IndiaNews

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഒരു കോടി രൂപ ആവശ്യപ്പെട്ട് വക്കീല്‍നോട്ടീസ്

ലക്നൗ: പരീക്ഷയില്‍ താന്‍ എന്തുകൊണ്ട് തോറ്റു എന്ന് ചോദിച്ച വിദ്യാര്‍ത്ഥിക്ക് സ്കൂള്‍ അധികൃതര്‍ ഒരു കോടി രൂപ പിഴ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷെഹ്ജാനാണ് നോട്ടീസ് ലഭിച്ചത്. എന്തുകൊണ്ട് സ്കൂള്‍ അധികൃതര്‍ തന്നെ തോല്‍പ്പിച്ചു എന്ന് ചോദിച്ചതിലൂടെ സ്കൂളിന്റെ പ്രതിച്ഛായയ്ക്ക് മുഹമ്മദ് ഷെഹ്ജാന്‍ കോട്ടമുണ്ടാക്കിയെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.
 
എട്ടാം ക്ലാസ് വരെ ആരെയും തോല്‍പ്പിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഷെഹ്ജാന്റെ പിതാവ് മുഹമ്മദ് സഗീര്‍ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ പ്രിന്‍സിപ്പാളില്‍ നിന്ന് വിശദീകരണം തേടി. വിശദീകരണം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്കൂള്‍ മാനേജ്മെന്റിനും വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചു. സഗീറും മാനേജ്മെന്റിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷെഹ്ജാന് സ്കൂള്‍ മാനേജ്മെന്റ് നോട്ടീസ് അയച്ചത്. ഒന്നുകില്‍ നിരുപാധികം മാപ്പ് പറയുക, അല്ലെങ്കില്‍ 15 ദിവസത്തിനുള്ളില്‍ ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കുക. ഇതാണ് സ്കൂളിന്റെ ആവശ്യം.

Tags

Post Your Comments


Back to top button
Close
Close