India

ട്രെയിനില്‍ ഇനി നിങ്ങളെ ട്രെയിന്‍ ഹോസ്റ്റസുമാര്‍ സ്വീകരിക്കും

ന്യൂഡല്‍ഹി: റോസാപ്പൂക്കള്‍ തന്ന് വിമാനത്തിലെ പോലെ ട്രെയിനില്‍ നിങ്ങളെ സ്വീകരിക്കാന്‍ ട്രെയിനിലും സുന്ദരിമാരുണ്ടെങ്കിലോ? സംഗതി ഉടന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് സര്‍വ്വീസ് ആരംഭിക്കാന്‍ പോകുന്ന ഗാട്ടിമാന്‍ എക്‌സ്പ്രസില്‍ എയര്‍ ഹോസ്റ്റസ് പോലെ ട്രെയിന്‍ ഹോസ്റ്റസുമാരെ നിയമിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ തീരുമാനിച്ചിരിക്കുന്നു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിയായിരിക്കും ഗാട്ടിമാന്‍ എക്‌സ്പ്രസ്.

ഇതിന്റെ സര്‍വ്വീസ് ആരംഭിക്കുന്നത് അടുത്ത മാസമാണ്. 25ന് അവതരിപ്പിക്കുന്ന റെയില്‍വെ ബജറ്റില്‍ രാജ്യത്തെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനിന്റെ പ്രത്യേകതകള്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിക്കും. ഹൈപവര്‍ എമര്‍ജന്‍സി ബ്രേക്കിങ്ങ് സിസ്റ്റം, സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, യാത്രക്കാര്‍ക്ക് ജി.പി.എസ് വഴി വിവരം ലഭ്യമാക്കുന്ന സംവിധാനം, കോച്ചുകള്‍ക്ക് സ്ലൈഡിങ്ങ് ഡോറുകള്‍ കൂടെ വിനോദത്തിനായി ലൈവ് ടി.വിയും ട്രെയിനില്‍ ഉണ്ടാകും.

വിമാനങ്ങളിലേതു പോലുള്ള സേവനങ്ങള്‍ ഗാട്ടിമാന്‍ എക്‌സ്പ്രസിലും കൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. വിമാനങ്ങളിലെ പോലെ തന്നെയായിരിക്കും കാറ്ററിങ്ങ് സര്‍വ്വീസും. ഇന്ത്യന്‍ കോണ്ടിനെന്റല്‍ ഭക്ഷണങ്ങളും ട്രെയിനില്‍ ലഭിക്കും. ഗോതമ്പ് ഉപ്പുമാവ്, മിനി ദോശ, കാഞ്ചീവരം ഇഡ്ഡലി, ഫ്രഷ് കട്ട് ഫ്രൂട്ട്‌സ് എന്നിവയ്ക്ക് പുറമെ ചിക്കന്‍ റോള്‍, ചിക്കന്‍ സോസേജ്, സ്പാനിഷ് എഗ് വൈറ്റ് ഓംലെറ്റ്, ഈത്തപ്പഴം എന്നീ വിഭവങ്ങള്‍ ലഭിക്കും.

ശതാബ്ദി ട്രെയിനുകളേക്കാള്‍ 25 ശതമാനം കൂടുതലായിരിക്കും ഇതിലെ യാത്രാനിരക്ക്. പൂര്‍ണ്ണമായും ശീതീകരിച്ച ബോഗികളുള്ള ഗാട്ടിമാനില്‍ ചെയര്‍ കാറിന് 690 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്രചെയ്യാന്‍ ഒരാള്‍ക്ക് 1,365 രൂപയാണ് ചാര്‍ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button