NewsIndia

അംബേദ്‌കര്‍ ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ സ്മരണകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

മധ്യപ്രദേശ്: ഭാരതഭരണഘടനാശിൽപിയുടെ നൂറ്റിയിരുപത്തിയഞ്ചാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുസ്മരണ പ്രഭാഷണം ലോകശ്രദ്ധ പിടിച്ചു പറ്റി. ഡോ. അംബേദ്കറുടെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മ്ഹൗവിലായിരുന്നു അനുസ്മരണം. അംബേദ്ക്കർ ജനിച്ച ഗ്രാമത്തിന്റെ അനുഗ്രഹം തേടാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പണ്ട് താനിവിടം സന്ദർശിച്ചിരുന്നുവെന്നും എന്നാൽ ഇവിടമിന്ന് വളരെ നല്ല മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ, അദ്ദേഹത്തിന്റെ നല്ല പ്രവർത്തനങ്ങളുടെ പേരിൽ പ്രശംസിച്ച പ്രധാനമന്ത്രി അംബേദ്കർ വെറുമൊരു വ്യക്തി മാത്രമല്ലായിരുന്നുവെന്നും, അപമാനം സഹിച്ചും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പരിശ്രമിച്ച, സമൂഹത്തിലെ അനീതികൾക്കെതിരേ പോരാടിയ ക്രാന്തദർശിയായിരുന്നു അദ്ദേഹമെന്നും പറഞ്ഞു.

പ്രസംഗത്തിനിടെ തന്റെ പൂര്‍വ്വകാലം സ്മരിച്ച മോദി അയല്‍വീടുകളില്‍ നിന്ന് വെള്ളം കോരി കൊണ്ടു വന്നിരുന്ന ഒരു അമ്മയുടെ മകന് ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ സാധിച്ചെങ്കില്‍ അതിന് കാരണം ബി.ആര്‍.അംബേദ്കറാണെന്നും, അംബേദ്കറുടെ കാല്‍കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും പറഞ്ഞു. അംബേദ്കറുടെ ഡല്‍ഹിയിലെ വസതി സ്മാരകമാക്കി മാറ്റാനുള്ള എന്‍.ഡി.എ തീരുമാനം പരമാര്‍ശിച്ച മോദി ആറ് പതിറ്റാണ്ട് ഭരിച്ചിട്ടും കോണ്‍ഗ്രസ് അത് ചെയ്യാതിരിക്കാന്‍ കാരണമെന്താണെന്നും ചോദിച്ചു.

അദ്ദേഹം സാമൂഹിക തിന്മകൾക്കെതിരെയാണ്, വ്യക്തികൾക്കെതിരെയല്ല പോരാടിയത്. ധാരാളം അറിവും, ലോകം മുഴുവൻ സാദ്ധ്യതകളുമുണ്ടായിരുന്നിട്ടും ബാബാസാഹേബ് ഭാരതത്തിനു വേണ്ടി പ്രവർത്തിച്ചു. ഭാരതത്തിലെ അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സ്വാതന്ത്ര്യാനന്തരം വർഷമിത്ര കഴിഞ്ഞിട്ടും നമ്മുടെ ഗ്രാമങ്ങൾ ഇനിയും മാറ്റങ്ങൾ ആവശ്യപ്പെടുന്നു എന്നത് ദുഃഖകരമാണ്. ഗ്രാമങ്ങൾക്കായി ഇനിയും ധാരാളം ചെയ്യാൻ ബാക്കി കിടക്കുന്നു. ഇന്നു മുതൽ ഇരുപത്തി നാലാം തീയതി വരെ ഇതിനായി ഒരു പ്രചാരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഏതാനും നിക്ഷേപകരെ കൊണ്ടോ, നഗരങ്ങളുടെ വികസനം കൊണ്ടോ ഭാരതത്തിന്റെ സമ്പൂർണ്ണ വികസനം സാദ്ധ്യമല്ല. ഭാരതത്തിന്റെ സമ്പൂർണ്ണ വികസനത്തിനായി, നമ്മുടെ ഗ്രാമങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരണം.
ഇപ്രാവശ്യത്തെ നമ്മുടെ ബജറ്റ് നൂറു ശതമാനവും ഗ്രാമങ്ങൾക്കും, കർഷകർക്കും വേണ്ടിയുളളതായിരുന്നു. നമ്മുടെ വികസന ശ്രോതസ്സുകളെയെല്ലാം ഗ്രാമങ്ങളിലേക്കു തിരിച്ചു വിടേണ്ടതുണ്ട്. സമയാസമയം ഞാൻ ഈ വികാസം നിരീക്ഷിച്ചു വരികയാണ്. ഞാൻ ഉദ്യോഗസ്ഥരോട്, എത്ര ഗ്രാമങ്ങൾ ഇനിയും വൈദ്യുതിയെത്താനുണ്ടെന്ന് തിരക്കുകയുണ്ടായി. ഞാൻ കരുതിയിരുന്നത് ഏതാനും നൂറു ഗ്രാമങ്ങൾ എന്നായിരുന്നു, പക്ഷേ, സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം കഴിഞ്ഞിട്ടും, 18,000 ഗ്രാമങ്ങളിൽ ഇന്നും വൈദ്യുതിയെത്തിയിട്ടില്ല. ഇന്നും നാം പതിനെട്ടാം നൂറ്റാണ്ടിൽ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ബാബാസാഹേബിന്റെ രാജ്യത്ത് 18,000 ഗ്രാമങ്ങൾ ഇന്നും ഇരുട്ടിലാണെന്നത് അംഗീകരിക്കാൻ കഴിയാത്ത വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മുഴുവൻ ഗ്രാമങ്ങളും വൈദ്യുതീകരിക്കാൻ ഇനിയും ഏഴു വർഷങ്ങൾ കൂടി വേണ്ടി വരുമെന്നും, ദ്രുതഗതിയിലാക്കിയാൽ കുറഞ്ഞത് 6 വർഷത്തിനുള്ളിൽ പ്രവർത്തികൾ പൂർത്തീകരിക്കാമെന്നും, ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ആഗസ്റ്റ് പതിനഞ്ചിന് ചെങ്കോട്ടയിൽ വച്ച് 1000 ദിവസങ്ങൾക്കുളളിൽ ഇതു സാദ്ധ്യമാക്കാമെന്നാണ് ഞാൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അതിനു കുറച്ചു വർഷങ്ങൾ വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടപടികൾ സുതാര്യമാണെന്നും, എത്ര ഗ്രാമങ്ങൾ വൈദ്യുതീകരിച്ചുവെന്ന് മൊബൈലിലോ ഇന്റർ‌നെറ്റിലോ വിവരങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ആവശ്യമാണ്. രണ്ടര ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ആവശ്യമാണ്. ഇതു പ്രയാസകരമായിരിക്കാം, പക്ഷേ നമുക്കിതു സാദ്ധ്യമാക്കിയേ പറ്റൂ. കർഷകർക്ക് അൽപം വെളളം നൽകിയാൽ അവർ വയലുകളിൽ കനകം വിളയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർ നാടിന് അന്നമേകുന്നവരാണെന്നും, അവർ കഠിനാദ്ധ്വാനം ചെയ്യാൻ ലജ്ജയില്ലാത്തവരാണെന്നും അദ്ദേഹം പ്രശംസിച്ചു. 2019 ആകുമ്പൊഴേക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുളള കഠിനപ്രയത്നത്തിലാണ് താൻ. ഇതു വളരെ പ്രയാസകരമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നുണ്ട്. എന്നാൽ, ഈ പ്രയത്നം എളുപ്പമുളളതായിരുന്നെങ്കിൽ രാജ്യത്തിന് എന്നോട് ഇതാവശ്യപ്പെടേണ്ടി വരുമായിരുന്നില്ല. ഗ്രാമങ്ങൾ ഊർജ്ജസ്വലമാകാതെ നമുക്ക് സാമ്പത്തിക സുരക്ഷ കൈവരിക്കാനാവില്ല.

ബാബാസാഹേബ്, വിദ്യാഭ്യാസം നേടാനും, ഐക്യമത്യത്തോടെ പോരാടാനും നമ്മോട് ആഹ്വാനം ചെയ്തു. അദ്ദേഹം സാമൂഹിക നീതിയ്ക്കും, സാങ്കേതിക വികസനത്തിനും വേണ്ടി നില കൊണ്ട വ്യക്തിത്വമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നു പ്രതിവർഷം കേന്ദ്ര ഖജനാവിൽ നിന്നും ഒരു ഗ്രാമത്തിന് 75 ലക്ഷം രൂപ വീതം ലഭിക്കുന്നുണ്ട്. ഈ തുക ആസൂത്രിതമായി ചിലവഴിച്ചാൽ, കൈവരിക്കാവുന്ന പുരോഗതിയെത്രയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻഡോർ ജില്ല പൂർണ്ണമായുമിന്ന് ശുചിത്വ ജില്ലയാണ്. ബാബാസാഹേബിനുള്ള നാടിന്റെ ആദരമാണിതെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button