NewsIndia

ഉത്തര്‍പ്രദേശ്‌ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ കോണ്‍ഗ്രസിന് വിലപ്പെട്ട ഉപദേശം

ഉത്തര്‍പ്രദേശില്‍ ഒരുകാലത്ത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും, പിന്നീട് ബിജെപിയോടൊപ്പം നില്‍ക്കുകയും ചെയ്ത ബ്രാഹ്മണ സമൂഹത്തിന്‍റെ വോട്ട് നേടാനായാല്‍ കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ 2017-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കാനാകുമെന്ന് ഉപദേശം. ബീഹാറില്‍ നിതീഷ് കുമാറിന്‍റെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും, ഉത്തര്‍പ്രദേശിലെ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടുത്തിടെ കോണ്‍ഗ്രസ് സമീപിക്കുകയും ചെയ്ത തിരഞ്ഞെടുപ്പ് ആസൂത്രകന്‍ പ്രശാന്ത് കിഷോറാണ് കോണ്‍ഗ്രസിന് ഈ ഉപദേശം നല്‍കിയത്.

രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ഒരു ആലോചനായോഗത്തിലാണ് കിഷോര്‍ ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിച്ചാല്‍ കോണ്‍ഗ്രസിന് പ്രയോജനം ലഭിക്കും എന്ന് ചൂണ്ടിക്കാണിച്ചത്. ഏതായാലും കിഷോറിന്‍റെ ഈ ഉപദേശം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഘടകത്തെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ന്യൂനപക്ഷ വോട്ട്ബാങ്ക് മായാവതിയുടെ ബി.എസ്.പി.യും മുലായം സിങ്ങിന്‍റെ എസ്.പി.യും കയ്യടക്കി വച്ചിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ബ്രാഹ്മണ സമൂഹം ബിജെപിയെയാണ് കുറച്ചു നാളുകളായി പിന്തുണയ്ക്കുന്നത്.

പക്ഷേ, ബിജെപിയ്ക്കുള്ള ബ്രാഹ്മണ പിന്തുണ ഓരോ വര്‍ഷവും കുറയുന്നതായി സൂചിപ്പിക്കുന്ന കണക്കുകള്‍ നിരത്തിയാണ് കിഷോര്‍ കോണ്‍ഗ്രസിനോട്‌ ബ്രാഹ്മണരുടെ വോട്ടിനായി ശ്രമിച്ചാല്‍ ഫലം ലഭിക്കും എന്ന് സമര്‍ത്ഥിച്ചത്. 27 വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ അധികാരത്തിനു വെളിയിലാണ്.

ബിജെപിയില്‍ നിന്ന് കൊഴിയുന്ന ബ്രാഹ്മണ വോട്ടിന്‍റെ പങ്കിനായി ശ്രമിച്ച് മായാവതി ഒട്ടൊക്കെ വിജയിച്ചിരുന്നു. 2007-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതി 89 ബ്രാഹ്മണര്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നു. പക്ഷേ നല്ലൊരു ദളിത്‌ വോട്ട്ബാങ്കും സ്വന്തമായുള്ള ബി.എസ്.പി.യ്ക്ക് ബ്രാഹ്മണരുടെ പിന്തുണയും കൂടി ലഭിച്ചപ്പോള്‍ കിട്ടിയ പ്രയോജനം കോണ്‍ഗ്രസിന് ലഭിക്കുമോ എന്നത് കണ്ടറിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button