വരുമാനം നോക്കാതെ സ്വപ്നങ്ങൾ സാധിക്കണമെന്ന ആവശ്യവുമായി ഭാര്യ ശല്യപ്പെടുത്തുന്നു: ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി

ന്യൂഡൽഹി: വരുമാനം നോക്കാതെ സ്വപ്നങ്ങൾ സാധിക്കണമെന്ന ആവശ്യവുമായി ഭാര്യ ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച് എത്തിയ ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി. ഭർത്താവിന്റെ സാമ്പത്തിക ശേഷിക്ക് അപ്പുറമായി നിരന്തരം സ്വപ്നങ്ങൾ നിറവേറ്റണമെന്ന ആവശ്യവുമായി എത്തുന്ന ഭാര്യമാർ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്ന നിരീക്ഷണത്തോടെയാണ് കോടതി വിവാഹമോചനം അനുവദിച്ചത്.

ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയുള്ള ആവശ്യങ്ങൾ ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭാര്യ ക്രൂരത കാണിക്കുന്നുവെന്ന് കാണിച്ച് ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, നീന ബൻസൽ കൃഷ്ണ എന്നിവരാണ് ഹർജി പരിഗണിച്ചത്.

തങ്ങളുടെ സ്വപ്നങ്ങൾ ആവശ്യങ്ങളായി അവതരിപ്പിക്കുമ്പോൾ അവ സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യതയേക്കുറിച്ച് ബോധ്യം വേണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്ഥിരമായി സാമ്പത്തിക പരിമിതിയേക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് ഉചിതമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കുടുംബ കോടതിയിൽ നിന്ന് വിവാഹ മോചനം അനുവദിച്ച തീരുമാനത്തിനെതിരെ യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പലവിധ സ്വപ്ന സാക്ഷാത്കാരത്തിനായി ഭാര്യമാർ ഭർത്താക്കന്മാരെ സമീപിക്കുന്നത് സാധാരണമാണ്. എന്നാൽ ഒരു പരിധി കഴിയുന്നതോടെ ഇത് ഭർത്താക്കന്മാരിൽ ഗുരുതരമായ മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് കോടതി പറഞ്ഞു.

Share
Leave a Comment