Editorial

തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ മാതൃകാപരമായ നിലപാടുമായി യുഎഇ

യുഎഇ-യിലെ തൊഴിലവകാശങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന “വര്‍ക്കേഴ്സ് വെല്‍ഫെയര്‍ റിപ്പോര്‍ട്ട് 2015” പുറത്തിറക്കി. മാനവവിഭവശേഷി-എമിറേറ്റ് വത്കരണ മന്ത്രാലയമാണ് ഇത്തരത്തിലുള്ള ആദ്യത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

“രാജ്യത്തേക്ക് വരുന്ന എല്ലാ തൊഴിലാളികള്‍ക്കും തുല്ല്യ പരിഗണന, ജോലിസ്ഥലത്തെ സുരക്ഷ, തൊഴില്‍പരമായും വ്യക്തിപരമായും സ്വയംവികാസത്തിനുള്ള അവസരം” എന്നിവ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ ചെലുത്തിക്കൊണ്ടാണ് 2015 റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

തൊഴില്‍ പ്രശ്നങ്ങളുടെ പരിഹാരത്തില്‍ സുതാര്യത ഉറപ്പാക്കുക, വിവരശേഖരണം മെച്ചപ്പെടുത്തുക, അന്തര്‍ദേശീയ തൊഴില്‍ ചാലകത, സാമ്പത്തിക പുരോഗതി എന്നിവയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുറന്നതും നീതിപൂര്‍വ്വവും ആക്കുക എന്ന ലക്ഷത്തിന്‍റെ ഭാഗമായാണ് യുഎഇ ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ തയാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടിന്‍റെ മുഖവുരയില്‍ യുഎഇ മാനവവിഭവശേഷി മന്ത്രി സഖര്‍ ഗൊബാഷ് സയീദ്‌ ഗോബാഷ് തങ്ങളുടെ തൊഴില്‍ശക്തിയാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ സമ്പത്തെന്ന് പറഞ്ഞത് ഇന്ത്യയില്‍ നിന്നടക്കമുള്ള ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രചോദനമാകുന്ന വാക്കുകളാണ്.

തന്‍റെ മന്ത്രാലയം രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനും ചലനാത്മകതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമ സംരക്ഷണാര്‍ത്ഥം പുതുതായി ഒരുപറ്റം നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഗൊബാഷിന്‍റെ മന്ത്രാലയം. ഇതോടെ തൊഴില്‍ കരാറുകള്‍ക്ക് കൂടുതല്‍ ക്രമീകൃത സ്വഭാവവും വ്യക്തതയും വരികയും തൊളിലാളി-മുതലാളി ബന്ധങ്ങള്‍ കുറേക്കൂടി ഊഷ്മളമാകുകയും ചെയ്യും.

പുതിയ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറുന്നതിനുള്ള നടപടികള്‍ എളുപ്പത്തിലാക്കും. തൊഴില്‍ സംബന്ധമായ എല്ലാ പ്രശ്നങ്ങളും – ജോലിയ്ക്കെടുക്കല്‍ മുതല്‍ താമസസൗകര്യം ഒരുക്കിക്കൊടുക്കല്‍ വരെയുള്ളവ – വിലയിരുത്തലുകള്‍ക്കും പുനരവലോകനങ്ങള്‍ക്കും വിധേയമാകും. തൊഴിലാളികള്‍ എല്ലായ്പ്പോഴും അര്‍ഹിക്കുന്ന ബഹുമാനത്തോടെ തന്നെ അവരോട് പെരുമാറുന്നു എന്നതും പുതിയ നിയമങ്ങള്‍ ഉറപ്പു വരുത്തും. പരാതികള്‍ ഉള്ളപക്ഷം അവ തടസ്സങ്ങള്‍ക്കൂടാതെ അധികൃതരെ അറിയിക്കാനുള്ള സംവിധാനങ്ങളും നിലവില്‍ വരും.

തൊഴില്‍ പ്രശ്നങ്ങളുടെ ഉടനടിയുള്ള പരിഹാരത്തിനായി മാനവവിഭവശേഷി മന്ത്രാലയം 63 നിയമകാര്യ വിദഗ്ദ്ധരേയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ പരാതികളിന്‍മേലുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ 100 അംഗങ്ങളെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചിട്ടും ഉണ്ട്. അപകടസാധ്യത കൂടുതലുള്ള തൊഴില്‍മേഖലകളിലെ പരിശോധകര്‍ക്ക് തങ്ങളുടെ ജോലി എളുപ്പത്തില്‍ ചെയ്യാന്‍ സഹായിക്കുന്ന “സ്മാര്‍ട്ട് ഇന്‍സ്പെക്ഷന്‍ സിസ്റ്റം” പുതുതായി സ്ഥാപിച്ചിട്ടും ഉണ്ട്.

റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ നിയമവിരുദ്ധ നടപടികള്‍ കര്‍ശനമായ ശിക്ഷകള്‍ക്ക് വിധേയമാകും. തൊഴിലാളികളെ ജോലിക്കെടുക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ച നിരവധി ഏജന്‍സികളുടെ ലൈസന്‍സ് 2015-ല്‍ മന്ത്രാലയം റദ്ദാക്കിയിരുന്നു.

യുഎഇ-യിലെ തൊഴില്‍ ചട്ടങ്ങളില്‍ പറയുനതിനു വിരുദ്ധമായി ഒരു തൊഴിലുടമയ്ക്കും തന്‍റെ തൊഴിലാളികളെ അവന്‍റെ ഇച്ഛയ്ക്ക് എതിരായി ഒരു കാര്യവും ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല എന്ന കാര്യം റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നു.

തൊഴില്‍ കരാറില്‍ത്തന്നെ തൊഴിലാളിയില്‍ നിന്ന്‍ യാതൊരുവിധ റിക്രൂട്ട്മെന്‍റ് ഫീസുകളും ഇടാക്കിയിട്ടില്ല എന്ന കാര്യം തൊഴിലുടമ ഉറപ്പു നല്‍കേണ്ടതാണ്.

നിശ്ചിത കാലത്തേക്കും, അനിശ്ചിത കാലത്തേക്കും പ്രാബല്യം ഉള്ള തൊഴില്‍ കരാറുകള്‍ ക്രമീകൃത സ്വഭാവമുള്ളതാക്കാനുള്ള നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. യുഎഇ സ്വദേശി അല്ലാത്ത ഏത് തൊഴിലാളിയെ ജോലിക്കെടുക്കുന്നതിനും മുമ്പ് UAE Standard Employment Contract (SEC) ചട്ടങ്ങള്‍ അനുസരിച്ചുള്ള ഒരു “Standard Job Offer” തയാറാക്കിയിരിക്കണം എന്ന നിബന്ധന ഇനിമുതല്‍ കര്‍ശനമായി പാലിക്കപ്പെടണം എന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.

11-ഭാഷകളില്‍ ലഭ്യമായ തൊഴില്‍ കരാര്‍ തൊഴിലാളിയുടെ സ്വന്തം രാജ്യത്ത് വച്ച്തന്നെ ഒപ്പിട്ട് വാങ്ങിയാലേ വര്‍ക്ക് പെര്‍മിറ്റ്‌ പ്രോസസ്സ് ചെയ്യാന്‍ സാധിക്കൂ. തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളെപ്പറ്റി ബോധ്യം വരാന്‍ ഇനിമുതല്‍ യുഎഇ തൊഴില്‍ നിയമത്തിന്‍റെ ഒരു കോപ്പി സൌജന്യമായി ലഭ്യമാക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button