Editorial

അന്ന്‍ സുരക്ഷാ ചുമതയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഇന്ന്‍ അഫ്സല്‍ ഗുരു സ്തുതിഗീതങ്ങള്‍ പാടിനടക്കുന്നവരെ അനുകൂലിക്കുന്ന പല നേതാക്കന്മാരും ജീവനോടെ രക്ഷപ്പെട്ടത്..

1984 ഫെബ്രുവരി 4-ന് രവീന്ദ്ര മാത്രേ എന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ബിര്‍മ്മിംങ്ങ്ഹാമിലെ ആലംറോക്ക് സ്ട്രീറ്റില്‍ ബസിറങ്ങിയത് ഒരു ബര്‍ത്ത്ഡേ കേക്ക് മാറോട് ചേര്‍ത്ത് പിടിച്ചായിരുന്നു. മാത്രേയുടെ മകള്‍ ആഷ അച്ഛന്‍ കൊണ്ടുവരുന്ന പിറന്നാള്‍മധുരവും കാത്ത് വീട്ടില്‍ വഴിക്കണ്ണുമായി ഇരുന്നു. പക്ഷേ, ആഷയുടെ പിന്നീടുള്ള ഒരു ജന്മദിനവും ആഘോഷിക്കാന്‍ മാത്രേ എത്തിയില്ല. ബസിറങ്ങി നടന്നു നീങ്ങുകയായിരുന്ന മാത്രേയെ ഒരു സംഘം ആള്‍ക്കാര്‍ പിന്തുടര്‍ന്ന്‍ വന്ന്‍ ബലമായി കാറില്‍ കയറ്റി ഓടിച്ചു മറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ തങ്ങളുടെ ആവശ്യം ഇന്ത്യന്‍ അധികൃതരെ അറിയിച്ചു. ഇന്ത്യയില്‍, വധശിക്ഷ ഇളവു ചെയ്യാനുള്ള ദയാഹര്‍ജിയിന്മേലുള്ള പ്രസിഡന്റിന്‍റെ തീരുമാനവും കാത്ത് തടവില്‍ കഴിയുന്ന തങ്ങളുടെ നേതാവ് മക്ബൂല്‍ ഭട്ടടക്കം ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്‍റെ പ്രധാനപ്പെട്ട നേതാക്കളെ വിട്ടയക്കുകയും, മോചനദ്രവ്യമായി ഒരു വന്‍തുകയും ആയിരുന്നു അവരുടെ ആവശ്യം.

പക്ഷേ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ബിര്‍മ്മിംങ്ങ്ഹാമിലെ ഒരു ഉള്‍തെരുവില്‍ നിന്ന്‍ ബ്രിട്ടീഷ് പോലീസ് മാത്രേയുടെ ജീവനില്ലാത്ത ശരീരം കണ്ടെടുത്തു. എല്ലാവിധ മാനുഷിക അവകാശങ്ങള്‍ക്കും അര്‍ഹനായ ഒരു ഇന്ത്യന്‍ പൌരനായിരുന്നു മാത്രേയും. ഇന്ന്‍ മാത്രേയുടെ വിയോഗം അദ്ദേഹത്തിന്‍റെ ഉറ്റവരുടെ മാത്രം വേദനയാണ്.

മക്ബൂല്‍ ഭട്ട് – കാശ്മീര്‍ വിഘടനവാദികളുടെ കണ്‍കണ്ട ദൈവമായിരുന്നു. കാശ്മീര്‍ വിഘടനവാദത്തിന്‍റെ മറവില്‍ ഭട്ടും അനുയായികളും കാശ്മീരില്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ നിരവധിയായിരുന്നു. ഒടുവില്‍ ഭട്ട് ശിക്ഷിക്കപ്പെട്ടത് 1966-ല്‍ ഒരു പോലീസ് സംഘത്തെ ആക്രമിക്കുകയും സംഘത്തിലുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ അമര്‍ചന്ദിനെ കൊലപ്പെടുത്തിയതിനും ആയിരുന്നു. 1968-ല്‍ അമര്‍ചന്ദിന്‍റെ കൊലപാതകത്തിന് വധശിക്ഷ തന്നെ ഭട്ടിന് ലഭിച്ചു. കാശ്മീര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന നീല്‍കാന്ത് ഗഞ്ജുവാണ് ഭട്ടിന് വധശിക്ഷ വിധിച്ചത്. പക്ഷേ ഭട്ട് ജയില്‍ചാടി പാക്കിസ്ഥാനിലേക്ക് കടന്നുകളഞ്ഞു.

പാക്കിസ്ഥാനിലും ഭട്ട് തന്‍റെ അക്രമവഴികള്‍ തുടര്‍ന്നു. ലാഹോറില്‍ വച്ച് ഒരു യാത്രാവിമാനം റാഞ്ചിയ കേസില്‍ പാക്കിസ്ഥാനും ഭട്ടിനെ ശിക്ഷിച്ചു. 1976-ല്‍ പാക്കിസ്ഥാനില്‍ ജയില്‍മോചിതനായ ഭട്ട് തിരികെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി. പക്ഷേ അധികം താമസിയാതെ തന്നെ ഭട്ട് പിടിക്കപ്പെട്ടു. ഇന്‍സ്പെക്ടര്‍ അമര്‍ചന്ദിന്‍റെ കൊലപാതകത്തിന് ലഭിച്ച വധശിക്ഷ അപ്പോഴും ബാധകമായിരുന്നു. തടവില്‍ കിടന്നുകൊണ്ട് ഭട്ട് വധശിക്ഷയില്‍ നിന്ന്‍ രക്ഷപെടാനുള്ള വഴികള്‍ തേടി. 1982-ല്‍ ഇന്ത്യന്‍ സുപ്രീംകോടതി ഭട്ടിന്‍റെ വധശിക്ഷ ശരി വച്ചു. 1984 ഫെബ്രുവരിയില്‍ ഭട്ട് സമര്‍പ്പിച്ച ദയാഹര്‍ജി പ്രസിഡന്റ്‌ ഗ്യാനി സെയില്‍സിങ്ങിന്‍റെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് ഭട്ടിന്‍റെ അനുയായികള്‍ രവീന്ദ്ര മാത്രേയെ തട്ടിക്കൊണ്ടു പോകുന്നതും വധിക്കുന്നതും. മാത്രേയുടെ കൊലപാതകം നടന്ന്‍ രണ്ടുദിവസത്തിനു ശേഷം ഇന്ത്യന്‍ പ്രസിഡന്റ്‌ ഭട്ടിന്‍റെ ദയാഹര്‍ജി തള്ളി. 1984 ഫെബ്രുവരി 11-ആം തീയതി ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ ഭട്ടിന്‍റെ വധശിക്ഷ നടപ്പിലാക്കി.

ഭട്ട് നിഗ്രഹിച്ച ഇന്‍സ്പെക്ടര്‍ അമര്‍ചന്ദിനും, ഭട്ടിനു വേണ്ടി അയാളുടെ അനുയായികള്‍ വധിച്ച രവീന്ദ്ര മാത്രേയ്ക്കും മനുഷ്യാവകാശങ്ങള്‍ ഉണ്ടായിരുന്നു. ഭട്ടിന് വധശിക്ഷ വിധിച്ച ന്യായാധിപന്‍ നീല്‍കാന്ത് ഗഞ്ജുവും ഭട്ടിന്‍റെ അനുയായികളുടെ പ്രതികാരത്തിനിരയായി. 1989 നവംബര്‍ 4-ന് കാശ്മീരിലെ ഒരു മാര്‍ക്കറ്റില്‍ വച്ച് ഭട്ട്-അനുയായികള്‍ പകല്‍വെളിച്ചത്തില്‍ ഗഞ്ജുവിനെ വെടിവച്ചു വീഴ്ത്തി. അമര്‍ചന്ദ്, രവീന്ദ്ര മാത്രേ, നീല്‍കാന്ത് ഗഞ്ജു എന്നിവരുടെ മനുഷ്യാവകാശം എന്താണ് ആര്‍ക്കും പ്രശ്നമല്ലാത്തത്. ഇവരുടെ പേര് പറഞ്ഞുള്ള പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയമായ നേട്ടങ്ങള്‍ ഉണ്ടാക്കില്ല എന്നതാണോ കാരണം?

അഫ്സല്‍ ഗുരുവിനെതിരെയുള്ളത് സാഹചര്യത്തെളിവുകളാണെന്ന്‍ നിരീക്ഷിച്ച സുപ്രീംകോടതി, ഗുരുവിന്‍റെ അപ്പീല്‍ പരിഗണിക്കുന്നതിനിടയില്‍ താഴെപറയുംവിധം അഭിപ്രായപ്പെടുകയുണ്ടായി.
“As criminal acts took place pursuant to the conspiracy, the appellant, as a party to the conspiracy, shall be deemed to have abetted the offence. In fact, he took active part in a series of steps taken to pursue the objective of conspiracy,” Supreme Court of India, Judgement on Appeal by Guru on August 5, 2005.

അഫ്സല്‍ ഗുരുവിന്‍റെ കുറ്റം തെളിയിക്കല്‍, വിചാരണ എന്നിവ 12-വര്‍ഷം നീണ്ട നിയമയുദ്ധം തന്നെയായിരുന്നു. താന്‍ നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള എല്ലാ അവസരവും അയാള്‍ക്ക് ലഭിച്ചിരുന്നു. അഫ്സല്‍ ഗുരുവിന്‍റെ കേസ് പരിഗണിച്ച കോടതികളും, ശിക്ഷ ഇളവുചെയ്യാന്‍ അധികാരമുള വ്യക്തികളും (ഇന്ത്യന്‍ പ്രസിഡന്റ്‌, കേന്ദ്ര അഭ്യന്തരമന്ത്രി) അയാള്‍ ചെയ്ത കുറ്റത്തിന്‍റെ ഗാംഭീര്യം അംഗീകരിക്കുകയും, ശിക്ഷയില്‍ ഏതെങ്കിലും വിധത്തിലുള്ള ഇളവുകള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു.

അഫ്സല്‍ ഗുരുവിന്‍റെ പിന്തുണയോടെ തീവ്രവാദികള്‍ നടത്തിയ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ 9 ആളുകളുടെ മനുഷ്യാവകാശത്തിനായി ആരും ശബ്ദമുയര്‍ത്തുന്നത് ഇതുവരെ കണ്ടിട്ടില്ല. അന്ന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ സുരക്ഷാ ചുമതയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഇന്ന്‍ അഫ്സല്‍ ഗുരു സ്തുതിഗീതങ്ങള്‍ പാടിനടക്കുന്നവരെ അനുകൂലിക്കുന്ന പല നേതാക്കന്മാരും ജീവനോടെ രക്ഷപ്പെട്ടത്.

ഇപ്പോള്‍ ദേശവിരുദ്ധരുടെ സ്ഥാപിതതാല്പര്യങ്ങള്‍ക്കായി വാദിക്കുന്ന, അതിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന നേതാക്കന്മാര്‍ ആദ്യം ചെയ്യേണ്ടത്, തീവ്രവാദികളുടെ വെടിയുണ്ടകള്‍ക്കിരയായ ആ 9 ഹതഭാഗ്യരുടേയും കുടുംബങ്ങള്‍ ഇപ്പോള്‍ എങ്ങനെ കഴിയുന്നു എന്നറിയാന്‍ ശ്രമിക്കുകയാണ്. അവരുടെ ജീവിതവഴികളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ സഹായിക്കുകയുമാകാം. ഗവണ്മെന്റ് തലത്തിലുള്ള സഹായമാണ് വേണ്ടതെങ്കില്‍ അതിനായി പ്രക്ഷോഭം സംഘടിപ്പിക്കുകയുമാകാം.

എങ്ങനെയെങ്കിലും ഈ വിഷയം ഊതിവീര്‍പ്പിച്ച് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അതിനൊക്കെ എവിടെ സമയം, അല്ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button