ബന്ദികളാക്കിയവരെ ഹമാസ് ബലാത്സംഗം ചെയ്തു, ഗർഭിണിയായ സ്ത്രീകൾക്ക് അബോർഷന് സ്വയം തീരുമാനമെടുക്കാം: ഇസ്രായേൽ

ഗാസയിൽ ഹമാസ് ഭീകരർ ബലാത്സംഗം ചെയ്ത് ഗർഭിണികളാക്കിയ ഇസ്രായേൽ യുവതികൾക്ക് വേണമെങ്കിൽ അബോർഷൻ ചെയ്യാമെന്ന് ഇസ്രായേൽ. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളിൽ ഗര്‍ഭിണികളായവർക്ക് അബോർഷന്റെ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാമെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള പദ്ധതികള്‍ ഇസ്രായേൽ അധികൃതര്‍ തയ്യാറാക്കി തുടങ്ങിയെന്നും പ്രാദേശിക വാര്‍ത്താ മാധ്യമമായ വാല റിപ്പോര്‍ട്ടു ചെയ്തു.

പലസ്തീൻ ഭീകരസംഘടനയായ ഹമാസിൻ്റെ തടവിൽ കഴിയുന്ന നിരവധി സ്ത്രീകൾക്ക് ആർത്തവം നിലച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്ന്, ഒക്ടോബർ 7 ന് ഇസ്രായേൽ ആക്രമണത്തിന് ശേഷം ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ സ്ത്രീകളിൽ അനാവശ്യ ഗർഭധാരണത്തിനുള്ള സാധ്യതകൾ കൈകാര്യം ചെയ്യുന്നതിനുള്ള വിശദമായ പദ്ധതികൾ ഇസ്രായേൽ ഗവൺമെൻ്റ് ആസൂത്രണം ചെയ്യാൻ തുടങ്ങിയതായി പ്രാദേശിക വാർത്താ ഏജൻസിയായ വാല റിപ്പോർട്ട് ചെയ്തു.

130ല്‍ പരം ഇസ്രയേലികളെയാണ് നാലുമാസത്തോളമായി ഹമാസ് ബന്ദിയാക്കി വെച്ചിരിക്കുന്നത്. അതില്‍ യുവതികളും കൗമാരക്കാരായ പെണ്‍കുട്ടികളും ഉള്‍പ്പെടെയുണ്ട്. അവരില്‍ ചിലര്‍ ബലാത്സംഗത്തിനിരയായതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലൈംഗികാതിക്രമത്തിനിരയായി നിലവില്‍ ഗര്‍ഭാവസ്ഥയിൽ കഴിയുന്ന ഇസ്രയേലി ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിനെക്കുറിച്ച് രാജ്യത്തുടനീളമുള്ള ആശുപത്രികളിലും ഗൈനക്കോളജിസ്റ്റുമാരുടെ ഇടയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഗര്‍ഭച്ഛിദ്രത്തിനുള്ള അഭ്യര്‍ത്ഥന സാധാരണ ഗതിയില്‍ പരിഗണിക്കുന്നത് ഒരു സമിതിയാണ്. എന്നാല്‍, ഇതില്‍ ഇളവു വരുത്തുന്നതിന് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നതായി ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. രാജ്യത്തിൻ്റെ ഔപചാരികതകളും നിയമങ്ങളും മറികടന്ന് ഈ സ്ത്രീകൾക്ക് പിന്തുണ നൽകാനുള്ള വഴികൾ ഇസ്രായേൽ ക്ഷേമ-ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഖത്തറും ഈജിപ്ഷ്യൻ അധികൃതരും ഭീകരസംഘടനയുമായി നടത്തിയ ചർച്ചകളിലൂടെയാണ് നാലുദിവസത്തെ കരാർ നീട്ടിയത്.

ഹമാസ് വിട്ടയച്ച ഇസ്രയേലി പൗരന്മാരില്‍ സ്ത്രീകളും പുരുഷന്മാരും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്തതായി അസോസിയേറ്റഡ് പ്രസ് കഴിഞ്ഞ മാസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. കടുത്ത ലൈംഗികാതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഹമാസിന്റെ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട 110 ബന്ദികളില്‍ കുറഞ്ഞത് 10 പുരുഷന്മാരും സ്ത്രീകളും ലൈംഗികമായി ആക്രമിക്കപ്പെടുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് അവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ ഹമാസ് ബന്ദികളാക്കിയ സ്ത്രീകളെ അനുചിതമായ വസ്ത്രങ്ങളോടെ താന്‍ കണ്ടതായി ഹമാസിന്റെ മുന്‍ തടവുകാരിയായ അവീവ സീഗല്‍ അടുത്തിടെ ഇസ്രയേല്‍ അധികൃതരോട് വെളിപ്പെടുത്തിയിരുന്നു. തങ്ങള്‍ തടവിലാക്കിയ സ്ത്രീകളെ ഹമാസ് അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ ഉപയോഗപ്പെടുത്താനും ആവശ്യമുള്ളപ്പോള്‍ ഉപയോഗപ്പെടുത്താനും കഴിയുന്ന പാവകളെപ്പോലെ മാറ്റിയതായും അവര്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും സീഗല്‍ പറഞ്ഞു.

Share
Leave a Comment