Uncategorized

പൊണ്ണത്തടി കുറയ്ക്കാനായി കഴിച്ച മരുന്ന് വരുത്തിയ വിന

കട്ടപ്പന: ശരീരഭാരം കുറയാനുള്ള മരുന്നുകഴിച്ച മിമിക്രി കലാകാരനായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. കട്ടപ്പന വലിയകണ്ടം രാജശ്രീ ഭവനില്‍ ശശിരാജശ്രീ ദമ്പതികളുടെ മകന്‍ മനു എസ്. നായരാ(26)ണു മരിച്ചത്.
ശരീരഭാരം കുറയ്ക്കാനായി നാലുമാസമായി മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മരുന്നു കഴിക്കുന്നുണ്ടായിരുന്നു മനു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മൃതദേഹം പൈനാവിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സംസ്‌കാരം ഇന്നു രാവിലെ പത്തിനു സുവര്‍ണഗിരിയിലെ പുരയിടത്തില്‍ നടക്കും. അനൂപ്, ആതിര എന്നിവര്‍ സഹോദരങ്ങളാണ്.
നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന മനു കട്ടപ്പനയിലെ കലാക്ഷേത്ര, കൊച്ചിന്‍ കലാവിസ്മയ എന്നീ ട്രൂപ്പുകളടക്കമുള്ളവയില്‍ മിമിക്രി കലാകാരനുമായിരുന്നു. മെലിയാനുള്ള മരുന്നു കഴിച്ചുതുടങ്ങിയതോടെ മനുവിന്റെ തൂക്കം തൊണ്ണൂറില്‍നിന്ന് 52 കിലോയായി കുറഞ്ഞു. ഭക്ഷണത്തില്‍ ക്രമീകരണം വരുത്തിയ മനുവിന് അടുത്തിടെ ഭക്ഷണത്തോടു താല്‍പര്യവുമില്ലായിരുന്നു.
രക്തത്തില്‍ പഞ്ചസാരയുടെ അളവു വല്ലാതെ കൂടിയതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായ മനുവിനെ ചൊവ്വാഴ്ച രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഇന്‍സുലിന്‍ എടുക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും ആയുര്‍വേദ മരുന്ന് കഴിക്കുന്നതിനാല്‍ കിടത്തിചികിത്സ തേടാതെ സ്വമനസാലെ വീട്ടില്‍ പോകുകയാണെന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്ക് എഴുതി നല്‍കി. തുടര്‍ന്നു വീട്ടിലേയ്ക്കു മടങ്ങിയ മനുവിനെ ഇന്നലെ രാവിലെ എട്ടോടെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ക്ലാസില്‍ പങ്കെടുത്തശേഷമാണ് മനു മരുന്ന് ഉപയോഗിച്ചു തുടങ്ങിയത്. ഒരു കോഴ്‌സിന് ആറായിരത്തോളം രൂപ വില വരുന്ന മരുന്നാണ് കഴിച്ചിരുന്നത്. ശരീരം വളരെയധികം മെലിഞ്ഞതോടെ സുഹൃത്തുക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും അടുത്തകോഴ്‌സ് മരുന്ന് കഴിക്കുമ്പേഴേക്കും ശരിയാകുമെന്നായിരുന്നു മനുവിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button