NewsIndia

തടവുകാര്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും : പൊലീസിന് രൂക്ഷ വിമര്‍ശനം

ഛണ്ഡിഗഡ്: തടവില്‍ കഴിയുന്ന ഗുണ്ടാനേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ സൈ്വര്യ വിഹാരം നടത്തുന്നതായുള്ള വാര്‍ത്തകളെ തുടര്‍ന്ന് പഞ്ചാബ് പോലീസ് സംസ്ഥാനത്തുടനീളമുള്ള ജയിലുകളില്‍ തെരച്ചില്‍ നടത്തി. ഇതേതുടര്‍ന്ന് വിവിധ ജയിലുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ടാബുകളും കണ്ടെത്തി. ഇതിനുപുറമെ മയക്കുമരുന്നും വ്യാപകമായി കണ്ടെത്തിയതായാണ് വിവരം
.
അമൃത്സര്‍, ഹോഷിയാര്‍പൂര്‍, ഗുരുദാസ്പൂര്‍, ടാണ്‍ ടരണ്‍, ഫസില്‍ക്ക, മോഗ, ഫരീദ്‌കോട്ട്, മാന്‍സ, ശ്രീ മുക്തസര്‍ സാഹിബ് ജയില്‍ കടുത്ത സുരക്ഷയുള്ള ജയിലുകളായ നഭ, പാട്യാല, സംഗ്രൂര്‍, റോപ്പാര്‍ പിന്നെ സബ്ജയിലായ ബര്‍ണാല എന്നിവിടങ്ങളില്‍ ഒരേ സമയത്തായിരുന്നു തെരച്ചില്‍ നടത്തയത്. നിരോധിത വസ്തുക്കളും തടവുകാര്‍ക്ക് നിരോധിച്ചിട്ടുള്ള വസ്തുക്കളും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തില്‍ ജയില്‍ വകുപ്പ്, പ്രാദേശിക ഭരണകൂടങ്ങള്‍, പഞ്ചാബ് പോലീസ് എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത സേര്‍ച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ നടത്തിയത്്.

കമ്മീഷണര്‍ അമര്‍സിംഗ് ചഹലിന്റെ നേതൃത്വത്തില്‍ അനേകം ഓഫീസര്‍മാര്‍ പങ്കെടുത്ത തെരച്ചലില്‍ നാലു സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെ 21 ഫോണുകളും അഞ്ചു മൊബൈല്‍ ബാറ്ററികളും രണ്ടു മൊബൈല്‍ ചാര്‍ജറുകളും 11 ചാര്‍ജ്ജിംഗ് ലീഡുകളും മൂന്ന് ഹെഡ്‌ഫോണുകളും എട്ടു സിംകാര്‍ഡുകളും രണ്ടു മെമ്മറി കാര്‍ഡുകളും 14,340 രൂപയും ടാബുകളും മയക്കുമരുന്നും മറ്റു വസ്തുക്കളുമാണ് കണ്ടെത്തിയത്.

ജയിലിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പോലീസുകാരുടെ എണ്ണം കൂട്ടുന്നതിന് പുറമേ സിസിടിവി ക്യാമറകളും മൊബൈല്‍ ജാമറുകളും ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് സംവിധാനങ്ങളും ജയിലില്‍ ഉറപ്പാക്കുമെന്ന് ശനിയാഴ്ച പഞ്ചാബ് ഡിജിപി സുരേഷ് അറോറ പറഞ്ഞതിന് പിന്നാലെയായിരുന്നു പരിശോധന. തടവുകാര്‍ അഴിക്കുള്ളിലെ ജീവിതം ആഘോഷമാക്കി മാറ്റുന്നെന്നും ജയില്‍ ഹബ്ബാക്കി മാറ്റുന്നു തുടങ്ങി അനേകം പരാതികളാണ് അടുത്തിടെ പോലീസിനെതിരേ ഉയര്‍ന്നത്.

ഏപ്രില്‍ 30 ന് ഗുണ്ടാതലവന്‍ ജസ്വീന്ദര്‍ സിംഗും കഴിഞ്ഞ ജനുവരി 22 ന് സുഖ ഖാലോന്‍ കൊല്ലപ്പെട്ട സംഭവത്തിനും പിന്നാലെ ഗുണ്ടകളും ക്രിമിനലുകളും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ജയിലില്‍ നിന്നു തന്നെ അനേകം പോസ്റ്റുകളാണ് ഇട്ടത്. ഉന്നതസുരക്ഷാ സംവിധാനമുള്ള നഭാ ജയിലില്‍ നിന്നും 15 മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. സംഗ്രൂര്‍ ജയിലില്‍ നിന്നും നാലു മൊബൈലുകളും മൂന്ന് ബ്‌ളൂടൂത്ത് ഉപകരണങ്ങളും പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button