NewsInternational

ബ്രസല്‍സ് സ്ഫോടനം; രക്ഷപ്പെട്ട ഭീകരന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ചാവേര്‍ ആക്രമണത്തിനെത്തിയശേഷം രക്ഷപ്പെട്ട ഭീകരന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്തിയ രണ്ട് ചാവേറുകള്‍ക്കൊപ്പമെത്തിയ ഭീകരനാണ് പൊട്ടിത്തെറിക്കാതെ ആക്രമണത്തിനുശേഷം രക്ഷപെട്ടത്.

ചാവേറുകള്‍ക്കൊപ്പമെത്തിയ മൂന്നാമനെക്കുറിച്ചുള്ള അന്വേഷണം നീളുന്നതിനിടെയാണ് സ്‌ഫോടനശേഷം നടന്നുനീങ്ങുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. വിമാനത്താവള ദൃശ്യങ്ങളില്‍ കണ്ട ലഗേജ് ഉപേക്ഷിച്ചാണ് ഇയാള്‍ റോഡിലേക്കിറങ്ങിയത്. തൊപ്പിയും ജാക്കറ്റും ധരിച്ച് നടന്നുപോകുന്ന ഇയാള്‍ ഒരുഘട്ടത്തില്‍ ജാക്കറ്റ് ഉപേക്ഷിച്ചതും വ്യക്തമാണ്. യൂറോപ്യന്‍ യൂണിയന്റെ ബ്രസല്‍സിലെ സ്ഥാപനങ്ങളിലൊന്നില്‍ സ്‌ഫോടനം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദൗത്യം നടക്കാതെ പോയതിന്റെ കാരണമോ സൂചനകളോ വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങള്‍ യോജിപ്പിച്ച് അക്രമിയെക്കുറിച്ചുള്ള ചിത്രത്തിന് വ്യക്തതവരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഇതിനിടെ നവംബറില്‍ ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയ പാരീസ് റസ്റ്റോറന്റുകള്‍ക്കു സമീപം വെടിയുതിര്‍ത്ത തോക്കുധാരിയെ പോലീസ് അറസ്റ്റു ചെയ്തു. വെടിവയ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നവംബറിലെ പാരീസ് ആക്രമണത്തില്‍ 130 പേര്‍ക്കു ജീവഹാനി നേരിട്ടതിനെത്തുടര്‍ന്നു ഫ്രാന്‍സില്‍ സുരക്ഷ അതീവ ശക്തമാക്കിയിരിക്കുയാണ്.

അതേസമയം പാരീസ് ആക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുസലേമിനെ ഫ്രാന്‍സിന് ഉടന്‍ വിട്ടുനല്‍കില്ലെന്ന് ബെല്‍ജിയം വ്യക്തമാക്കി. ബ്രസല്‍സ് സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button