News Story

ചെന്നിത്തലയും വി എസ് ശിവകുമാറും പുറത്തേക്ക് ? രണ്ടു ഐ ഗ്രൂപ്പ് മന്ത്രിമാർ ബാർ കോഴ ഇടപാടിലെന്ന ബിജു രമേഷിന്റെ ആരോപണം സുപ്രധാനം; കോണ്ഗ്രസിന് മറ്റൊരു വലിയ പ്രതിസന്ധി

കെ.വി.എസ്.ഹരിദാസ്‌


 

മന്ത്രിമാരായ രമേശ്‌ ചെന്നിത്തലക്കും വി എസ് ശിവകുമാറിനും ബാർ കോഴ ഇടപാടിൽ പങ്കുണ്ടെന്ന ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് ബിജു രമേഷിന്റെ പുതിയ വെളിപ്പെടുത്തൽ സംസ്ഥാന സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കും. ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഈ സുപ്രധാന വിവരം ബിജു രമേശ്‌ പരസ്യമാക്കിയത്. ഇതുപോലൊരു വെളിപ്പെടുത്തൽ ഒരു ടിവി ചാനലിനോട് നല്കിയതിന്റെ പേരിലാണ് എക്സൈസ് മന്ത്രിയായിരുന്ന കെ ബാബുവിന് എതിരെ എഫ് ഐ ആർ രെജിസ്റ്റർ ചെയ്യണമെന്നും മറ്റും തൃശൂർ വിജിലന്സ് കോടതി നിർദ്ദേശിച്ചത് . ലളിത കുമാരി കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ അത് പോലീസ് ചെയ്തെ തീരൂ എന്നതാണ് അവസ്ഥ. ഇന്നിപ്പോൾ സമാനമായ ഒരു വെളിപ്പെടുത്തലാണ് ബിജു രമേശ്‌ മന്ത്രിമാരായ വി എസ് ശിവകുമാറിനും രമേശ്‌ ചെന്നിത്തലക്കുമെതിരെ നടത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ അവർക്കെതിരെയും സ്വയമേവ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ വിജിലന്‍സ് അധികൃതർക്ക് ഉത്തരവാദിത്വമുണ്ട് . അങ്ങിനെവന്നാൽ ആ രണ്ടുമന്ത്രിമാർക്കും സ്ഥാനമോഴിയെണ്ടിയും വരും. അതിനു വിജിലന്സ് തയ്യാറാവുമോ? അതോ, അതൊക്കെ അതിന്റെ വഴിക്ക് എന്നമട്ടിൽ അവർ നീങ്ങുമോ……… കാണേണ്ട കാര്യമാണ്. ഇനി എത്രനാൾ ചെന്നിത്തലക്കും ശിവകുമാറിനും പിടിച്ചു നിൽക്കാൻ കഴിയും എന്ന ചോദ്യം പ്രധാനമാണ്. അതെന്തായാലും ഈ പുതിയ വാർത്തകൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല. വി എം സുധീരന്റെ ജനരക്ഷാ മാർച്ച്‌ തിരുവനന്തപുരത്തു എത്തുന്നതിനു മുൻപേ സംസ്ഥാനത്തെ കൂടുതൽ കോണ്ഗ്രസ് മന്ത്രിമാർക്ക് രാജിവെച്ചോഴിയേണ്ടിവരുന്ന അവസ്ഥ ഉണ്ടായാലോ?.

ഒരാൾ അഴിമതി നടത്തിയെന്ന് ഒരു പരാതിലഭിച്ചാൽ ഉടനെ എഫ് ഐ ആർ ഇടണം എന്നതിൽ വിട്ടുവീഴ്ച പാടില്ല എന്നതാണ് ലളിതകുമാരി കേസികെ വിധിയിൽ പറയുന്നത്. കെ എം മാണിയുടെ കാര്യത്തിൽ അതാണ്‌ വിജിലന്സ് ചെയ്തത്. എന്നാൽ കെ ബാബുവിനെതിരെ അതിനു മുതിരാൻ ചെന്നിത്തലയോ വിജിലൻസോ തയ്യാറായില്ല. അതുകൊണ്ടുതന്നെ കെ എം മാണിയും പാർട്ടിയും അതിരൂക്ഷമായി പ്രതികരിക്കുകയും ചെയ്തുവല്ലോ. തനിക്ക് നീതി നിഷേധിച്ചു എന്നതായിരുന്നു മാണിയുടെ ആക്ഷേപം. പക്ഷെ, ലളിതകുമാരി കേസ് ഉയര്‍ത്തിക്കാട്ടി എഫ് ഐ ആർ ഇടാതെ മാർഗമില്ലായിരുന്നു എന്നതാണ് അന്ന് ചെന്നിത്തലയും മറ്റുമൊക്കെ പറഞ്ഞുകൊണ്ടിരുന്നത്. ആ നിര്‍ബന്ധ ബുദ്ധി പക്ഷെ കെ ബാബുവിന്റെ കാര്യത്തിൽ കാണിക്കാതെ വന്നപ്പോൾ ചിലരെല്ലാം അത് ഉയർത്തിക്കാട്ടുകയും ചെയ്തു. കെ ബാബുവിനെതിരെ ക്യുക്ക് വെരിഫിക്കേഷൻ നടത്തുകയാണ് ചെയ്തത്. അതിൽ ബാബു കുറ്റവാളി അല്ലായെന്ന് വിജിലൻസിന് ബോധ്യപ്പെട്ടു. അതോടെയാണ് പ്രശ്നങ്ങൾ കോടതികയറിയത് . ബാബുവിനെതിരെ പരസ്യമായി അഴിമതി ആരോപണം ഉയർന്നിട്ടും എന്തുകൊണ്ട് എഫ് ഐ ആർ രെജിസ്ടർ ചെയ്തില്ലെന്ന കോടതിയുടെ ചോദ്യമാണ് രാജിക്ക് വഴിവെച്ചത്. അതായത് എഫ് ഐ ആർ ഇട്ടേ തീരൂ എന്ന അവസ്ഥയിലേക്ക് വിജിലന്‍സ് എത്തിപ്പെട്ടു. ഇന്നിപ്പോൾ ചെന്നിത്തലക്കും ശിവകുമാറിനും നേരെ ഉയർന്നിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അവർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തെ പറ്റൂ എന്നതാവും അവസ്ഥ.

ഒരു എഫ് ഐ ആർ ഇട്ടാൽ അതിലുൾപ്പെടുന്ന മന്ത്രി രാജി വെക്കണോ എന്നത് അടുത്ത പ്രശ്നം. കെ എം മാണിക്കെതിരെ എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തെങ്കിലും അദ്ദേഹം രാജിവെച്ചിരുന്നില്ല. അവസാനം ഹൈക്കോടതിയിൽ നിന്ന് ചില പരാമർശങ്ങൾ ഉണ്ടായപ്പോഴാണ് അദ്ദേഹം രാജിക്ക് നിര്‍ബന്ധിതനായത്. അന്ന് മാണിയെ കുടുക്കാനായി ആ കേസ് അന്ന് ഹൈക്കോടതിയിൽ എത്തിച്ചതാണ് എന്ന ആക്ഷേപവും ഉയർന്നിരുന്നു. കെ ബാബുവിന്റെ രാജിക്ക് കാരണമായ പരാമർശങ്ങൾ മനപ്പൂർവ്വം കോടതിയിൽ നിന്ന് വിജിലന്സ് ചോദിച്ചുവാങ്ങിയതാണ് എന്നും കോണ്ഗ്രസ് വൃത്തങ്ങളിൽ കേട്ടിരുന്നുവല്ലോ. അതായത് ഈ രണ്ടു രാജിക്കും കാരണമായത്‌ ആസൂത്രിതമായ നീക്കങ്ങളായിരുന്നു എന്ന തോന്നൽ കോൺഗ്രസുകാരിൽ ഉണ്ടായിട്ടുണ്ട്. അതിനുത്തരവാദി ഐ ഗ്രൂപ്പ് കോൺഗ്രസുകാരും അവരുടെ അധീനതയിലുള്ള വകുപ്പുകളും ആണ് എന്നും ആക്ഷേപം കേട്ടിരുന്നു. അതൊക്കെ ഇനിയുള്ള നാളുകളിൽ കോൺഗ്രസിനുള്ളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടും; അതിനുള്ള അവസരമായി ഈ പുതിയ കോഴ ആരോപണം മാറും എന്നതിൽ സംശയമില്ല. അന്ന് അകപ്പെട്ടത് എ ഗ്രൂപ്പ് നേതാവാണ്‌, മന്ത്രിയാണ്. എന്നാലിന്ന് പെട്ടുപോയിരിക്കുന്നത് ഐ ഗ്രൂപ്പിന്റെ തലവനും ആഭ്യന്തര മന്ത്രിയുമാണ് എന്നത് പ്രധാനമാണല്ലോ.

ഇവിടെ എല്ലാവരും ഉറ്റുനോക്കുന്നത് രണ്ടുപേരുടെ നിലപാടുകളാണ്. ഒന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി; രണ്ടാമൻ, കെ പി സി സി പ്രസിഡന്റ് വിഎം സുധീരൻ. എന്ത് സംഭവിച്ചാലും രാജിവേണ്ട എന്നതാണ് ഉമ്മൻചാണ്ടിയുടെ പ്രഖ്യാപിത നിലപാട്. കെ എം മാണി, കെ ബാബു എന്നിവരുടെ കാര്യത്തിൽ അതാണ്‌ അദ്ദേഹം സ്വീകരിച്ചത്. എന്നാൽ വിഎം സുധീരൻ അങ്ങിനെയല്ല. മാണി സാറിന്റെ പ്രശ്നം വന്നപ്പോൾ അദ്ദേഹം രാജിവേക്കണ്ട എന്നതായിരുന്നു കെ പി സി സി പ്രസിഡന്റിന്റെ പരസ്യ നിലപാട്. എന്തെല്ലാം ആരോപണം മാണിക്ക് എതിരെ ഉയർന്നപ്പൊഴും സുധീരന് ധാർമ്മിക പ്രശനമൊന്നും ഉണ്ടായില്ല. അത് പലവട്ടം പരസ്യമായി മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറയുകയും ചെയ്തു. പക്ഷെ, കെ ബാബുവിനെ സംബന്ധിച്ച ആക്ഷേപം ഉയർന്നപ്പോൾ സുധീരൻ പെട്ടെന്ന് തന്നെ രാജിആവശ്യപ്പെടുന്ന മട്ടിൽ സംസാരിച്ചു. ബാബുവിനോടും മാണി സാറിനോടും സുധീരന് രണ്ടു നിലപാടാണ് ഉണ്ടായിരുന്നത് എന്നർഥം. അതിനൊക്കെ പിന്നാലെ ആണ് ചെന്നിത്തലയും ശിവകുമാറും പ്രതിക്കൂട്ടിലകപ്പെടുന്നത്.

ചെന്നിത്തല നിസാരനല്ല എന്നതും കണക്കിലെടുക്കണം. ഐ ഗ്രൂപ്പിന്റെ തലവനാണ്; ആഭ്യന്തര മന്ത്രിയുമാണ്. അത്തരമൊരാൾ രാജിവെക്കേണ്ടിവന്നാൽ അത് ഈ സമയത്ത് വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല. ഒരു പക്ഷെ സർക്കാറിന് പിടിച്ചു നില്ക്കാൻ പോലും ആവാതെ വരും. അത് എന്തായാലും വിജിലന്സ് മന്ത്രിയായി ചെന്നിത്തലക്ക് തുടരാൻ കഴിയില്ല എന്നത് കണ്ണടച്ചുകൊണ്ട് പറയാം. ആഭ്യന്തരവും വിജിലന്സ് വകുപ്പുമല്ല, മന്ത്രിപദവും അദ്ദേഹത്തിനു ഒഴിയേണ്ടി വന്നേക്കാം. ബാബുവിന് ഒരു ന്യായം, ചെന്നിത്തലക്കും ശിവകുമാറിനും മറ്റൊരു നിലപാട് എന്നത് അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണല്ലോ. ഇവിടെ ഉമ്മൻ ചാണ്ടിയും സുധീരനും എന്ത് നിലപാട് കൈക്കൊള്ളും എന്നതാണ് കാണേണ്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button