CinemaGeneralLatest NewsNEWS

ബിജുവിനെ അപമാനിച്ച രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി നിർത്താൻ സർക്കാർ തയ്യാറാകണം: സന്ദീപ് വാചസ്പതി

സംവിധായകൻ ഡോ. ബിജുവിനെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ നടനും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനെതിരെ വിമർശനം ശക്തമാകുന്നു. ബിജുവിനെ അപമാനിച്ച രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി നിർത്താൻ സർക്കാർ തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. രഞ്ജിത്ത് സി.പി.എം അടിമയാണെന്ന് കരുതി അയാളെ ചുമക്കാനുള്ള ബാധ്യത കേരളത്തിനില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ബിജു ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കി എന്നായിരുന്നു രഞ്ജിത്ത് ആരോപിച്ചത്. അദ്ദേഹത്തിന്റെ സിനിമ ഇപ്പോൾ തീയേറ്ററിൽ റിലീസ് ചെയ്തു. അതിനു തീയേറ്ററിൽ ആളുകൾ കയറിയില്ല, ഡോക്ടർ ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ടതുണ്ട് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. രഞ്ജിത്തിന് മറുപടിയുമായി ബിജു നേരിട്ട് രംഗത്തെത്തിയിരുന്നു. താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങൾക്കും നന്ദി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമ എന്നാൽ ആൾക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരിമിത ധാരണയ്ക്കും നന്ദിയെന്നാണ് ഇതിന് മറുപടിയായി സംവിധായകൻ ഡോ. ബിജു കുറിച്ചത്.

സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

രഞ്ജിത്തിൻ്റെ സിനിമകളിൽ കിണ്ടിയും നിലവിളക്കും കാണിച്ചത് സംഘപരിവാർ അജണ്ട ആണെന്ന് പറഞ്ഞ് കാടിളക്കി നടന്നവന്മാർ ഒക്കെ ഇപ്പൊ നാക്കുളുക്കി ഇരിക്കുകയാണ്. മലയാളത്തെ രാജ്യാന്തര സിനിമ വേദികളിൽ അടയാളപ്പെടുത്തിയ മികച്ച കലാകാരനാണ് ഡോ. ബിജു. അദ്ദേഹത്തെ ഇകഴ്ത്തിയ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെ മാടമ്പിത്തരത്തിനെ ചോദ്യം ചെയ്യാൻ ‘സാംസ്കാരിക നായകൻ’ എന്ന മേലങ്കി അണിയുന്ന ഒരുത്തനും തൻ്റേടം ഇല്ലാത്തത് അയാൾ കമ്മ്യൂണിസ്റ്റ് അടിമ ആണെന്ന് അറിയുന്നത് കൊണ്ടാണ്.
രഞ്ജിത്ത് അയാളുടെ ഫ്യൂഡൽ മനോഭാവം പുറത്തെടുക്കുന്നത് ഇതാദ്യമല്ല. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് വിനയൻ സംവിധാനം ചെയ്ത സിനിമയെ പരിഗണിക്കാതെ അദ്ദേഹത്തെ അവഹേളിക്കാനും ഇയാൾ തയ്യാറായിരുന്നു. അന്നും ഇയാളെ സംരക്ഷിച്ചത് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആയിരുന്നു. സിപിഎം അടിമ ആയാൽ ആർക്കും ആരെയും അവഹേളിക്കാൻ ലൈസെൻസ് കിട്ടും എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ.
രാജ്യാന്തര പ്രശസ്തനായ ഡോ ബിജുവിനെ അപമാനിച്ച രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി നിർത്താൻ സർക്കാർ തയ്യാറാകണം. സിപിഎം അടിമ ആയത് കൊണ്ട് അയാളെ ചുമക്കാനുള്ള ബാധ്യത കേരളത്തിനില്ല.

shortlink

Related Articles

Post Your Comments


Back to top button