CinemaGeneralKollywoodLatest NewsNEWS

‘ദളപതി 65’ ; വിജയ്‌ക്കൊപ്പം മലയാളി താരം അപർണ ദാസ്

മനോഹരം, ഞാൻ പ്രകാശൻ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അപർണ

‘മാസ്റ്ററി’നു ശേഷം വിജയ് നായകനാവുന്ന ചിത്രമാണ് ‘ദളപതി 65’. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയിലെ സണ്‍ ടിവി സ്റ്റുഡിയോയില്‍ വെച്ച് നടന്നിരുന്നു. സിനിമയിൽ മലയാളി താരമായ അപർണ ദാസും എത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

മനോഹരം, ഞാൻ പ്രകാശൻ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അപർണ. വിജയ് ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുന്നത് സ്വപ്ന തുല്യ നിമിഷമാണെന്നും തന്റെ ഭാഗങ്ങൾ മെയ് മാസത്തിൽ ചിത്രീകരിക്കുമെന്നും അപർണ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‘ദളപതി 65ന്റെ ചിത്രീകരണം വ്യാഴാഴ്ച്ച ആരംഭിക്കുമെങ്കിലും എന്റെ ഭാഗങ്ങൾ മെയ് മാസത്തിൽ മാത്രമേ ചിത്രീകരിക്കൂ. ചിത്രത്തിന്റെ പൂജയിൽ ഞാൻ പങ്കെടുത്തിരുന്നു. ആദ്യമായി ഞാൻ വിജയ് സാറിനെ കണ്ടു. ശരിക്കും അതൊരു സ്വപ്നതുല്യമായ നിമിഷമായിരുന്നു’, അപർണ പറഞ്ഞു.

സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. രണ്ട് ദിവസം മാത്രമുള്ള ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ ഇന്ന് ആരംഭിക്കും. ഇതൊരു ഗാനചിത്രീകരണം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിന് ശേഷം സംഘം റഷ്യയിലേക്ക് പോകും. പ്രധാന ഷെഡ്യൂളിന്‍റെ ചിത്രീകരണം അവിടെയാണ്. പൂജ ഹെഗ്‍ഡെയാണ് നായിക.

ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button