന്നും തന്നെ കളിയാക്കി കഴിഞ്ഞവര്‍ ഒരുതവണ കൂടി ഈ കുറിപ്പ് വായിക്കണമെന്നുമായിരുന്നു അന്ന് ടൊവിനോ മറുപടിയായി എഴുതിയത്.

എന്തായാലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വീണ്ടും വൈറല്‍ ആയി കഴിഞ്ഞു. ടൊവിനോയെ അനുകരിച്ച് നിരവധി ആളുകളാണ് ഇത്തരത്തില്‍ ഫേസ്ബുക്കില്‍ കുറുപ്പുകള്‍ എഴുതി ഇടുന്നത്. ഈ നെഗറ്റീവ് കമെന്റ് ഒക്കെ ചെയ്തവര്‍ ഇപ്പോള്‍ എവിടെയാണ് എന്നാണ് വൈറല്‍ പോസ്റ്റുകളിലെ കമന്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button