Editorial

യുപിഎ കൊണ്ടുവന്ന നിയമം യുപിഎ മന്ത്രിയുടെ തന്നെ കള്ളങ്ങള്‍ പൊളിക്കുമ്പോള്‍

വിവരാവകാശ നിയമം തങ്ങള്‍ നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരാണ് കൊണ്ടുവന്നതെന്ന കാര്യം കോണ്‍ഗ്രസ് എറെ അഭിമാനപൂര്‍വ്വം ആവര്‍ത്തിക്കാറുള്ള ഒരു കാര്യമാണ്. അധികാരം കൈമോശം വന്ന ശേഷം പലപ്പോഴും പ്രസ്തുത നിയമത്തിലൂടെ യുപിഎ ഗവണ്‍മെന്‍റ് നടത്തിയ പല വഴിവിട്ട ഇടപാടുകളുടേയും വിവരങ്ങള്‍ ജനങ്ങള്‍ അറിഞ്ഞു. ഇപ്പോള്‍, അതേ നിയമം തന്നെ യുപിഎ ഭരണകാലത്തെ ഏറ്റവും ശക്തനായ ഒരു മന്ത്രിയുടെ കള്ളക്കളികള്‍ വെളിച്ചത്ത് കൊണ്ടുവരികയാണ്.

പി ചിദംബരമാണ് ഈ ശക്തനായ യുപിഎ മന്ത്രി. യുപിഎ മന്ത്രിസഭയില്‍ ധനവകുപ്പും അഭ്യന്തരവകുപ്പും കൈകാര്യം ചെയ്ത, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനിഷേധ്യ നേത്രുത്വമായ ഗാന്ധി കുടുംബത്തോട് അങ്ങേയറ്റം അടുപ്പവും വിധേയത്വവുമുള്ള പി ചിദംബരം ആണ് രാജ്യത്തിന് യുപിഎ തന്നെ നല്‍കിയ സമ്മാനമായ വിവരാവകാശ നിയമത്തിന്‍റെ നീരാളിപ്പിടിത്തത്തില്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്.

രണ്ടാം യുപിഎ മന്ത്രിസഭയില്‍ അഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ചെയ്തുകൂട്ടിയ വഴിവിട്ട ഇടപാടുകളാണ് ഇപ്പോള്‍, ഒരു നിയമവിദഗ്ദന്‍ കൂടിയായ, ചിദംബരത്തിന് തലവേദനയായിരിക്കുന്നത്.

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ചിദംബരം നേതൃത്വം നല്‍കിയ അഭ്യന്തരമന്ത്രാലയം ഗുജറാത്ത് ഹൈക്കോടതിയില്‍ ഒരു മാസത്തിന്‍റെ ഇടവേളയില്‍ രണ്ട് സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. ആദ്യം 2009 ജൂലൈയിലും, പിന്നീട് 2009 സെപ്റ്റംബറിലുമാണ് ഇപ്രകാരം രണ്ട് സത്യവാങ്മൂലങ്ങള്‍ അഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ചത്.

ഇതില്‍, ആദ്യത്തെ സത്യവാങ്മൂലത്തില്‍ ഇസ്രത്ത് ജഹാന്‍ ലഷ്കര്‍-ഇ-തോയ്ബ എന്ന പാക് ഭീകരസംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഫിദായീന്‍ പോരാളിയാണെന്ന് വ്യക്തമായി പറയുന്നുണ്ട്. പക്ഷേ ഒരു മാസത്തിനു ശേഷം സമര്‍പ്പിക്കപ്പെട്ട രണ്ടാം സത്യവാങ്മൂലത്തില്‍ ഈ ഭാഗം ഒഴിവാക്കി എന്നു മാത്രമല്ല, ഇസ്രത്ത് ജഹാനെ നിഷ്കളങ്കയായ ഒരു മുംബ്ര പെണ്‍കുട്ടി എന്ന രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തു. രണ്ടാം സത്യവാങ്മൂലത്തിലെ ഈ തിരുത്തിന് മുന്‍കൈ എടുത്തത് ചിദംബരം നേരിട്ടാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തന്‍റെ മന്ത്രാലയത്തിലെ ഉന്നതപദവിയിലുള്ള മറ്റ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ചെയ്യേണ്ട ഒരു സുപ്രധാന നിലപാട്മാറ്റം അവരെ അറിയിക്കാതെ താഴേക്കിടയിലുള്ള ഒരു ഉദ്യോഗസ്ഥനെ വച്ച് ചെയ്യിക്കുകയായിരുന്നു ചിദംബരം.

ചിദംബരം വരുത്തിയ ഈ മാറ്റത്തോട് യോജിപ്പില്ലാതിരുന്നിട്ട് കൂടി രണ്ടാം സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കേണ്ട ഗതികേടായിരുന്നു തനിക്കെന്ന് അന്ന്‍ ചിദംബരത്തിന്‍റെ കീഴില്‍ അഭ്യന്തര സെക്രട്ടറിയായിരുന്ന ജി കെ പിള്ള പിന്നീട് വെളിപ്പെടുത്തി. അഭ്യന്തര സെക്രട്ടറി, ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമാണ് സത്യവാങ്മൂലം തിരുത്തിയതെന്ന ചിദംബരത്തിന്‍റെ വാദത്തെ ഖണ്ഡിക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇതോടെ പ്രതിരോധത്തിലായ ചിദംബരം അന്നുമുതല്‍ പത്രമാദ്ധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുകയാണ്.

ഇന്നലെ വിവരാവകാശനിയമപ്രകാരം ടൈംസ്‌ ഓഫ് ഇന്ത്യ വെളിയില്‍ക്കൊണ്ടുവന്ന പുതിയ വിവരങ്ങള്‍ ഇസ്രത്ത് കേസില്‍ ചിദംബരത്തിനു മേലുള്ള കുരുക്കുകള്‍ കൂടുതല്‍ മുറുക്കുന്നവയാണ്. 2009 ജൂലൈയില്‍ തന്‍റെ മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച ആദ്യത്തെ സത്യവാങ്മൂലം താന്‍ കണ്ടിട്ടു പോലുമില്ലായിരുന്നു എന്നും അതുകൊണ്ടാണ് രണ്ടാമത് ഒരെണ്ണം സമര്‍പ്പിക്കേണ്ടി വന്നതെന്നുമായിരുന്നു ഇതുവരെ ചിദംബരം പറഞ്ഞിരുന്നത്. രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ വന്ന തിരുത്ത് കേവലം “എഡിറ്റോറിയല്‍ തിരുത്തുകള്‍” മാത്രമാണെന്നും ഏതൊരു നിയമവിദഗ്ദന്‍റെയും ഉള്‍പ്രേരണയില്‍ നിന്ന് ഉണ്ടാകുന്ന ഒരു സ്വാഭാവിക തിരുത്ത് മാത്രമായിരുന്നു അതെന്നും ചിദംബരം വാദിച്ചിരുന്നു.

പക്ഷേ ചിദംബരത്തിന്‍റെ ഈ വാദത്തെ വേരോടെ പിഴുതെറിയുകയാണ് വിവരാവകാശനിയമത്തിലൂടെ വെളിയില്‍ വന്ന പുതിയ വിവരങ്ങള്‍. ആദ്യത്തെ സത്യവാങ്മൂലം ചിദംബരം കണ്ടിരുന്നു എന്നും, 2009, ജൂലൈ 29 എന്ന തീയതിയില്‍ ചിദംബരം പ്രസ്തുത സത്യവാങ്മൂലത്തില്‍ ഒപ്പു വച്ചിരുന്നു എന്നുമാണ് ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ സ്ഥാപിക്കുന്നത്.

രണ്ട് സത്യവാങ്മൂലങ്ങളും ചിദംബരത്തിന്‍റെ പൂര്‍ണ്ണമായ അറിവോടെയാണ് തയ്യാറാക്കപ്പെട്ടത് എന്ന് സ്ഥാപിക്കപ്പെടുമ്പോള്‍ തെളിയുന്നത് ഇസ്രത്ത് ജഹാന്‍ കേസില്‍ ചിദംബരത്തിനുള്ള ഗൂഡലക്ഷ്യങ്ങളാണ്. തന്‍റെ പാര്‍ട്ടിക്ക് എന്തുകൊണ്ടും ഭീഷണിയായേക്കാവുന്ന രീതിയില്‍ പ്രതിപക്ഷത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു നേതാവിനെ കുടുക്കുക എന്ന ലക്ഷ്യമായിരുന്നില്ലേ ചിദംബരത്തിന് എന്നു സംശയിക്കാവുന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്.

ഏതായാലും, പാര്‍ലമെന്‍റിന്‍റെ വരാനിരിക്കുന്ന രണ്ടാം ബജറ്റ് സെഷനില്‍ ബിജെപിക്ക് കോണ്‍ഗ്രസിനേയും ചിദംബരത്തേയും ആക്രമിക്കാനുള്ള നല്ലൊരു ആയുധമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പുതിയ വിവരങ്ങള്‍ ടൈംസ്‌ ഓഫ് ഇന്ത്യ പുറത്തുവിട്ടയുടന്‍ തന്നെ ബിജെപി നേതാക്കളായ നിര്‍മലാ സീതാരാമന്‍, ശ്രീകാന്ത് ശര്‍മ്മ എന്നിവര്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി തങ്ങള്‍ പടയൊരുക്കം ആരംഭിച്ചു എന്ന് സൂചന നല്‍കുകയും ചെയ്തു കഴിഞ്ഞു.

ഇസ്രത്ത് ജഹാന്‍ കേസില്‍ ചിദംബരം നടത്തിയ അനധികൃത ഇടപെടലുകളില്‍, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അദ്ദേഹത്തിന് മേല്‍ അധികാരമുള്ള രണ്ടേ രണ്ട് വ്യക്തികളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പങ്കുണ്ടോയെന്നതടക്കം ഒരുപറ്റം കുഴയ്ക്കുന്ന ചോദ്യങ്ങളാണ് ചിദംബരത്തിനെ കാത്തിരിക്കുന്നത്. ഗാന്ധി കുടുംബത്തിന്‍റെ പങ്ക് ചിദംബരത്തിന് നിഷേധിക്കാമെങ്കിലും, മറ്റുള്ള വസ്തുതാപരമായ ചോദ്യശരങ്ങളുടെ മുന്നില്‍ അധികകാലം മൌനം പാലിച്ചിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല എന്നത് തീര്‍ച്ചയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button