GeneralLatest NewsNEWS

നടിയും ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണി അന്തരിച്ചു

സിനിമ-നാടക നടിയും ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണി (മേരി ജോൺ 80) അന്തരിച്ചു. രോഗബാധിതയായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. കൊച്ചിൻ തോപ്പിൻപടി കൂട്ടുങ്കൽ വീട്ടിൽ പരേതരായ അഗസ്റ്റിൻ ബെർണാഡിന്റെയും മറിയക്കുട്ടിയുടെയും മകളായ കൊച്ചിൻ അമ്മിണി 12-ാം വയസ്സിലാണ് നടകവേദിയിലെത്തുന്നത്. നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചു.

‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’, ‘സർവേക്കല്ല്’ എന്നീ നാടകങ്ങളിൽ പാടി അഭിനയിച്ചു. 1961ൽ മലയാളത്തിലെ ആദ്യ കളർ ചിത്രം കണ്ടംബെച്ച കോട്ടിലൂടെ സിനിമയിലെത്തി. 1951ൽ പുറത്തിറങ്ങിയ ജീവിതനൗകയിലൂടെയാണ് ഡബ്ബിങ് കലാകാരിയാകുന്നത്. 13 വർഷം ശാരദ, കുശലകുമാരി, രാജശ്രീ, വിജയനിർമല, ഉഷാകുമാരി, കെ.ആർ.വിജയ, ദേവിക, വിജയശ്രീ, പൂർണിമ ജയറാം തുടങ്ങിയവർക്കായി ഡബ്ബ് ചെയ്തു.

ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 1967ൽ പുറത്തിറങ്ങിയ സിനിമയിൽ രണ്ടു ഗാനങ്ങൾ പാടി. അഗ്നിപുത്രി എന്ന നാടകത്തിൽ വയലാർ എഴുതി അമ്മിണി പാടിയ കണ്ണുതുറക്കാത്ത ദൈവങ്ങളേ’ എന്നഗാനം ഹിറ്റായി.

Read Also:- ‘ആധാർ കാർഡ് ഉള്ള എല്ലാവർക്കും ലളിതമായി ട്വിറ്റർ അക്കൗണ്ട് വേരിഫിക്കേഷൻ ലഭിക്കണം’: കങ്കണ

തോക്കുകൾ കഥ പറയുന്നു, അടിമകൾ, ഭാര്യമാർ സൂക്ഷിക്കുക, വാഴമായം, അഞ്ച് സുന്ദരികൾ, കണ്ണൂർ ഡീലക്സ്, സരസ്വതി, ജനനി ജന്മഭൂമി, ശാപശില, ഡോക്ടർ ലൂസി, ഉണ്ണിയാർച്ച, ഇരുളും വെളിച്ചവും, ദി ഹണ്ടർ തുടങ്ങിയവയാണ് കൊച്ചിൻ അമ്മിണി അഭിനയിച്ച പ്രധാന ചിത്രങ്ങൾ. സീരിയലുകളിലും അഭിനയിച്ചു. സംഗീത നാടക അക്കാദമി പുരസ്കാരം, തിക്കുറിശ്ശി സ്മാരക പുരസ്കാരം, ഒ. മാധവൻ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button