Badayi

ഒരു മുടിവെട്ടലിന്റെ ഓർമ്മയ്ക്ക്

ഗോകുൽ ജി കെ

ഈയിടെയായി സമയലഭ്യത വളരെ കൂടിയത് കാരണം മുടി വളർന്ന്, കാടുപോലെ ആയപ്പോഴാണ് പഴയൊരു സംഭവം ഓർമ്മ വന്നത്.
എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂലാ… ഊലാ……..
പണ്ട് അന്യന്‍ സിനിമ റിലീസായ സമയം.. പ്ലംഗ്…പ്ലംഗ്..പ്ലംഗ്.. പ്ലംഗ്… (കാലചക്രം പിന്നോട്ടോടിയ ശബ്ദമാണ് പേടിക്കണ്ട.)സ്വാഭാവികമായും മുടി വളർത്തൽ ട്രെന്‍ഡായി മാറിയതു കാരണം ഞാനും വലിയ ജാഡയൊക്കെ കാണിച്ച് മുടി വളർത്തൽ ആരംഭിച്ചു. വളർത്തലെന്നു പറഞ്ഞാൽ ചുമ്മാ വളർത്തലൊന്നുമല്ല. അന്യായ കാശു കൊടുത്ത് സ്ട്രൈറ്റൊക്കെ ചെയ്താണ് വളർത്തിയത്.
എന്നും രാവിലെ എണീറ്റ് കണ്ണാടി നോക്കുമ്പോൾ അന്യനെപ്പോലെ ഇരിക്കുമെങ്കിലും, വീട്ടുകാരുടെ മുന്നിൽ പാവം അമ്പിയായും, സ്കൂളിൽ റെമോ ആയും ഞാൻ അർമാദിച്ചു നടന്നു.
മാത്രമല്ല , ആ സമയത്ത് ഞാന്‍ വീട്ടിലൊക്കെ തമിഴാണ് സംസാരിച്ചുകൊണ്ടിരുന്നത്, ഒരുതരം തന്മയീ ഭാവം. പക്ഷേ ഇതൊക്കെ താനാണ് ചെയ്യുന്നതെന്ന സത്യം പാവം ഗോകുമോൻ അറിഞ്ഞിരുന്നില്ല. പഴമക്കാർ ഇതിനെ അഹങ്കാരം, തല്ല് കിട്ടാത്തതിന്‍റെ കുറവ് എന്നൊക്കെ പറയുമെങ്കിലും , ഞാൻ സ്വന്തമായി പറഞ്ഞിരുന്നത് ”സ്റ്റൈൽ ” എന്നാണ്.
അങ്ങനെ എന്‍റെ അതി മാരകമായ മുടി വളർത്തൽ കുടുംബത്തിനകത്തും പുറത്തും ഒരുപോലെ ചർച്ചാ വിഷയമായി. തറവാടിന്‍റെ അഭിമാനം എന്‍റെ മുടിയിഴകളിൽ കിടന്ന് ഊഞ്ഞാലാടുന്നു പോലും. തേങ്ങവെട്ടാൻ വരുന്ന ഡെന്നീസാശാൻ അപ്പുപ്പന്‍റെ മുഖത്തു നോക്കി ”കൊച്ചുമോനെന്താ മുടി വളർത്തി വാളിപ്പിള്ളേരെപ്പോലെ നടക്കുന്നത്” എന്ന് ചോദിച്ചു കളഞ്ഞത്രേ..

ഇത് കേട്ട് കോപാക്രാന്തനായ അപ്പൂപ്പൻ നിന്ന നിൽപ്പിൽ തന്നെ ”ഓപ്പറേഷൻ ഹെയർകട്ടിംഗ്” എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കി , എന്നെ സമക്ഷത്തിലേക്ക് വിളിപ്പിച്ച് ക്രോസ് വിസ്താരം തുടങ്ങി..
”എന്താ ഇന്ദുചൂഢന്‍റെ ഫ്യൂച്ചർ പ്ലാന്‍… ജ ബ്ബ.. ബ്ബ.. അല്ല.. സോറീ.. എന്താ സാറിന്‍റെ ഉദ്ദേശം..? വാട്ടീസ് യുവർ ഉദ്ദേശം.. ? തുമാരാ ഉദ്ദേശ് ക്യാഹേ..?..”
അയ്യേ… ഒന്നൂല്ലപ്പുപ്പാ… ചോറുണ്ണണം, ക്രിക്കറ്റ് കളിക്കണം.. അത്രയൊക്കെയേ ഇപ്പൊ തീരുമാനിച്ചിട്ടുള്ളൂ….
”അതൊന്നും എനിക്കറിയണ്ട… മര്യാദയ്ക്ക് നാളെ രാവിലേ ഈ വൈക്കോത്തുറു പോലത്തെ മുടി വെട്ടിക്കളഞ്ഞിട്ട് വന്നില്ലെങ്കില്‍..”
ങ്കില്‍…
”ഐ വില്‍ ബികം എ ക്രുവൽ ഗ്രാന്‍ഡ്ഫാദർ..”
അപ്പുപ്പന്‍റെ അസ്ഥാനത്തുള്ള ഇംഗ്ലീഷ് ഡയലോഗ് കേട്ട് ഞാൻ ഞെട്ടിത്തെറിച്ചു.. സാധാരണ ഇംഗ്ലീഷിന് എനിക്ക് അമ്പതില്‍ രണ്ടര മാർക്കൊക്കെയാണ് കിട്ടിക്കൊണ്ടിരുന്നത്. എന്നാലും എല്ലാം മനസിലായ പോലെ ഞാൻ പതുക്കെ നടന്ന് അടുക്കളയിൽ ചെന്ന് അമ്മുമ്മയോട് രണ്ട് ചാട്ടം വച്ചുകൊടുത്തു.
”ദേണ്ടെ…. നിങ്ങടെ ഭർത്താവെന്ന് പറയുന്ന ആ മൂപ്പിൽസിന് ഈയിടെയായി അഹങ്കാരം കുറച്ച് കൂടുതലാണ്… കഷ്ടപ്പെട്ട് വളത്തിയ മുടി വെട്ടണം പോലും…. ഹും.. എന്‍റെ പട്ടി വെട്ടും..”
മുളകെങ്ങാണ്ട് വറുത്ത്, കണ്ണിലാകെ പുക അടിച്ചുകേറി പ്രാന്തായി നിന്ന അമ്മുമ്മ രണ്ട് മിനിറ്റ് തുറിച്ചു നോക്കിയ ശേഷം തിരിച്ചൊരു ചാട്ടം..
”പ്ഫാാാ…. അതൊന്നും എനിക്കറിയണ്ട. നിന്‍റപ്പുപ്പൻ പറഞ്ഞ പോലെ നാളെ രാവിലേ മുടി വെട്ടി വൃത്തിയായി വന്നില്ലെങ്കില്‍..”
ങ്കില്‍….
”ഐ ഓൾസോ ബികം എ ക്രുവൽ ഗ്രാന്‍ഡ് മദർ..”
ഓഹോ… നിങ്ങളൊക്കെ ഒരു ടീമായിരുന്നല്ലേ… ശരിയാക്കിത്തരാം.. ശരിയാക്കിത്തരാം…
ചാടിയിട്ടൊന്നും കാര്യമില്ലെന്ന് മനസിലാക്കിയ എന്‍റെ മുന്നില്‍ അടുത്ത് ഒരേ ഒരു ഐഡിയയേ ഉണ്ടായിരുന്നുള്ളൂ…. പാലായനം..
ഞാന്‍ അന്നുതന്നെ മൂന്ന് പുസ്തകവും രണ്ട് മൂന്ന് തുണിയും വാരിക്കെട്ടി , പത്ത് കിലോമീറ്റർ അപ്പുറത്തുള്ള വല്ല്യച്ഛന്‍റെ വീട്ടിലേക്ക് ഒറ്റ പോക്ക് വച്ചുകൊടുത്തു.
പൊതുവേ ശാന്തമായ അന്തരീക്ഷം, ആരും മുടിയുടെ കാര്യമൊന്നും മിണ്ടുന്നില്ല.. വല്യമ്മയ്ക്കാണെങ്കിൽ എന്‍റെ മുടിയങ്ങ് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ, രണ്ട് ദിവസം കഴിഞ്ഞതും എന്‍റെ പാലായന കഥ കാട്ട്തീ പോലെ പടർന്നു പിടിച്ച് വല്യച്ഛന്‍റെ ചെവിയിലും എത്തി..
”നീ മുടി വെട്ടാന്‍ പറഞ്ഞതുകൊണ്ട് ഒളിച്ചുവന്ന് നിക്കുവാണല്ലേടാ…”
അത് വല്യച്ഛാ.. ഞാന്‍…
”എനിക്കൊന്നും കേക്കണ്ട.. മര്യാദയ്ക്ക് നാളെ മുടി വെട്ടിയിട്ട് വന്നില്ലെങ്കില്‍…”
ങ്കില്‍… ”വല്യച്ഛൻ ഓള്‍സോ ബികം എ ക്രുവല്‍ ബിഗ്ഫാദർ.”.. എന്നല്ലേ…
”അതെ..എങ്ങനെ മനസിലായി.”
ഇറ്റ്സ് കാള്‍ഡ് കോമണ്‍സെന്‍സ്..
”ഓഹോ.”
അങ്ങനെ അവിടെയും രക്ഷയില്ലെന്ന് മനസിലാക്കിയ ഞാൻ പിറ്റേന്ന് കുടപ്പനക്കുന്നിലെ അപ്പച്ചീടെ വീട്ടിലേക്ക്എസ്കേപ്പാവാൻ തീരുമാനിച്ച് കൊണ്ട് ഉറങ്ങാൻ കിടന്നു. രാത്രി ഉറക്കത്തിൽ , ക്ലാസ്സിലെ കിങ്ങിണി വന്ന് മുടിയിൽ തലോടുന്നതായി സ്വപ്നമൊക്കെ കണ്ടാണ് ഉറങ്ങിയത്.
പക്ഷേ വിധിയുടെ വിളയാട്ടങ്ങൾ വളരെ ക്രൂരമായിരുന്നു.. പാതിരാത്രി വണ്ടിവിളിച്ച് വന്ന എന്‍റെ അപ്പുപ്പനും സംഘവും ഞാൻ ഉറങ്ങിക്കിടന്ന തക്കം നോക്കി മനോഹരമായ ആ മുടി, എലികരളും പോലെ കണാ കുണാ വെട്ടി കാട്ടിൽ എറിഞ്ഞു…
രാവിലേ കണ്ണാടിയിലെ രൂപം കണ്ട് വിജൃംബിതനായ ഞാൻ നെഞ്ചിലടിച്ച് പൊട്ടിപ്പൊട്ടിക്കരഞ്ഞു. പിന്നെ യഥാക്രമം ഞങ്ങടെ ഫാമിലി ബ്യൂട്ടീഷനായ രത്നാകരൻ അമ്പട്ടൻ സഥലത്ത് ഹാജരാവുകയും, അപ്പൂപ്പന്‍റെ പരാക്രമത്തിൽ മിച്ചം വന്ന മുടി മൊട്ടയടിക്കുകയും ചെയ്തു.
ഇന്നിപ്പൊ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാതെ മുടിയും വളർത്തി നടക്കുമ്പോള്‍, പാവം എന്‍റെ അപ്പുപ്പന്‍ പരലോകത്തിരുന്ന് പറയുന്നുണ്ടാവും…
”നാളെ രാവിലേ ആ മുടി വെട്ടിയിട്ട് വന്നില്ലെങ്കിൽ ……………‍ഐ വിൽ ബികം എ ക്രുവൽ ഗ്രാന്‍ഡ്ഫാദർ” എന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button