Gulf

നാട്ടിലെത്തണമെന്ന 18 വര്‍ഷത്തെ മോഹം ബാക്കിവെച്ച് നൗഷാദ് യാത്രയായി

കുവൈറ്റ് സിറ്റി: നാട്ടില്‍ പോകാനാകാതെ 18 വര്‍ഷമായി കുവൈറ്റില്‍ കഴിയുകയായിരുന്ന മലയാളി യുവാവ് അസുഖബാധിതനായി മരിച്ചു. മരിച്ചത് ഗുരുവായൂര്‍ കാണിപ്പയ്യൂര്‍ സ്വദേശി പുതുവീട്ടില്‍ ഹസന്‍-മുബീദ ദമ്പതികളുടെ മകന്‍ നൗഷാദ് ( 43 ) ആണ്. നൗഷാദ് ഏതാനും ദിവസങ്ങളായി അദാന്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കെ.എം.സി. സി മെഡിക്കല്‍ വിംഗിന്റെ സഹായത്തോടെയായിരുന്നു താമസ രേഖയോ പാസ്‌പോര്‍ട്ടോ ഇല്ലാതെ രോഗാവസ്ഥയില്‍ അവശനായ നൗഷാദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 18 വര്‍ഷമായി നാട്ടില്‍ പോകാനാകാതെ കുവൈത്തില്‍ കഴിയുന്ന നൗഷാദിനെ കുവൈത്ത് കെ.എം.സി. സി നേതൃത്വം ഇടപെട്ട് ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ നാട്ടില്‍ വിദഗ്ധ ചികിത്സക്കയക്കാന്‍ ശ്രമിച്ചുവരുന്നതിനിടയിലായിരുന്നു അന്ത്യം സംഭവിച്ചത്.

ദുരന്തം നൗഷാദിനെ വേട്ടയാടിയത് രേഖകള്‍ ശരിയാക്കി നാട്ടിലെത്തി കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിച്ചിരിക്കെയാണ്.  കഴിഞ്ഞ ദിവസം കുവൈറ്റിലെ അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ പറ്റുന്ന വിധം സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കുന്നു എന്നറിഞ്ഞതോടെ തനിക്ക് സ്വന്തക്കാരെയും നാടും വീടും കാണാന്‍ കഴിയുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു നൗഷാദ്. എന്നാല്‍ നൗഷാദിന്റെ മടക്കയാത്ര ആ പൊതുമാപ്പിന്റെ ആനുകൂല്യം അനുഭവിക്കാന്‍ കഴിയാതെയാണ്. കെ.എം.സി. സി നേതാക്കളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, എം.ആര്‍ നാസര്‍, സിറാജ് എരഞ്ഞിക്കല്‍, പി.കെ. മുഹമ്മദലി, ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button