Kerala

ബാര്‍ കോഴക്കേസ് : സുകേശനെതിരെയും ബിജുരമേശിനെതിരെയും ക്രൈബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: വിജിലന്‍സ് എസ്പി സുകേശനെതിരെയും, ബാറുടമ ബിജു രമേശിനെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ബാര്‍കോഴ ആരോപണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിലാണ് നടപടി.അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, സുകേശനെതിരായ അന്വേഷണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ബിജു രമേശ് പറഞ്ഞു.വിജിലന്‍സിന്റെ പക്കല്‍ താനുമായി സുകേശന്‍ നടത്തിയെന്ന് പറയപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളുടെ സിഡി പുറത്തുവിടണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് എസ്പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ശുപാര്‍ശ കൈമാറിയത്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബിജു രമേശുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും, കോടതിയില്‍ ബിജു രമേശ് നല്‍കിയ ശബ്ദരേഖയില്‍ ഇതിനെക്കുറിച്ചുളള വിവരങ്ങളുണ്ടെന്നുമാണ് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നത്.

നേരത്തെ ബാര്‍കോഴയുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്തിയതും സുകേശനായിരുന്നു. കെ.എം മാണിക്ക് ബാറുടമകള്‍ മൂന്നു തവണയായി പണം നല്‍കി എന്നതിന് തെളിവില്ല എന്നാണ് സുകേശന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. കെ.എം മാണിയെ കുറ്റവിമുക്തനാക്കാനാണ് സുകേശന്‍ ഇത്തരത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതെന്നും ആരോപണമുണ്ടായിരുന്നു.

ആദ്യം വിശ്വാസത്തിലെടുത്ത മൊഴികള്‍ പിന്നീട് കളവെന്ന് ബോധ്യപ്പെട്ടതായും ബിജു രമേശിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയുമാണ് വിജിലന്‍സ് തുടരന്വേഷണം അവസാനിപ്പിച്ചത്. മദ്യനയം സംസ്ഥാനത്ത് നടപ്പിലാക്കിയത് മൂലമുണ്ടായ നഷ്ടമാണ് ബിജുരമേശിന്റെ ആരോപണത്തിന് പിന്നിലെന്നും, മാണി കോഴ ചോദിച്ചതിനും, വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നേരത്തെ തുടരന്വേഷണത്തിനുളള കോടതി വിധി വന്നപ്പോള്‍ തുടരന്വേഷണം നടത്തിയതു കൊണ്ടുമാത്രം മാണി കുറ്റക്കാരനാണെന്ന് പറയാന്‍ കഴിയില്ലെന്ന സുകേശന്റെ ആദ്യഘട്ടത്തിലെ പരാമര്‍ശവും ഏറെ വിവാദമായിരുന്നു.അതേസമയം സുകേശനെതിരെയുളള ക്രൈംബ്രാഞ്ച് അന്വേഷണ ശുപാര്‍ശ കെ.എം മാണിയെ എല്ലാത്തരത്തിലും ബാര്‍ കോഴയില്‍ നിന്നും രക്ഷിച്ചെടുക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്നും രാഷ്ട്രീയ നിരീക്ഷണങ്ങളുണ്ട്. ഈ മാസം പതിനാറിനാണ് വിജിലന്‍സ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button