Film ArticlesGeneralLatest NewsMollywoodNEWS

ജനപ്രിയ നായകൻ്റെ ഭാഗ്യ നമ്പർ: നാല് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ജൂലൈ 4

താരത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ പിറന്നത് ജൂലൈ 4- നായിരുന്നു.

മലയാള സിനിമയിൽ മിമിക്രിയിലൂടെ എത്തി, ജനപ്രിയതാര പരിവേഷം സ്വന്തമാക്കിയ നടനാണ് ദിലീപ്. സംവിധാന സഹായി ആയി കടന്നുവരുകയും ചെറിയ വേഷങ്ങളിലൂടെ നായകനിരയിലേയ്ക്ക് ഉയരുകയും ചെയ്ത ദിലീപിന്റെ ചലച്ചിത്ര ജീവിതത്തിലെ ഭാഗ്യ ദിനമാണ് ജൂലൈ 4 .അങ്ങിനെയൊരു ബോധം സൃഷ്ടിക്കപ്പെടാൻ കാരണം താരത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ പിറന്നത് ജൂലൈ 4- നായിരുന്നു.

ദിലീപ് എന്ന താരത്തിൻ്റെ വളർച്ച മറ്റ് പല നായകനടൻമാരുടേയും വളർച്ചാ വഴികൾ പോലെ.തന്നെയായിരുന്നു. തൊണ്ണൂറുകളുടെ ഒന്നാം പകുതിയിൽ ചലച്ചിത്രങ്ങളിൽ മിന്നി മറയുന്ന കഥാപാത്രങ്ങൾ. [എന്നോടിഷ്ടം കൂടാമോ ,സൈന്യം ഉൾപ്പെടെ ഉള്ളവ] , പിന്നീട് നാലു പേരിലും മൂന്നു പേരിലും നായകരിൽ ഒരാളായി [ മാനത്തെ കൊട്ടാരം ,ത്രീ മെൻ ആർമി, ആലഞ്ചേരി തമ്പ്രാക്കൾ ] ഉള്ള അഭിനയ ജീവിതം . തൊണ്ണൂറുകളുടെ മധ്യത്തിൽ എത്തുമ്പോഴേക്കും നായകനിരയിലേക്ക് ഉള്ള മാറ്റം. [പടനായകൻ ,സല്ലാപം ,ഈ പുഴയും കടന്ന് ,കുടമാറ്റം ഉൾപ്പെടെയുള്ള ചിത്രങ്ങൾ]

read also: ‘പാമ്പാടും ചോലൈ’: തമിഴ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു

 

ദിലീപിനൊപ്പം മനോജ് കെ ജയൻ, വിജയരാഘവൻ ,ബിജു മേനോൻ ഉൾപ്പെടെയുള്ളവരും നായക നിരയിലുണ്ടായിരുന്നു .ഈ ചിത്രങ്ങൾ വിപണിയിൽ നേടിയ വിജയങ്ങൾ ദിലീപ് എന്ന താരത്തിനു നായകനിരയിൽ കാലുറപ്പിക്കാനുള്ള ബലം കൊടുത്തു. മോഹൻലാൽ, ജയറാം, മുകേഷ് ആദിയായ താരങ്ങൾ നേടിയെടുത്ത ഇടത്തിലാണ് ദിലീപിന് തൻ്റേതായ ഇടം കണ്ടെത്തേണ്ടി വന്നത്. സൂപ്പർ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടി വിജയം വരിച്ച ഒരു ഓണ നാളിൽ ഹരികൃഷ്ണൻസിനും സമ്മർ ഇൻ ബത് ലഹേമിനും പിന്നാലെ തിയറ്ററിലെത്തിയ പഞ്ചാബി ഹൗസിലൂടെ അത്ഭുതകരമായ വിജയം നേടിയെടുക്കാൻ ദിലീപിന് കഴിഞ്ഞു. ജനപ്രിയ ചലച്ചിത്രങ്ങളിലെ ദിലീപിൻ്റെ താരസ്വരൂപത്തിൻ്റെ വളർച്ച ഇത്തരത്തിലായിരുന്നു. മില്ലേനിയത്തിലെത്തുമ്പോൾ ജോക്കർ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തൻ്റെ പ്രതിഭയെ ദിലീപ് ചലച്ചിത്ര ചരിത്രത്തിൽ രേഖപ്പെടുത്തി വെയ്ക്കുന്നുണ്ട്. ഇഷ്ടം, മഴത്തുള്ളിക്കിലുക്കം ,കുബേരൻ ,കുഞ്ഞിക്കൂനൻ ,മീശ മാധവൻ ,കല്യാണരാമൻ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ വമ്പൻ വിജയങ്ങളിലൂടെ ദിലീപ് സൂപ്പർ താരപദവി നേടിയെടുത്തു.

താരത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ വിശകലനം ചെയ്യുമ്പോൾ വ്യക്തമാക്കുന്നത് ആ ചലച്ചിത്രങ്ങളെല്ലാം പിറന്നത് ജൂലൈ 4 നായിരുന്നു. യഥാർത്ഥത്തിൽ കൃത്യമായ പ്ലാനിങ്ങിൻ്റെ അടിസ്ഥാനത്തിൽ ജൂലൈ 4 ഭാഗ്യദിനമായി തിരഞ്ഞെടുക്കപ്പെട്ടതല്ല. യാദൃശ്ചികമായി സംഭവിച്ചതാണെന്നു മാത്രം. ഈ പറക്കും തളിക, മീശമാധവന്‍, സി ഐഡി മൂസ, പാണ്ടിപ്പട ഈ നാല് സിനിമകള്‍ തിയേറ്ററുകളിലേക്കെത്തിയത് ജൂലൈ 4നായിരുന്നു.

മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രങ്ങളിലൊന്നായിരുന്നു ഈ പറക്കും തളിക പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ തിയറ്ററിൽ തീർത്ത ഈ ചിത്രം ഒരുക്കിയത് താഹയായിരുന്നു പ്രാരാബ്ദക്കാരനായ ഉണ്ണിയുടെ ജീവിതാവസ്ഥകളെ നർമ്മ മധുരമായി അവതരിപ്പിച്ച പറക്കും തളിക ആബാലവൃദ്ധം ജനങ്ങൾക്കും ഇഷ്ടപ്പെട്ടു. 2001ലെ ജൂലൈ 4 ലായിരുന്നു ഈ പറക്കും തളിക പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. നിത്യ ദാസ് നായികയായി എത്തിയ ചിത്രത്തിൽ ഉണ്ണിയായി ദിലീപും സുന്ദരനായി ഹരിശ്രീ അശോകനും തകർത്തു. കളക്ഷൻ റെക്കോഡിൽ’ പുതിയൊരു ചരിത്രം പറക്കും തളിക സൃഷ്ടിച്ചു. താമരാക്ഷൻ പിള്ള ബസ് പോലും പ്രേക്ഷകരുടെ ഉള്ളിൽ നിൽക്കുന്നുണ്ട്. ഇന്നും ടെലിവിഷൻ പ്രീമിയറിൽ ഈ ചിത്രത്തിന് ആരാധകർ ഏറെയാണ്.

2002 ജൂലെ 4ന് തിയേറ്ററുകളിലേക്കെത്തിയ മീശമാധവൻ എന്ന ലാൽ ജോസ് ചിത്രമാണ് ദിലീപിന്റെ ജനപ്രിയ വേഷങ്ങളിൽ ഏറ്റവും പ്രിയം. ‘ചേക്കിലെ സ്വന്തം കള്ളൻ്റെ ജീവിതം’ പറഞ്ഞ മീശ മാധവൻ ഇൻഡസ്ട്രിയൽ ഹിറ്റായിരുന്നു . വിതരണവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ ചില പ്രതിസന്ധികളുണ്ടായിരുന്നുവെങ്കിലും കള്ളന്‍ മാധവനും സംഘവും അവയെ അതിജീവിച്ച് മുന്നേറുകയായിരുന്നു. മാധവന്റെ സന്തതസഹചാരിയായി ഈ ചിത്രത്തിലും ഹരിശ്രീ അശോകനുണ്ടായിരുന്നു. പിള്ളേച്ചൻ ,വക്കീൽ ,മെമ്പർ ,ഹെഡ് കോൺസ്റ്റബിൾ ,കള്ളൻ ,ലൈൻമാൻ ,പട്ടാളക്കാരൻ പുരുഷു ,തുടങ്ങി ചിത്രത്തിലെ ഭൂരിപക്ഷം കഥാപാത്രങ്ങളും പ്രേക്ഷകർക്കു മനഃപാഠമായി. നടൻ ഇന്ദ്രജിത്ത് സുകുമാരന് കരിയര്‍ ബ്രേക്ക് കഥാപാത്രമായ ഈപ്പന്‍ പാപ്പച്ചി എന്ന വില്ലൻ പോലീസുകാരനെയും ആരാധകർ ഏറ്റെടുത്തു. തിയറ്ററിൽ തന്നെ ആവർത്തിച്ചാവർത്തിച്ചു കണ്ട പ്രേക്ഷകർ തന്നെ അനേകമാണ് .കംപ്ലീറ്റ് എൻ്റർടെയ്നർ എന്ന നിലയിൽ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ തന്നെ മീശമാധവൻ പുതിയൊരു ട്രെൻഡ് സൃഷ്ടിച്ചു.

സ്ലാപ്സ്റ്റിക് കോമഡി വിഭാഗത്തിൽ പെടുന്ന , ചിത്രമായിരുന്നു സി .ഐ ഡി മൂസ . ലോജിക്കുകൾ നോക്കാതെ, വിനോദം മാത്രം നോക്കുന്നവരുടെ മുൻപിൽ ഇന്നും ക്ലാസിക് ചിത്രമാണ് ജോണി ആന്റണി സംവിധാനം ചെയ്ത സി ഐഡി മൂസ. 2003 ജൂലെ 4നായിരുന്നു ഭാവന ദിലീപ് കൂട്ടുകെട്ടിലെ ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിൽ ബോളിവുഡ് സിനിമാപ്പേരുകള്‍ കോര്‍ത്തുള്ള ഗാനത്തിനു വലിയ പ്രചാരം ലഭിച്ചിരുന്നു. ആശിഷ് വിദ്യാര്‍ത്ഥി, ജഗതി ശ്രീകുമാര്‍, ക്യാപ്റ്റന്‍ രാജു, അബു സലീം, വിജയരാഘവന്‍, സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ, സുകുമാരി, ബിന്ദു പണിക്കര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു .മുഴുനീള കോമഡി ചിത്രമായ മൂസയിൽ എല്ലാവരുടെയും പ്രകടനങ്ങൾ ഗംഭീരമായിരുന്നു .മീശ മാധവനേക്കാൾ മുകളിൽ നിൽക്കുന്ന വിജയം നേടിയ മൂസ ആ വർഷത്തെ ഇൻഡസ്ട്രിയൽ ഹിറ്റായിരുന്നു. ഇപ്പോഴും ടെലിവിഷൻ ചാനലിൽ റിപ്പീറ്റ് ഓഡിയൻസുള്ള ‘ സിനിമകളിലൊന്നാണ് സി.ഐ ഡി മൂസ. അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ള ക്ലാസ് ഡയറക്ടർ ദിലീപിൻ്റെ സി ഐഡി മൂസ തൻ്റെ ഇഷ്ട ചിത്രമാണെന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

തെന്നിന്ത്യന്‍ താരമായ പ്രകാശ് രാജ് ദിലീപിനൊപ്പം പ്രധാന കഥാപാത്രമായി എത്തിയ പാണ്ടിപ്പട പ്രദർശനത്തിനെത്തിയതും മറ്റൊരു ജൂലൈ 4 നായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ഈ ചിത്രം 2005ലെ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കുടുംബത്തിൻ്റെ പ്രാരാബ്ദങ്ങളുമായി റിയൽ എസ്റേറ്റ് ബിസിനസിലിറങ്ങിയ ഭുവനചന്ദ്രൻ്റെ ജീവിതത്തിലെ സംഘർഷങ്ങളെ രസകരമായി ആവിഷ്ക്കരിച്ച ചിത്രമായിരുന്നു പാണ്ടിപ്പട. നവ്യ നായര്‍ നായികയായെത്തിയ ചിത്രത്തില്‍ ദിലീപിനൊപ്പം സലിം കുമാർ ,കൊച്ചിൻ ഹനീഫ ഹരിശ്രീ അശോകൻ തുടങ്ങിയവരുമുണ്ടായിരുന്നു. ഈ മൂന്നു പേരും ദിലീപിൻ്റെ ഈ നാല് ചിത്രങ്ങളിലുമുണ്ടായിരുന്നു എന്നതാണ് ഏറെ രസാവഹം. മലയാള സിനിമയിലെ മുൻനിര കോമഡി താരങ്ങളെ തൻ്റെ ചിത്രങ്ങളിൽ ഉൾപ്പെടുത്തുവാൻ ഈ നായകൻ ക്യത്യമായ ശ്രദ്ധ വെച്ചിരുന്നു.

പറക്കും തളിക ,മീശ മാധവൻ ,സി ഐഡി മൂസ ,പാണ്ടിപ്പട. ഈ നാലു ‘ചിത്രങ്ങളും പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന കാര്യം തൻ്റെ പരിമിതികളെ കഠിനാദ്ധ്വാനങ്ങളിലൂടെ ജനപ്രിയ നായകൻ മറികടന്നു എന്നതാണ്. ജനപ്രിയ നായകനായി താരപദവി ഉറപ്പിച്ചതുകൊണ്ടുതന്നെയാണ് ലോകാത്ഭുതം പോലെ നിർമ്മിച്ച ട്വൻറി ട്വൻ്റി യിൽ അഞ്ചാമത്തെ സൂപ്പർ താരമായി തന്നെ ത്തന്നെ അടയാളപ്പെടുത്തുവാൻ ദിലീപിന് കഴിഞ്ഞത്.

വാൽക്കഷ്ണം

ജൂലൈ 4 ദിലീപിന്റെ രാശിയായി മാറിയെങ്കിലും ചില തിരിച്ചടികളും ഈ ദിവസം ഉണ്ടായി. ജൂലൈ 4 എന്ന പേരിൽ ജോഷി സംവിധാനം ചെയ്ത ചിത്രം വൻ പരാജയമായിരുന്നു. ചിത്രത്തില്‍ റോമയായിരുന്നു നായിക. എന്നാൽ മിക്ക വര്‍ഷത്തിലും ജൂലൈ നാലിന് തന്നെ ജൂലൈ 4 എന്ന സിനിമ പല ചാനലുകളിലും സംപ്രേഷണം ചെയ്യാറുണ്ട്. 2014 ൽ ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ അവതാരം എന്ന ചിത്രവും ജൂലൈ നാലിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് റിലീസ് അഗസ്റ്റിലേക്ക് മാറ്റി. അതിനു ശേഷം നാല് വര്ഷങ്ങൾക്കിപ്പുറത്താണ് ദിലീപിന് ഒരു ജൂലൈ റിലീസ് ഉണ്ടാകുന്നത്. വ്യാസൻ കെ.പി സംവിധാനം ചെയ്ത ‘ശുഭരാത്രി’ 2019 ജൂലൈ ആറിനായിരുന്നു പ്രദർശനത്തിനെത്തിയത് നിർഭാഗ്യവശാൽ. ആ ചിത്രത്തിനും വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല.

രശ്മി, അനിൽ

shortlink

Related Articles

Post Your Comments


Back to top button