KeralaNews

മലേഷ്യ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് രാജ്യാന്തര ബന്ധം ; നേതൃത്വം നല്‍കുന്നത് പാക് പൗരന്‍

നെടുമ്പാശ്ശേരി: വിദേശങ്ങളിലെ ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും ഉയര്‍ന്ന വേതനത്തോടെയുള്ള തൊഴില്‍ വാഗ്ദാനം ചെയ്ത് മലേഷ്യയിലേക്ക് യുവതീ-യുവാക്കളെ കടത്തുന്ന റാക്കറ്റിന് രാജ്യാന്തര ബന്ധം. മലേഷ്യയില്‍ ഈ റാക്കറ്റിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് പാകിസ്താന്‍ സ്വദേശിയാണെന്ന് തട്ടിപ്പിനിരയായവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

തൊഴില്‍ വെബ്‌സൈറ്റുകളിലാണ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഏജന്‍സി പരസ്യം നല്‍കുന്നത്. ഹരിപ്പാട് സ്വദേശിയായ ഒരാളും ആലപ്പുഴ സ്വദേശിയായ മറ്റൊരാളുമാണ് കേരളത്തില്‍നിന്നുള്ള റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് നേതൃത്വം നല്‍കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. മലേഷ്യയിലെയും മറ്റും വന്‍കിട ഹോട്ടലുകളിലേക്ക് തൂപ്പുജോലിക്കും മറ്റും നിശ്ചിതകാലത്തേക്ക് തൊഴിലാളികളെ നല്‍കിയാല്‍ വന്‍തുക കമീഷനായി നല്‍കും. കൂടാതെ, ഇവര്‍ തൊഴിലാളികളായി നിലകൊള്ളുന്ന കാലത്തോളം പ്രതിമാസം നിശ്ചിത തുക വീതം വേറെയും നല്‍കും.

കേരളത്തില്‍നിന്ന് 18 പേരെ ആഗസ്റ്റ് അഞ്ചിനാണ് നെടുമ്പാശ്ശേരിയില്‍നിന്ന് കൊണ്ടുപോയത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും മുന്നൂറോളം പേര്‍ എത്തിച്ചേരാനുണ്ടെന്നും അതുവരെ ഒരു ഹോട്ടലില്‍ താമസിക്കണമെന്നുമായിരുന്നു മലേഷ്യയിലത്തെിയപ്പോള്‍ പറഞ്ഞ നിബന്ധന. ഇതോടൊപ്പം ആ ഹോട്ടലില്‍ ജോലി ചെയ്താല്‍ ചെറിയ പ്രതിഫലം ലഭിക്കുമെന്നും തട്ടിപ്പിനിരയായവരെ ബോധ്യപ്പെടുത്തി. ഉന്നത വിദ്യാഭ്യാസമുള്ള പലര്‍ക്കും അടുക്കളജോലിയും മൂത്രപ്പുര ശുചീകരണവും വരെ ചെയ്യേണ്ടതായിവന്നുവെന്ന് തട്ടിപ്പിനിരയായ ആലുവ സ്വദേശി മുസാഫിര്‍ മാധ്യമത്തോട് പറഞ്ഞു.

തൊഴില്‍ വിസ ശരിയാക്കാനെന്ന പേരില്‍ ഇവരുടെ പാസ്‌പോര്‍ട്ട് അവിടെയത്തെിയപ്പോള്‍ പാകിസ്താനി വാങ്ങിയെടുത്തു. റിക്രൂട്ട്‌മെന്റ് നടത്തിയ മലയാളികളാരും മലേഷ്യയിലുണ്ടായിരുന്നില്ല. അവരെ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുറച്ചൊക്കെ കഷ്ടപ്പെടേണ്ടിവരുമെന്നും താല്‍പര്യമില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങിപ്പോകാനുമായിരുന്നു നിര്‍ദേശം.

ഹോട്ടലില്‍ ശുചീകരണ ജോലി ചെയ്തവര്‍ ബഹളമുണ്ടാക്കിയപ്പോള്‍ ഏതാനും പേര്‍ക്കു മാത്രം അയ്യായിരം രൂപ നല്‍കി. പാകിസ്താനി കൃത്യമായി എല്ലാവരുടെയും ശമ്പളം കൈപ്പറ്റുന്നുണ്ടെന്നായിരുന്നു ഹോട്ടല്‍ നടത്തിപ്പുകാരുടെ വിശദീകരണം. ഗത്യന്തരമില്ലാതെയാണ് ഇവര്‍ നാട്ടിലേക്ക് വിവരം നല്‍കി പണം വരുത്തി വിമാനടിക്കറ്റെടുത്ത് തിരിച്ചത്തെിയത്. ചില പെണ്‍കുട്ടികള്‍ പാസ്‌പോര്‍ട്ട് തിരികെ ലഭിക്കാതിരുന്നതിനാല്‍ എംബസിയെ സമീപിച്ച് എമര്‍ജന്‍സി പാസ്‌പോര്‍ട്ടിലാണ് മടങ്ങിയത്തെിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button