Kerala

തെരഞ്ഞെടുപ്പു ഗോദയില്‍ പരസ്പരം പുകഴ്ത്തി ഉമ്മന്‍ ചാണ്ടിയും അടൂര്‍ പ്രകാശും

പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി അടൂര്‍ പ്രകാശും കോന്നിയില്‍ നടന്ന യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ദുഃഖവും നിരാശയും സങ്കടവും പങ്കുവച്ചും പരസ്പരം പുകഴ്ത്തിയും രംഗത്ത്. കോന്നിയില്‍ സീറ്റ് ഉറപ്പിക്കുകയും അവസാന നിമിഷം പട്ടികയില്‍ നിന്ന് തെറിക്കുകയും ചെയ്ത ഡി.സി.സി. പ്രസിഡന്റ് പി. മോഹന്‍രാജിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് കോന്നി സീറ്റില്‍ ഒരിക്കല്‍കൂടി മത്സരിക്കാന്‍ അവസരമൊരുക്കിയതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

താന്‍ ചെയ്യാത്ത തെറ്റിനു ശിക്ഷ അനുഭവിക്കേണ്ടി വന്ന വ്യക്തിയാണ്. കഴിഞ്ഞുപോയത് മാനസികമായി ഏറെ പ്രയാസം നേരിട്ട നാളുകളാണ്. ജനങ്ങള്‍ക്കായി പല പദ്ധതികളും നടപ്പാക്കി. ചിലതു നടപ്പാക്കാന്‍ കഴിഞ്ഞില്ല. അവരില്‍നിന്നും ഒരു ചായ പോലും അതിന്റെയൊന്നും പേരില്‍ വാങ്ങിക്കുടിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയാണ് കോന്നിയില്‍ ഇന്നു കാണുന്ന എല്ലാ വികസനത്തിനും വഴിയൊരുക്കിയതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്കും സര്‍ക്കാരിനും ഏക്കാലവും മുതല്‍ക്കൂട്ടാണ് അടൂര്‍ പ്രകാശ് എന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഉമ്മന്‍ചാണ്ടി പറഞ്ഞു. വോട്ടെണ്ണല്‍ വരെ ഇവിടുത്തെ ആവേശം നീണ്ടാല്‍ അതു പുതുപ്പള്ളിയെ കവച്ചുവയ്ക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button