CinemaLatest NewsMollywoodWOODs

‘നവോത്ഥാനം’: ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യയുടെ നാടകയാത്രയ്ക്ക് 8ന് കൊല്ലത്ത് തുടക്കം

മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികത്തിലാണ് നവോത്ഥാനം പ്രേക്ഷകരിലേക്ക് എത്തുന്നത്

കൊല്ലം: നാടകത്തിന്റേയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടേയും സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യ ഒരുക്കിയ ‘നവോത്ഥാനം’ നാടകത്തിന്റെ ദക്ഷിണ മേഖലാ യാത്രയ്ക്ക് കൊല്ലത്ത് തുടക്കം.

കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ജൂണ്‍ എട്ട് വൈകിട്ട് ആറിന് നവോത്ഥാനം ഡിജിറ്റല്‍ പതിപ്പ് , സിപിഐ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് രീതിയിലാണ് നാടകത്തിന്റെ രംഗാവതരണം സജ്ജീകരിച്ചിരിക്കുന്നത്. ജൂണ്‍ ഒന്‍തിന് വൈകിട്ട് ആറിന് നാടകത്തിന്റെ ബ്ലാക്ക് ബോക്‌സ് പതിപ്പിന്റെ ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കും.

2023ലെ പ്രഥമ പ്രൊഫഷണല്‍ നാടകമെന്ന് ഖ്യാതിയോടെ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികത്തിലാണ് നവോത്ഥാനം പ്രേക്ഷകരിലേക്ക് എത്തുന്നത്. കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളായ കുമാരനാശാന്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യങ്കാളി, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, തുടങ്ങിയവരുടെ തീവ്ര ജീവിത യാഥാര്‍ഥ്യങ്ങളിലൂടെയാണ് നാടകം കടന്നുപോകുന്നത്.

സുപ്രസിദ്ധ സിനിമാ-നാടക സംവിധായകന്‍ പ്രമോദ് പയ്യന്നൂരാണ് നവോത്ഥാനത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശ്രീകുമാരന്‍ തമ്പി, പ്രഭാവര്‍മ്മ തുടങ്ങിയവരുടെ ഗാനങ്ങള്‍ യേശുദാസ്, ചിത്ര, ജയചന്ദ്രന്‍, പുഷ്പവതി, അന്‍വര്‍ സാദത്ത്, മധുശ്രീ നാരായണന്‍ എന്നിവര്‍ ആലപിക്കുന്നു.

സംഗീതം രമേശ് നാരായണന്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍, പട്ടണം റഷീദ്, ഇന്ദ്രന്‍സ് ജയന്‍ തുടങ്ങിയ പ്രതിഭകള്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. നാടകരചന അഡ്വ. മണിലാലും പ്രമോദ് പയ്യന്നൂരും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

കണ്ണൂരിലേയും, തൃശ്ശൂരിലേയും ശ്രദ്ധേയ അവതരണങ്ങള്‍ക്ക് ശേഷം കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുശ്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചും നവോത്ഥാനം നാടകം പ്രദര്‍ശിപ്പിച്ചിരുന്നു. കൊല്ലത്ത് നടക്കുന്ന ദക്ഷിണ മേഖലാ യാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവേശനം പാസ് മൂലമാണ്.

കൊല്ലം പ്രസ്സ് ക്ലബ്ബില്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍, രചയ്താവ് അഡ്വ. മണിലാല്‍, ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യ സെക്രട്ടറി ആയുഷ് ജെ പ്രതാപ്, മാനേജര്‍ കെ പി എ സി ലീലാകൃഷ്ണന്‍, സ്വാഗത സംഘം ഭാരവാഹികളായ എസ് സുവര്‍ണകുമാര്‍, പ്രൊഫ. ജി മോഹന്‍ദാസ്, ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട് എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button