NewsInternational

ആന്‍ഡേഴ്‌സന്റെ ഇന്ത്യാവിരുദ്ധ കമന്റ്;ഖേദം പ്രകടിപ്പിച്ച് മാര്‍ക്ക് സുക്കര്‍ ബര്‍ഗ്

ന്യൂയോര്‍ക്ക്: ഫേയ്‌സ്ബുക്ക് ബോര്‍ഡ് മെമ്പറായ മാര്‍ക്ക് ആന്‍ഡേഴ്‌സണിന്റെ ഇന്ത്യാവിരുദ്ധ പ്രസ്താവനയില്‍ ഫെയ്‌സ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചു. ആന്‍ഡേഴ്‌സന്റെ പ്രസ്ഥാവന വളരെ ദു:ഖകരമെന്നാണ് സുക്കര്‍ ബര്‍ഗ് പ്രതികരിച്ചത്. തന്റെയോ തന്റെ സ്ഥാപനത്തിന്റേയോ വീക്ഷണത്തിന്് തികച്ചും വിരുദ്ധമായ രീതിയിലാണ് ആന്‍ഡേഴ്‌സണ്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കരുതെന്ന് ടെലികോം അതോറിറ്റി ഉത്തരവിറക്കിയതിനു പിന്നാലെ ഫെയ്‌സ്ബുക്ക് ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ ട്വിറ്ററിലിട്ട പോസ്റ്റ് വിവാദമായതിനു പിന്നാലെയാണ് സുക്കര്‍ ബര്‍ഗിന്റെ പ്രതികരണം. ഇന്ത്യക്കാര്‍ കോളനിവത്ക്കരണത്തെ സ്വീകരിക്കാന്‍ മടി കാണിക്കേണ്ടെതില്ലെന്ന ധ്വനിയിലുള്ളതായിരുന്നു ആന്‍ഡേഴ്‌സണിന്റെ ട്വീറ്റ്. കോളനി വിരുദ്ധത പതിറ്റാണ്ടുകളായി ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് ഭീഷണിയാണ്.എന്തുകൊണ്ട് ഇപ്പോഴത് നിര്‍ത്തിക്കൂടാ എന്നായിരുന്നു ട്വീറ്റ്.

സുക്കര്‍ ബര്‍ഗിന്റെ നേതൃത്വത്തില്‍ ലോകമൊട്ടാകെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ‘ഇന്റര്‍നെറ്റ് ഫ്രീബേസിക്‌സ് പദ്ധതി’ ഇന്ത്യയില്‍ നടപ്പാക്കാനിടയില്ലെന്ന് ട്രായ് വ്യക്തമാക്കിയതിന് പിന്നാലെ ഇത് നിരാശാജനകമാണെന്ന് സുക്കര്‍ബര്‍ഗ് പ്രതികരിച്ചിരുന്നു. ഇതിന് ശേഷമാണ് ആന്‍ഡേഴ്‌സണ്‍ വിവാദമായ ട്വീറ്റുമായി രംഗത്തെത്തിയത്. ട്വീറ്റ് പിന്നീട് പിന്‍വലിക്കപ്പെട്ടെങ്കിലും സോഷ്യല്‍ മീഡിയകളില്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലായി കഴിഞ്ഞിരുന്നു.

എന്നാല്‍ ഫെയ്‌സ്ബുക്കിനെ സംബന്ധിച്ച് ഇന്ത്യ വളരെ പ്രധാനപ്പെട്ട രാജ്യമാണെന്ന് സുക്കര്‍ബര്‍ഗ് പ്രതികരിച്ചു. ഇന്റര്‍നെറ്റ് ഫ്രീബേസിക്‌സ് പദ്ധതിയുടെ പ്രചരണാര്‍ത്ഥം ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യക്കാര്‍ പ്രകടിപ്പിച്ച മാനുഷികതയും മൂല്യബോധവും തന്നെ ഏറെ ആകര്‍ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button