NewsBusiness

ഒരു ജീപ്പ് വിപ്ലവം

റെനഗേഡ് എന്നാല്‍ ഇംഗ്ലീഷ് ഭാഷയില്‍ അത്ര നല്ല അര്‍ത്ഥമല്ല. പാളയം വിട്ടു മറുപാളയത്തില്‍ ചേര്‍ന്നവന്‍ എന്നൊരു മോശം അര്‍ത്ഥം. ജീപ്പ് റെനഗേഡ് ഇന്ത്യയിലെത്താന്‍ തയാറെടുക്കുമ്പോള്‍ ഈ അര്‍ത്ഥം അറിഞ്ഞിരിക്കുന്നതു നല്ലതാണ്. കാരണം ജീപ്പ് എന്നാല്‍ തനി അമേരിക്കന്‍ ജനറല്‍ പര്‍പസ് വാഹനങ്ങളാണെങ്കില്‍ ഈ പടയിലെ പുതുതലമുറപ്പോരാളിയായ റെനഗേഡിന് അമേരിക്കന്‍ പാരമ്പര്യത്തെക്കാള്‍ ഇറ്റാലിയന്‍ മികവുകളാണുള്ളത്. കാരണം ക്രൈസ്ലര്‍ ഫിയറ്റ് കൂട്ടുകെട്ടില്‍ ഫിയറ്റിന്റെ രൂപകല്‍പനാ കേന്ദ്രത്തില്‍ എല്ലാവിധ ഇറ്റാലിയന്‍ രൂപകല്‍പനാ ചാരുതയോടും കൂടിയാണ് ജനനം. അങ്ങനെ നോക്കിയാല്‍ അമേരിക്കന്‍ പാളയത്തില്‍ നിന്നു ഇറ്റാലിയന്‍ ചേരിയിലേക്ക് വഴിമാറിയോടിയവനാണ് റെനഗേഡ്

jeep ranagade

ഇപ്പോഴത്തെ വലിയ വാര്‍ത്ത ഈ ചേരിതിരിവോ വിരുദ്ധപാളയങ്ങളോ അല്ല. കൊതിപ്പിക്കുന്ന ജീപ്പ് റെനഗേഡ് വെറും 10 ലക്ഷം രൂപയ്ക്ക് ഇന്ത്യയിലെത്തും. പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന ജീപ്പ് വാഹനങ്ങളില്‍ രണ്ടാമത്തേതാണ് റെനഗേഡ്. ആദ്യത്തേത് സി എസ് യു വി. 19 ലക്ഷം വരെ വില വരുന്ന ഈ വാഹനം 2017 മധ്യത്തോടെയും റെനഗേഡ് അതേ കൊല്ലം അവസാനവും വരുമെന്നാണ് വാര്‍ത്ത. അതിനു മുമ്പ് കുറെക്കൂടി വിലപ്പിടിപ്പുള്ള റാംഗ്‌ളറും, ഗ്രാന്‍ഡ് ചെറോക്കിയും ഇക്കൊല്ലം തന്നെ എത്തുന്നു.

ജീപ്പിന് ഇന്ത്യയില്‍ വലിയ പദ്ധതികളാണുള്ളത്. യഥാര്‍ത്ഥ ജീപ്പ് പടിയിറങ്ങിപ്പോയിട്ടു നാളു കുറയായിട്ടും ജീപ്പുകള്‍ക്ക് വലിയ പ്രാധാന്യമുള്ള വിപണിയാണ് ഇന്ത്യ. അര നൂറ്റാണ്ടിലധികം പഴക്കമുള്ള ജീപ്പ് മോഡലുകള്‍ ഇന്നും നല്ല വിലയക്ക് ചൂടപ്പം പോലെ വിറ്റഴിക്കുന്ന രാജ്യം. മഹീന്ദ്ര ഥാറിന് 10 ലക്ഷത്തിനടുത്ത് വില വരുമ്പോള്‍ ഏതാണ്ട് സമാന വിലയ്ക്ക് ആധുനികവും മൗലീകവുമായ അമേരിക്കന്‍ ജീപ്പ് വന്നാല്‍ വില്‍പന പൊടിപൊടിക്കുമെന്നത് സാമാന്യ ബുദ്ധി. രണ്ടു വീല്‍ ഡ്രൈവ് മോഡല്‍ 10 ലക്ഷത്തിനും ഏറ്റവും കൂടിയ നാലു വീല്‍ ഡ്രൈവ് മോഡല്‍ പരമാവധി 15 ലക്ഷം രൂപയ്ക്കും ലഭ്യമാക്കുമെന്നാണ് വാര്‍ത്ത. ഇറക്കുമതി ഇല്ലാത്തതിനാല്‍ ചുങ്കവും മറ്റു തീരുവകളും കുറയുന്നതാണ് വിലക്കുറവിനു കാരണം.

2016-Jeep-Renegade-Trailhawk

മിനി എസ് യു വി എന്ന വിഭാഗത്തില്‍ ജനീവ മോട്ടോര്‍ ഷോയില്‍ 2014 ലാണ് ആദ്യമായി റെനഗേഡ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഫിയറ്റ് 500 എക്‌സുമായി ഘടകങ്ങളും പ്ലാറ്റ്‌ഫോമും പങ്കിടുന്ന വാഹനം തൊട്ടടുത്ത കൊല്ലം ഇറ്റലിയിലെ മെല്‍ഫിയില്‍ നിന്ന് ഉത്പാദനമാരംഭിച്ചു. ഏറ്റവും പുതിയ തലമുറ ജീപ്പ് എന്ന മികവ് പേറുന്ന റെനഗേഡിന് ഇറ്റാലിയന്‍ രൂപചാരുതയുമുണ്ട്. ടെറാനോയോടോ ഡസ്റ്ററിനോടോ പിടിച്ചു നില്‍ക്കാനൊത്ത വലുപ്പമുള്ള റെനഗേഡിന് നാലു മീറ്ററിലധികം നീളമുണ്ട്. നാല്‍പതുകളിലെ രൂപഗുണം തെല്ലും ചോരാതെ പരമ്പരാഗത ജീപ്പ് ആധുനികമായാല്‍ എങ്ങനെ വരുമോ അങ്ങനെയുണ്ട് കാഴ്ചയില്‍.

2016-Jeep-Renegade-interior

മുഴുവന്‍ മാര്‍ക്കും ഇറ്റലിക്കാര്‍ക്കു കൊടുക്കണം. ഡിസൈന്‍ ഗുരുക്കന്മാരായ അവരുടെ കര വിരുതാണല്ലോ ഇതു മുഴുവന്‍. ജീപ്പ് സ്വഭാവം ചോരാതെ നിര്‍ത്തുന്നത് മനോഹരമായ ഗ്രില്ലിലൂടെയാണ്. പാരമ്പര്യം പോകാതെ ആധുനികവല്‍ക്കരിച്ച ഗ്രില്ലും ഉരുണ്ട ഹെഡ്‌ലാംപുകളും വന്നപ്പോള്‍ എല്ലാം തികഞ്ഞ ജീപ്പ് ആയി. ബാക്കിയുള്ളതെല്ലാം സത്യത്തില്‍ ആധുനികമാണ്. വശങ്ങളും പിന്‍ഭാഗവുമൊക്കെ ഏറ്റവും പുതിയ എസ് യു വി രൂപഗുണത്തില്‍.ഉള്‍വശവും ആധുനികമാണ്. നല്ലൊരു കാറിനൊത്ത ചേല്. ജീപ്പാണ് എന്ന തോന്നലുണ്ടാക്കുന്നത് കോ ഡ്രൈവറുടെ മുന്നില്‍ ഡാഷ്‌ബോര്‍ഡിലുറപ്പിച്ചിട്ടുള്ള ഗ്രാബ് ഹാന്‍ഡിലുകള്‍. ടച്ച് സ്‌ക്രീനടക്കമുള്ള മറ്റ് ആധുനികതകള്‍. ധാരാളം ഇടവും വലുപ്പമുള്ള സീറ്റുകളുമാണ്. യഥാര്‍ത്ഥ ഓഫ് റോഡിങ് തേടുന്നവര്‍ക്കാണ് റെനഗേഡ്.

2016-Jeep-Renegade 1

ജീപ്പ് പാരമ്പര്യങ്ങള്‍ക്കു യോജിച്ച സ്‌മോള്‍ വൈഡ് ഫോര്‍ വീല്‍ ഡ്രൈവ് പ്ലാറ്റ്‌ഫോം. സാധാരണ മോഡില്‍ ഫ്രണ്ട് വീല്‍ ഡ്രൈവാണെങ്കില്‍ നാലു വീല്‍ ഡ്രൈവ് സിസ്റ്റമുള്ള മോഡലുകള്‍ക്ക് ഏറ്റവും വിലപിടിപ്പുള്ള ജീപ്പുകളില്‍ ഉപയോഗിക്കുന്നതിനു സമാനമായ ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുണ്ട്. എന്‍ജിന്‍ സാധ്യത പലതുണ്ടെങ്കിലും ഫിയറ്റ് മള്‍ട്ടി ജെറ്റ് 2000 സി സി ഡീസലിനാണ് മുന്‍ഗണന. 140 ബി എച്ച് പി കരുത്തുള്ള ഈ എന്‍ജിനു പുറമെ ഫിയറ്റ് 1.6 ഡീസലും കുറഞ്ഞ മോഡലുകളില്‍ വന്നേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button