Editorial

രാഹുൽ ഗാന്ധിക്കുള്ള “ആസിഡ് ടെസ്റ്റ്”

നാലു സംസ്ഥാനങ്ങളിൽ ഉടനടി നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകൾ കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽഗാന്ധിക്കുള്ള അഗ്നിപരീക്ഷണമാണ്. ഇവയിൽ കോൺഗ്രസ് ഭരണത്തിലുള്ളത് രണ്ട് സംസ്ഥാനങ്ങളിലാണ് – കേരളവും ആസാമും. മറ്റു രണ്ട് സംസ്ഥാനങ്ങളായ ബംഗാളിലും തമിഴ്നാട്ടിലും പാർട്ടിക്ക് സാധ്യതകളൊന്നും തന്നെയില്ല. ഇതിൽ ആസാമിൽ കഴിഞ്ഞ 15 വർഷങ്ങളായും കേരളത്തിൽ കഴിഞ്ഞ 5 വർഷങ്ങളായും കോൺഗ്രസ് ഭരണത്തിലാണ്. പ്രധാനമന്ത്രി പദത്തിലേക്കു വരെ കോൺഗ്രസ് കണ്ടു വച്ചിരിക്കുന്ന രാഹുൽ 2014 പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബിജെപിയിൽ നിന്നേറ്റ നാണംകെട്ട തോൽവിക്കു ശേഷം പാർട്ടിയെ നയിക്കാൻ പ്രാപ്തനാണോ എന്നുവരെ ചോദ്യങ്ങൾ ഉയർന്നിരുന്നു.

രണ്ട് വർഷത്തെ എൻഡിഎ ഭരണത്തിലെ മുഖ്യപ്രതിപക്ഷ നേതാവ് എന്നനിലയിലുള്ള പ്രവർ ത്തനത്തിലൂടെ രാഹുൽ കൈവരിച്ചു എന്ന് അഭ്യുദയകാംക്ഷികൾ പറയുന്ന പുരോഗതിയുടെ ഒരു “ആസിഡ് ടെസ്റ്റ്” ആകും ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ എന്ന് തീർച്ചയാണ്. നേതൃത്വ മികവിൽ രാഹുൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഈയടുത്തിടെ നടന്ന ചില സർവേകളും സൂചിപ്പിക്കുന്നു.

2016-ൽ നടക്കുന്ന ഈ നാല് സംസ്ഥാന തിരഞ്ഞെടുപ്പുകളും, 2017-ൽ നടക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് തിരഞ്ഞെടുപ്പുകളും, 2018-ലെ കർണ്ണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളും 2019 ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സെമി ഫൈനൽ റൗണ്ടുകളാണ്.

കേരളത്തിലും ആസാമിലും ഭരണവിരുദ്ധ വികാരം ശക്തമാണ്. കേരളത്തിൽ ഭരണമികവിന്റേതായ ചില നേട്ടങ്ങൾ ഉയർത്തിക്കാട്ടാനുണ്ടെങ്കിലും, ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വൻഅഴിമതികൾ നടത്തി എന്നുള്ള വിചാരവും ജനങ്ങളിൽ ശക്തമാണ്.

ആസാമിലും സ്ഥിതി വ്യത്യസ്തമല്ല. 2011 മുതൽ സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം കീഴ്പോട്ടുള്ള വളർച്ചയിലാണ്. ബിജെപിയുടെ വോട്ട് വിഹിതം 30 ശതമാനത്തിനു മേൽ വളർന്നു കഴിഞ്ഞിരിക്കുന്നു. ഹിന്ദു വോട്ടുകൾ ബിജെപി ചോർത്തിക്കൊണ്ടു പോയതിനു പിന്നാലെ ഭൂരിഭാഗം മുസ്ലിം വോട്ടുകളും ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും കൊണ്ടുപോയി. ചില ഗ്രാമീണ മേഖലകളിൽ മാത്രമാണ് ഇനി പ്രതീക്ഷ.

ലോകസഭ, മുൻസിപ്പൽ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുന്നേറ്റം വ്യക്തമാണ്. ബിഹാറിലെ പോലെ ഒരു മഹാസഖ്യം ഉണ്ടാക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾ പാളുകയും ചെയ്തു. ബിജെപിയാകട്ടെ ആസാം ഗണ പരിഷദ് (എജിപി), ബോഡോലാൻറ് പീപ്പിൾസ് ഫ്രണ്ട് (ബിഒപിഎഫ്) എന്നിവരുമായി സഖ്യത്തിലേർപ്പെടുകയും ചെയ്തു.

ബംഗാളിലും തമിഴ്‌നാട്ടിലും ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കുന്നതെങ്കിൽ, അധികാരത്തിൽ വരാൻ സാധ്യതയുള്ള കക്ഷികളുമായി – യഥാക്രമം സിപിഎമ്മും, ഡിഎംകെ-യുമായി സഖ്യത്തിലേർപ്പെടാം എന്ന അനുകൂല ഘടകം നിലനിൽക്കുന്നുണ്ട്. അതേസമയം തന്നെ കേരളത്തിലെ മുഖ്യഎതിരാളിയായ സിപിഎമ്മുമായി ബംഗാളിൽ സഖ്യത്തിലേർപ്പെടാനുള്ള സാധ്യത ചിരിയുണർത്തുന്നതുമാണ്.

ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം എന്തുതന്നെയായാലും, അതിന്റെ അന്തിമഫലത്തിൽ ഏറ്റവുമധികം നേട്ടം കൊയ്യാനും ഏറ്റവും വലിയ പരാജിതനായി മാറാനും സാധ്യതയുള്ളത് ഒരേയൊരു വ്യക്തിയാണ്; രാഹുൽഗാന്ധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button