ChilambuWriters' Corner

കനകാംബര പൂവിന്റെ ഈറൻ ഗന്ധമേറ്റ്‌…

ശ്രീപാർവ്വതി

കനകാംബര പൂവിന്റെ നിറമെന്താണ് ? ഒരു ദിവസത്തെ ഞങ്ങൾ കൂട്ടുകാരുടെ വിഷയം അതായിരുന്നു. ഓറഞ്ച് അല്ലെ… അങ്ങനെ പറയാൻ പറ്റുമോ , അത്ര കളർ ഇല്ല, എന്നാ ലൈറ്റ് ഓറഞ്ച്. ഒരു മണിക്കൂർ നീളമുള്ള തണ്ടുള്ള ആ പൂവിന്റെ ഇതളുകളെ കുറിച്ച് ഞങ്ങൾ പറഞ്ഞിരുന്നു. ഇടയ്ക്ക് പൂക്കളെ തലയിൽ ചൂടുന്നത് ഇഷ്ടമില്ലാതെ ഇരുന്നിട്ടും ആ ഇളം ഓറഞ്ച് നിറമുള്ള മെലിഞ്ഞ കനകാംബരത്തെ ഇടയില്ലാതെ കേട്ടിക്കൂട്ടി തലയിൽ വയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല. തമിഴ് പെങ്കുട്ടികളുടെ മുടികളിലെ സൌന്ദര്യമാണ് കനകാംബരം. തമിഴ്നാട്ടിലെ ഉത്സവമായ ദീപാവലി ഒക്കെയും തന്നെയാണ് ഞങ്ങളുടെ നാട്ടിലും വിഷുവിനെക്കാളും കൂടുതൽ ആഘോഷമായി നടത്തിയിരുന്നത്. അതുകൊണ്ട് തന്നെയാകുമോ എന്നറിയില്ല, കനകാമ്പരവും പല പെൺകുട്ടികളുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു, ഒരുപക്ഷെ മുല്ലപ്പൂക്കളെക്കാൾ .

ഈറൻ കനകാംബരത്തിനു ഒരു വിശേഷ ഗന്ധമുണ്ട്. മുല്ലയുടെ തരമുള്ള കൊതിപ്പിക്കുന്ന ഗന്ധമല്ല, ഇഷ്ടം കൂടാൻ തോന്നുന്ന, ശാന്തതയുടെ നൈർമല്യത്തിന്റെ ഒക്കെ കുഞ്ഞു ഗന്ധം. നിറമുള്ള മുടിയുടെ സ്വപ്നങ്ങളിൽ നിറഞ്ഞു നില്ക്കുന്ന അഴകിന്റെ രാജ്ഞി. എല്ലാ വീടുകളിലും നീണ്ടു വിടർന്നു തരിച്ചു നില്പ്പുണ്ടാകും അവൾ. പച്ച നിറമുള്ള തണ്ടിന്റെ ഓരോ കതിർപ്പിലും നീളൻ തണ്ടിന്റെ അറ്റത്തു ഇളം ഓറഞ്ചു നിറത്തിന്റെ വിശുദ്ധി. ചാന്ദ്ര സ്പർശമുള്ള രാത്രികളിൽ അവൾ ചിരിക്കുന്നത് കണ്ടിട്ടുണ്ട്. അത്താഴം കഴിഞ്ഞു ഈറൻ സന്ധ്യകളിൽ നടക്കാൻ ഇറങ്ങുമ്പോൾ മുറ്റത്തെ കിണറ്റിനരികിലെ തണുപ്പുള്ള തറയിൽ തലപോന്തിച്ചു കൊണ്ട് ദിവസങ്ങളോളം യാതൊരു ക്ഷീനവുമില്ലാതെ അവളുണ്ടാകും. എന്നും കാണുന്നത് കൊണ്ടാവുമോ അവൾക്കു ആകാശടിലെ അമ്പിളി തെല്ലിനോട് എന്തോ പറയാൻ ഉള്ളത് പോലെ ഒരു മുഖഭാവം പലപ്പോഴും തോന്നിയിട്ടുള്ളത്. പകലുകളിൽ ഇല്ലാത്ത ഒരു മൃദുലത, സൌന്ദര്യം… അത്തരം തോന്നലുകൾ ഉണ്ടായ ശേഷം എന്തോ ഒരു പൂവ് പോലും നുള്ളിയെടുക്കാണോ മുടിയിൽ വയ്ക്കാനോ തോന്നിയിട്ടുമില്ല.

ഇളം ഓറഞ്ച് നിറത്തിൽ മാത്രമല്ല നീല നിറത്തിലും കനകാംബരം കണ്ടിട്ടുണ്ട്. എന്നാൽ കുട്ടിക്കാലവും കൌമാരവും കൂടുതൽ അടുത്ത് കിടന്നത് ഓറഞ്ച് പൂക്കളോട് തന്നെ ആയിരുന്നു. നീല കനകാംബരത്തെ ചിലരൊക്കെ പാർവ്വതി പൂവെന്നു വിളിക്കുന്നത് കണ്ടിട്ടുണ്ട്. അത്തരമൊരു പേരിന്റെ കഥ എന്താണെങ്കിലും പേരുമായി അവൾ അത്ര അടുത്ത് നിൽക്കുന്നുവെന്ന തോന്നൽ ഇപ്പോഴും ആനന്ദം കൂട്ടിയിട്ടെയുള്ളൂ. ദക്ഷിണേന്ത്യയിലാണ് കനകാംബരത്തിന്റെ പ്രധാന ജീവിതവഴികൾ എങ്കിലും കൂടുതലും തമിഴ്നാട്ടിൽ തന്നെയാണ് ഈ സുന്ദരിയെ കാണുക. തമിഴ് പെൺകുട്ടികൾ ഒരുപക്ഷെ മുല്ലപ്പൂക്കലെക്കാൾ ആശ്രയിക്കുന്നത് കനകാംബരത്തെയാണെന്നതാണ് സത്യം. യെല്ലോ ഓറഞ്ച്, ലൂട്ടിയ യെല്ലോ, ഡൽഹി, സെബാക്കുലിസ് റെഡ് എന്നിവയാണ് കനകാംബരത്തിന്റെ പ്രധാന ഇനങ്ങൾ എന്ന് അന്വേഷിച്ചപ്പോൾ കണ്ടെതാനാകുന്നു.

കണ്ടെത്തലുകൾക്കൊക്കെ അപ്പുറത്ത് ഹൃദയവും ഹൃദയവും പരസ്പരം കുറിച്ച് വച്ച വാക്കുകളുണ്ട്. രാത്രികളിലെ ചില സ്പർശങ്ങളുണ്ട്. തണുത്ത ഇതളുകളിലെ സ്വപ്നങ്ങളും ഈറൻ ഗന്ധവും കൂടി കുഴഞ്ഞ ഓർമ്മകൾ. അവയ്ക്ക് ഇന്നും വയസ്സ് ആകുന്നതെയില്ല. പരിചെടുക്കുവാൻ ഇഷ്ടപ്പെടാതെ കിണറ്റിനരികിലെ കനകാംബര ചെടിയിലെ പൂക്കളെ നോക്കിയിരിക്കുന്ന കുട്ടിയാകുന്നു പലപ്പോഴും ഞാൻ . ഇന്നിപ്പോൾ അടുത്തെവിടെയോ അവളുന്ടെന്ന തോന്നൽ പലപ്പോഴും.. പക്ഷെ തൊടാനാകാതെ ഞാനവളിൽ നിന്ന് എന്ത് മാത്രം അകലത്തിൽ ആയിരിക്കുന്നു. ഹൃദയം എഴുതിയത് വായിക്കുവാനാകാതെ വിദൂരത്തിൽ നിൽക്കുകയാണ്… മനസ്സിൽ തൊടുന്നു പ്രിയ കനകാംബര പൂവേ നിന്നെ…. ചേർത്ത് വയ്ക്കുന്നു ഓർമ്മക്കാലത്തിനു പൂക്കളുടെ മൃദുലമായ ഗന്ധമുണ്ടാകാൻ…

shortlink

Related Articles

Post Your Comments

Related Articles


Back to top button