Kerala

ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാലിന് പിന്തുണയുമായി വി.മുരളീധരന്‍

കോട്ടയം: ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. രാജ്യദ്രോഹികളെ എതിര്‍ത്തതിന്റെ പേരില്‍ മോഹന്‍ലാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും പിണറായി വിജയന്‍ ഇക്കാര്യം സ്വന്തം അണികളെ ബോധ്യപ്പെടുത്തണമെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കനക്കുമ്പോള്‍ മോഹന്‍ലാലിന് ഒരു സല്യൂട്ട് എന്ന തലക്കെട്ടിലാണ് മുരളീധരന്റെ പോസ്റ്റ്.

മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

മോഹന്‍ലാലിന് ഒരു സല്യൂട്ട് …

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ഇന്നലെ എഴുതിയ ബ്ലോഗ് ഹൃദയസ്പര്‍ശിയായി. മോഹന്‍ലാല്‍ സമകാലിക വിഷയങ്ങളോട് ബ്ലോഗ് മുഖേന പ്രതികരിക്കുന്ന വ്യക്തിയാണ്. സ്വതന്ത്ര ജീവിത വീക്ഷണം പുലര്‍ത്തുന്ന അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കുന്ന വ്യക്തി കൂടിയാണ്. രാജ്യദ്രോഹികളെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വക്താക്കളായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ നിശിത വിമര്‍ശനമാണ് ലാല്‍ ഉയര്‍ത്തുന്നത്. പട്ടാളത്തെ തെറി പറഞ്ഞ് വാചക കസര്‍ത്തു നടത്തുന്നവര്‍ക്ക് ചെറിയ തണുപ്പില്‍ പോലും കിടന്നുറങ്ങാന്‍ കമ്പിളി പുതപ്പ് വേണം. അമ്മയും മക്കളും തമ്മിലുള്ള ബന്ധമാവണം രാജ്യവും പൗരനും തമ്മിലെന്നും മോഹന്‍ലാല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കേരളത്തിലെ പല സാംസ്‌കാരിക പ്രവര്‍ത്തകരും നിലപാട് ഉറക്കെ പറയാന്‍ ഭയക്കുമ്പോള്‍, തന്റെ വ്യക്തമായ നിലപാട് ആര്‍ജവത്തോടെ തുറന്നു പറഞ്ഞ ലഫ്.കേണല്‍ മോഹന്‍ലാലിന് നിറഞ്ഞ ആദരവോടെ ഒരു സല്യൂട്ട്. മോഹന്‍ലാലിനെ അഭിപ്രായം തുറന്നു പറഞ്ഞതിന് ആക്ഷേപിക്കുന്നവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ജെ.എന്‍.യു സംഭവത്തിലെ പ്രതികളെ ന്യായീകരിക്കുന്നവരാണ് എന്നതാണ് വിരോധാഭാസം. മോഹന്‍ലാലും ഇന്ത്യന്‍ പൗരനാണ്. സൈനികനാണ്. രാജ്യദ്രോഹികളെ എതിര്‍ത്തതിന്റെ പേരില്‍ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല. ശ്രീ പിണറായി വിജയന്‍ ഇക്കാര്യം സ്വന്തം അണികളെ ബോധ്യപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button