Editorial

ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് – ഇന്ന്‍ ഇന്ത്യയുടെ ഈ വീരപുത്രന്മാരുടെ രക്തസാക്ഷിദിനം

“തൊഴിലാളികളും, ഉത്പാദകരും സമൂഹത്തിലെ മുഖ്യധാരയുടെ ഭാഗമായിരുന്നിട്ടു കൂടി ചൂഷണത്തിന് ഇരകളാകുകയും, അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്നു. ഭക്ഷണസാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകന്‍ പട്ടിണി കിടന്നു മരിക്കുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ നെയ്യുന്ന നെയ്ത്തുകാരന് സ്വന്തം കുട്ടികള്‍ക്കും കുടുംബത്തിനുമായി അത് ചെയ്യാന്‍ സാധിക്കുന്നില്ല. വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന മേസ്തിരിമാര്‍, ആശാരികള്‍, കൊല്ലന്മാര്‍ എന്നിവര്‍ തെരുവുകളിലെ ചെറ്റക്കുടിലുകളില്‍ വസിക്കുന്നു. മറ്റൊരു വശത്ത്, മുതലാളിത്ത ചൂഷകരും, സാമൂഹ്യ വിരുദ്ധരും കോടിക്കണക്കിന് പണം തങ്ങളുടെ സുഖസുകര്യങ്ങല്‍ക്കായി ചിലവഴിച്ച് ആനന്ദിച്ച് ജീവിക്കുന്നു,” ന്യൂഡെല്‍ഹിയിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ നടത്തിയ ബോംബാക്രമണത്തില്‍ തന്‍റെ പങ്കാളിയായിരുന്ന ബടുകേശ്വര്‍ ദത്തിനോടൊപ്പം 1928, ജൂണ്‍ 6-ന് പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ ഭഗത് സിംഗ് പറഞ്ഞ വാക്കുകളാണിവ.

23-ആം വയസില്‍ സ്വന്തം രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിന് മുമ്പ് ജീവിച്ച ചെറിയ കാലയളവില്‍, ഭഗത് സിംഗ് എന്ന ധീരദേശാഭിമാനി പ്രകടിപ്പിച്ച ലോകവീക്ഷണം അനുപമവും അനശ്വരവുമാണ്. കലര്‍പ്പില്ലാത്ത സോഷ്യലിസ്റ്റ് ആശയങ്ങളും കറതീര്‍ന്ന ദേശസ്നേഹവും ഒത്തിണങ്ങിയ ഭഗത് സിങ്ങിന്‍റെ തത്വസംഹിത പിന്തുടരുന്ന ഏതൊരാളും രാജ്യത്തിന് മാതൃകയായി മാറുന്ന ഒരു പൌരനായി മാറും എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.

എണ്‍പത്തിഅഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായത് മാര്‍ച്ച് 23, 1931-ന്, തൂക്കിലേറ്റപ്പെട്ട ഭഗത് സിംഗ്, ശിവ്റാം രാജ്ഗുരു, സുഖ്ദേവ് ഥാപ്പര്‍ എന്നീ ക്രാന്തികാരികള്‍ ഇന്നും ഇന്ത്യയുടെ സ്വാതന്ത്ര്യസമര വിഹായസ്സിലെ അഗ്നിനക്ഷത്രങ്ങളായി നിലകൊള്ളുന്നു.

മഹത്തായ സോഷ്യലിസ്റ്റ് ആശയങ്ങളെ സ്വന്തം സ്ഥാപിത താത്പര്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധം ഇഷ്ടംപോലെ വളച്ചൊടിച്ച്, രാജ്യത്തിന് ദോഷകരമാകുന്ന കാട്ടിക്കൂട്ടലുകള്‍ക്ക് വരെ പിന്തുണ നല്‍കുന്ന രാഷ്ട്രീയ കുബുദ്ധികള്‍ ഭഗത് സിങ്ങും കൂട്ടാളികളും വിഭാവനം ചെയ്ത ദേശഹിതകരമായ സോഷ്യലിസ്റ്റ് ആശയങ്ങളെ വായിക്കുകയും പഠനവിധേയമാക്കുകയും ചെയ്തിരുന്നെങ്കില്‍ ഈ കാലഘട്ടത്തിലെ പല വിഷമഘട്ടങ്ങളും ഒഴിവാക്കാന്‍ കഴിയുന്നവയായിരുന്നു. അമിതമായ ദേശഭക്തി പ്രഘോഷിച്ച്ച് മറ്റുള്ളവരിലും അത് കുത്തിവയ്ക്കാന്‍ നടക്കുന്നവരും ഇന്ത്യയുടെ ഈ ധീര ബാലിദാനികളുടെ ജീവിതവും ആശയസംഹിതകളും നെഞ്ചിലേറ്റാന്‍ തയാറായാല്‍ രാജ്യത്ത് വിവിധ വിഭാഗങ്ങളുടെ ഇടയില്‍ സാഹോദര്യ-സമത്വ ഭാവനകള്‍ വിളയാടും എന്ന കാര്യം തീര്‍ച്ചയാണ്.

ഭഗത് സിങ്ങിന്‍റെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് തങ്ങളുടെ കറാച്ചി സമ്മേളനത്തിന്‍റെ നയരേഖയില്‍ പറഞ്ഞിട്ടുള്ളത്, “ഇന്ത്യയിലെ ഓരോ പൌരനും, നിയമത്തിനോ സദാചാരമൂല്യങ്ങള്‍ക്കോ എതിരല്ലാത്ത രീതിയില്‍, സ്വന്തമായ അഭിപ്രായ പ്രകടനത്തിനുള്ള അവകാശം, സ്വതന്ത്രമായി ഒത്തുചേരാനും കൂട്ടായ്മകള്‍ സംഘടിപ്പിക്കാനുമുള്ള അവകാശം, ആയുധധാരികളല്ലാതെ സമാധാനപരമായി യോഗം ചേരാനുള്ള അവകാശം എന്നിവയുണ്ട്” എന്നാണ്. ഈയടുത്ത കാലത്ത് രാജ്യത്തുണ്ടായ സംഭവവികാസങ്ങളിലുള്ള കോണ്‍ഗ്രസ് നിലപാടുകള്‍ കാണുമ്പോള്‍ ഈ നയത്തില്‍ നിന്ന് പാര്‍ട്ടി എത്രമാത്രം പിന്നോട്ടു പോയി എന്നുള്ളത് മനസ്സിലാകും.

ഭരണപക്ഷത്തിന്‍റെ തീവ്രദേശീയതയും, മുഖ്യപ്രതിപക്ഷത്തിന്‍റെ കുടുംബ വാഴ്ചയിലൂന്നിയുള്ള അഴിമതിക്കഥകളും, ശക്തമായ സാന്നിധ്യം തങ്ങള്‍ക്ക് അവകാശപ്പെടാവുന്ന ഇടങ്ങളില്‍ അക്രമത്തിലും അടിച്ചമര്‍ത്തലിലും ഊന്നിയ രാഷ്ട്രീയ നാടകം ആടുന്ന ഇടതുപക്ഷത്തിന്‍റെ ഉരുക്കുമുഷ്ടിയും ഉള്ള വര്‍ത്തമാനകാല ഇന്ത്യയില്‍, ദേശഹിതം മാത്രം മുന്നില്‍ക്കണ്ട് സ്വന്തം ജീവന്‍ ബാലിയര്‍പ്പിച്ച രാജ്യത്തിന്‍റെ വീരപുത്രന്‍മാരുടെ – ഭഗത് സിംഗ്, ശിവ്റാം രാജ്ഗുരു, സുഖ്ദേവ് ഥാപ്പര്‍ – എന്നിവരുടെ, ജീവിതങ്ങള്‍ തന്നെ ഒരു സന്ദേശമായി സ്വീകരിച്ചുകൊണ്ട് സമഭാവനയുടെ പാത സ്വീകരിക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഇവരുടെ രക്തസാക്ഷിദിനത്തില്‍ ഒരിക്കല്‍ക്കൂടി ഈ ധീരദേശാഭിമാനികള്‍ക്ക് കോടി കോടി പ്രണാമങ്ങള്‍…..

shortlink

Related Articles

Post Your Comments

Related Articles


Back to top button