KeralaNewsIndia

കേരളത്തിലെ ഡോക്ടര്‍മാരെ കുറിച്ച് മോദിയോടൊപ്പം ദില്ലിയില്‍ നിന്ന് വന്ന ഡോക്ടര്‍മാരുടെ സംഘത്തിനു പറയാനുള്ളത്

തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡല്‍ഹിയില്‍ നിന്നുള്ള ഒരുസംഘം ഡോക്ടര്‍മാരുമുണ്ടായിരുന്നു.
ദുരന്തത്തിനിരയായവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ഏകലക്ഷ്യത്തോടെ തന്നെയായിരുന്നു മോദി ഡോക്ടര്‍മാരടങ്ങുന്ന സംഘത്തേയും ഒപ്പം ചേര്‍ത്തത്.

എന്നാല്‍ ഡല്‍ഹി എയിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരടക്കമുള്ളവര്‍ കേരളത്തിലെ ഡോക്ടര്‍മാരുടെ സേവനം കണ്ട് യഥാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുകയായിരുന്നു. കാരണം ഡല്‍ഹിയില്‍ നിന്നെത്തിയ തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് മികച്ച സേവനമായിരുന്നു കേരളത്തിലെ ഡോക്ടര്‍മാര്‍ കാഴ്ചവെച്ചതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തിലെ ആശുപത്രികളിലേത് മികച്ച സംവിധാനങ്ങളാണ്. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം അഭിനന്ദനീയമാണെന്നും എയിംസ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി തലവന്‍ ഡോ. മന്‍സിഹ് സിന്‍ഗാള്‍ പറയുന്നു.
വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒത്തുചേര്‍ന്ന് ഒരു ദിവസം മാത്രം 50 ഓളം സര്‍ജറികള്‍ തന്നെ നടത്തിയതും ഏറെ പ്രശംസനീയം ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എയിംസ്, രാം മനോഹര്‍ ലോഹിയ ഹോസ്പിറ്റല്‍, സഫ്ദര്‍ജങ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ 20 ഡോക്ടമാര്‍ അടങ്ങുന്ന സംഘമാണ് കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ എത്തിയത്.

എന്നാല്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാരും ഇത്തരം സാഹചര്യങ്ങള്‍ നിസാരമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരാണ് അവരെന്ന് സ്വയം തങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തിലൂടെ തെളിയിക്കുകയായിരുന്നു. അത്രയേറെ മികച്ച സേവനമായിരുന്നു അവര്‍ നടത്തിയത്. എയിംസിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. സുഷ സാഗര്‍ പറയുന്നു.

സര്‍ക്കാര്‍-സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തമ്മിലുള്ള ഒരുമയിലും കേന്ദ്രസംഘം അത്ഭുതം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സഹായമെന്നോണം സ്വകാര്യ ആശുപത്രികളും സൗജന്യ ചികിത്സ നല്‍കാന്‍ തയ്യാറായത് അപൂര്‍വ സംഭവ തന്നെയാണ്. കേരളത്തിലെ ആരോഗ്യമേഖല എത്രത്തോളം ശക്തമാണെന്ന് തങ്ങള്‍ക്ക് ഈ സംഭവങ്ങളോടുകൂടി വ്യക്തമായതായും ഡോ. സാഗര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button