Editorial

അജ്ഞതയിലും അര്‍ദ്ധസത്യങ്ങളിലും ഊന്നിയുള്ള മോദി വിരോധത്തില്‍ മറയപ്പെടുന്ന സത്യങ്ങള്‍

പ്രധാനമന്ത്രി പറഞ്ഞ, കേരളത്തിലെ ഭരണപക്ഷത്തെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത ഒരു വസ്തുതയുടെ പേരിലുള്ള കോലാഹലങ്ങളാല്‍ മൂടപ്പെട്ടു കഴിഞ്ഞു കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗം. കേരളത്തിലെ ആദിവാസികളുടെ ഇടയിലെ ശിശുമരണ നിരക്ക് സൊമാലിയയിലെ ശിശുമരണ നിരക്കിനേക്കാള്‍ കൂടുതലാണ് എന്ന്‍ പ്രധാനമന്ത്രി പറഞ്ഞത് വളച്ചൊടിച്ച് കേരളം സൊമാലിയ ആണെന്നു പറഞ്ഞു എന്ന മുറവിളിയിലാണ് ഇടതനും വലതനും. അഴിമതി, സ്വജനപക്ഷപാതം, വികസനമുരടിപ്പ്, ദുര്‍ഭരണം, ധൂര്‍ത്ത് തുടങ്ങി നിലവിലെ ഭരണത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള ദുര്‍ഗന്ധപൂരിതമായ വിഷയങ്ങള്‍ ഈ തിരഞ്ഞെടുപ്പിലെ വിഷയങ്ങളേ അല്ലാതായിട്ട് നാളുകള്‍ കഴിഞ്ഞിരുന്നു. കേരളത്തില്‍ അനുദിനം ശക്തിയാര്‍ജ്ജിച്ചു വരുന്ന ദേശീയ ജനാധിപത്യ സഖ്യവും അതിന്‍റെ നേതൃസ്ഥാനത്തുള്ള ബിജെപിയും ആയിരുന്നു കേരളത്തിലെ മറ്റു രണ്ട് പ്രമുഖ മുന്നണികളുടേയും ഈ തിരഞ്ഞെടുപ്പിലെ പ്രധാന തലവേദന. ബിജെപിയെ ഭയന്നും വെറുത്തുമുള്ള ഇവരുടെ ഒത്തുകളി രാഷ്ട്രീയത്തിന്‍റെ പുറംപൂച്ചാണ് സൊമാലിയ വിവാദത്തോടെ ഇപ്പോള്‍ വെളിയില്‍ വന്നിരിക്കുന്നത്.

വലതന്‍റെ ശകുനി-സമാന ബുദ്ധിയില്‍ ഉരുത്തിരിഞ്ഞ തന്ത്രം ഇടതനും കൂടി ഏറ്റെടുത്ത് കൊഴുപ്പിച്ചതോടെ ജിഷയുടെ കൊലപാതകം അടക്കം അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ പൊടുന്നനെ അപ്രസക്തമായി. കേരളത്തിലെ ആദിവാസികളുടെ ദുരവസ്ഥ നമുക്കെല്ലാം നല്ലതുപോലെ അറിവുള്ളതാണ്. ഇടതുപക്ഷം അന്നും ഇന്നും കൊട്ടിഘോഷിക്കുന്ന ഒന്നാണ് ഭൂപരിഷ്കരണ നിയമം. ഉണ്ടുറങ്ങി സുഖിച്ചവന്‍റെ ഭൂമിയെടുത്ത് വരമ്പത്ത് നിന്നവന് കൊടുത്തപ്പോള്‍ വയലിലെ ചെളിയില്‍ നിന്ന യഥാര്‍ത്ഥ അവകാശി പുറമ്പോക്കിലേക്കും കോളനികളിലേക്കും ഒതുക്കപ്പെട്ടു. അങ്ങിനെയുള്ള അസംഖ്യം സെറ്റില്‍മെന്‍റ് കോളനികളിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഇടയിലും മാനവവികസനസൂചികകള്‍ താഴ്ന്നു തന്നെ നില്‍ക്കുന്നു. അവിടുത്തെ കുട്ടികള്‍ ഇപ്പോളും അരപ്പട്ടിണിയിലാണ്, അവരുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ ഭരണത്തിന്‍റെ തലപ്പത്തുള്ളവര്‍ക്ക് യാതൊരു താത്പര്യവും ഇല്ല, അവരുടെ ആരോഗ്യവും, ചികിത്സാസൗകര്യങ്ങളുടെ ലഭ്യതയുമെല്ലാം വാഗ്ദാനങ്ങള്‍ മാത്രമാണ്.

അട്ടപ്പാടിയിലെ ആദിവാസി ശിശുമരണത്തിന്‍റെ നേര്‍ക്കാഴ്ച കാണാന്‍ പോയ പ്രിയ പ്രതിപക്ഷനേതാവ് തന്നെയാണ് ആ ആദിവാസിഭൂമിയെ ആദ്യം സൊമാലിയയോട് ഉപമിച്ചത്. തന്‍റെ നേതൃത്വത്തിലുള്ള ഭരണവും കൂടിച്ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത ആ ദുരവസ്ഥയെ ഉമ്മന്‍‌ചാണ്ടി ഗവണ്‍മെന്‍റിന്‍റെ തലയില്‍ കെട്ടിയേല്‍പ്പിച്ച് എളുപ്പം കൈകഴുകി അന്ന് അദ്ദേഹം. ഇപ്പോള്‍ അതേ അവസ്ഥയുടെ വസ്തുതാപരമായ പരാമര്‍ശം നടത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രിയെ, ഞങ്ങള്‍ ഭരണത്തിലിരിക്കുമ്പോള്‍ ഞങ്ങളുടെതന്നെ കുറവുകള്‍ ചൂണ്ടിക്കാണിക്കുന്നുവോ എന്ന ഹുങ്കോടെ വലതുപക്ഷം ആക്രമിക്കുമ്പോള്‍, ആ വലതുപക്ഷത്തിന്‍റെ തോളോടുതോള്‍ ചേര്‍ന്ന്‍ നില്‍ക്കുകയാണ് ഇടതുപക്ഷവും.

കേരളത്തിലെ വികസനസൂചികകളില്‍ ഒന്നും ഒരു പ്രശ്നവും ഇല്ലെന്നും, ഇവിടെ എല്ലാം ഭദ്രമാണെന്നും വിളിച്ചു പറയുന്ന വലതുപക്ഷക്കാരന്‍റെ മാനസികാവസ്ഥ മനസ്സിലാക്കാം. കാരണം അവനാണ് അധികാരത്തില്‍, മറിച്ചുള്ള ഒരു ഏറ്റുപറച്ചില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രതിപക്ഷകക്ഷികള്‍ക്കും, മാദ്ധ്യമങ്ങള്‍ക്കും തങ്ങളെ അടിക്കാന്‍ വടി നല്‍കുന്നതിന് തുല്യമാകും. പക്ഷേ വലതന്‍റെ ആ അവകാശവാദങ്ങളെ, മോദി വിരോധം കൊണ്ട് അന്ധത ബാധിച്ച ഇടതന്മാരും അതേ സ്വരത്തില്‍ ഏറ്റു പിടിക്കുകയാണ്. ഇന്നലെ വരെ വലതന്‍റെ കേരളാ ഭരണത്തെ കവലകള്‍ തോറും നടന്ന് വിമര്‍ശിച്ച് കണ്ഠപ്രഘോഷം നടത്തിയിരുന്നവര്‍ക്ക് ഇപ്പോള്‍ അതേ ഭരണത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. വികസനപരമായ ഏത് അളവുകോലുകള്‍ വച്ച് നോക്കിയാലും കേരളത്തില്‍ കാര്യങ്ങളെല്ലാം ഗംഭീരം, ഇവിടെ ആദിവാസികളും, ഇതര പിന്നോക്ക വിഭാഗക്കാരും സസുഖം വാഴുന്നു.

നേരത്തേ സൂചിപ്പിച്ചതു പോലെ, ജനങ്ങളെ സംബന്ധിച്ച അല്ലെങ്കില്‍ ഭരണകക്ഷി കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകളെ സംബന്ധിച്ച യാതൊരുവിധ ചര്‍ച്ചകളും നടക്കാതെയുള്ള ഒരു തിരഞ്ഞെടുപ്പ് പ്രചരണം ആയിരുന്നു ഇവിടെ നടന്നിരുന്നത്. സംസ്ഥാനത്ത് മൂന്നാമതൊരു ശക്തിയായി ബിജെപി നേതൃത്വം നല്‍കുന്ന ഒരു മുന്നണി ഉണ്ടായി വരുന്നത് തീരെ ദഹിക്കാത്ത ഇരു പ്രബലമുന്നണികളും, ഈ പുതിയെ മുന്നണിയെ തുടക്കത്തിലേ തന്നെ തളര്‍ത്തിക്കളയാനുള്ള വാചകക്കസര്‍ത്തുകള്‍ മാത്രം നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് ചിത്രമായിരുന്നു പെരുമ്പാവൂര്‍ സംഭവം വെളിയില്‍ വരുന്നതു വരെ ഇവിടെ തെളിഞ്ഞിരുന്നത്. പെരുമ്പാവൂര്‍ സംഭവം വെളിയില്‍ വന്നതോടെ, വലതുമുന്നണി പ്രതിരോധത്തില്‍ ആവുകയും, ഇടതുമുന്നണി കിട്ടിയ അവസരം മുതലെടുക്കുന്നതിന്‍റെ സൂചനകള്‍ നല്‍കുകയും ചെയ്തു. ജിഷയുടെ ദാരുണ കൊലപാതകത്തിലെ കുറ്റവാളിയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താനാകാതെ, ഭരണപക്ഷം കുഴങ്ങി നിന്ന അവസരത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം അവര്‍ക്ക് വീണുകിട്ടുന്നത്. ഒട്ടും അമാന്തിക്കാതെ, ആ പ്രസ്താവനയെ വളച്ചൊടിച്ച് അവര്‍ മാദ്ധ്യമ ശ്രദ്ധ അങ്ങോട്ടു തിരിച്ചു വിട്ടു. മോദിയെ ആക്രമിക്കാന്‍ ഒരു വഴിതുറന്നു കിട്ടിയ സന്തോഷത്തോടെ ഇടതന്‍മാരും ഒപ്പം ചേര്‍ന്നതോടെ, ആകെ പാളിനിന്നിരുന്ന തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വീണ്ടും ട്രാക്കിലാക്കാന്‍ വലതുപക്ഷത്തിന് അവസരം ലഭിച്ചു. പുതിയൊരു ഹാഷ്-ടാഗ് ഉണ്ടാക്കാനും, ട്രോളുകള്‍ പടച്ചുവിട്ട് ആത്മനിര്‍വൃതി അടയാനും അവസരം കിട്ടിയ സന്തോഷത്തില്‍ സൈബര്‍ ലോകവും സംഭവം ആഘോഷമാക്കി.

പ്രധാനമന്ത്രിയുടെ പരമര്‍ശത്തിനു ശേഷം യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്ന കേരളത്തിലെ ആദിവാസികളുടെ പരിതാപകരമായ അവസ്ഥയിലേക്ക് പതുക്കെയെങ്കിലും സൈബര്‍ ലോകം കണ്ണുതുറക്കുന്നത് മാത്രമാണ് ഈ അനാവശ്യവിവാദത്തിനിടയിലും ഉണ്ടായ ഒരു പുരോഗതി. പക്ഷേ അതും കേരളാ-ഗുജറാത്ത് താരതമ്യങ്ങളുടെ രൂപത്തിലാണെന്ന് മാത്രം. കേരളത്തിന്‍റെ ഇരട്ടി ജനസംഖ്യയും, അഞ്ചിരട്ടി വിസ്തൃതിയും ഉള്ള ഒരു സംസ്ഥാനത്തെ വികസന സൂചികകള്‍ കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒന്നുമല്ല എന്ന മട്ടിലാണ് ഈ താരതമ്യങ്ങള്‍. ഇതിന്‍റെയെല്ലാം ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കുന്നുമുണ്ട് ഇവര്‍.

ഈ താരതമ്യപഠനങ്ങളില്‍ ഉപയോഗിക്കുന്ന കണക്കുകളില്‍ ബഹുഭൂരിപക്ഷവും 2001-ല്‍ നിലവില്‍ വന്നവയാണ്. ഭൂകമ്പത്തില്‍ തകര്‍ന്നിരുന്ന അന്നത്തെ അവസ്ഥയില്‍ നിന്ന് ഗുജറാത്ത് ഏറെ മുന്നോട്ടു പോയി അതിനു ശേഷം. നിലവില്‍ കേരളത്തിന്‍റെ അഭ്യന്തര വളര്‍ച്ചാ നിരക്ക് 48,630-മില്ല്യണ്‍ ഡോളര്‍ ആണെങ്കില്‍ ഗുജറാത്തിന്‍റേത് 111,669-മില്ല്യണ്‍ ഡോളര്‍ ആണ്. കേരളത്തിന്‍റെ ആളോഹരി അഭ്യന്തര വളര്‍ച്ചയുടെ അനുപാതം 1,473 ഡോളറാണെങ്കില്‍ ഗുജറാത്തിന്‍റേത് 1,700 ഡോളറാണ്. ഗുജറാത്തില്‍ 43 ശതമാനം നഗരവത്കരണം നടന്നു കഴിഞ്ഞുവെങ്കില്‍ കേരളത്തില്‍ അത് 26 ശതമാനം ആയിട്ടേയുള്ളൂ.

കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ജോലി തേടി ഗുജറാത്തടക്കമുള്ള സ്ഥലങ്ങളിലേക്കും മറ്റും പോകുമ്പോള്‍ ഒരു ഗുജറാത്ത്കാരന്‍ പോലും തൊഴില്‍ അന്വേഷിച്ച് ഇങ്ങോട്ട് വരുന്നില്ല. അതേസമയം 10-ലക്ഷത്തിനു മുകളില്‍ മലയാളികള്‍ക്ക് അന്തസ്സുള്ള ജോലി നല്‍കുന്നുമുണ്ട് ഗുജറാത്ത്. ഇടതുപക്ഷം ഭരിച്ചുമുടിപ്പിച്ച ബംഗാളില്‍ നിന്ന് ഏതു ജോലിയും ചെയ്യാന്‍ തയാറായി നാടുവിട്ട് കേരളത്തിലേക്ക് വരുന്ന ബംഗാളികളെപ്പോലെയല്ല ഗുജറാത്തില്‍ ചെല്ലുന്ന മലയാളികള്‍.

ചില കണക്കുകളില്‍ ഗുജറാത്ത് കേരളത്തിന്‌ പിന്നില്‍ നിക്കുമ്പോള്‍, മറ്റുപല കണക്കുകളിലും അവര്‍ നമ്മെക്കാള്‍ മുമ്പിലാണ്. അതുകൊണ്ട് യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഇത്തരം കണക്കിലെ കളികളില്‍ ഏര്‍പ്പെട്ടിട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല. പ്രധാനമന്ത്രി പറഞ്ഞ കാര്യത്തിലെ വസ്തുതാപരമായ ഭാഗം ഉള്‍ക്കൊണ്ട് ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയാറാകുകയും, ചര്‍ച്ചയില്‍ മാത്രമൊതുക്കാതെ നമ്മുടെ സംസ്ഥാനത്തെ ആദിവാസികളടക്കമുള്ള പിന്നോക്കക്കരെ ഇനിയും ഇരുട്ടില്‍ നിര്‍ത്താതെ മുഖ്യധാരയുടെ ഭാഗമാക്കാനുള്ള പ്രയത്നങ്ങള്‍ തുടങ്ങുകയുമാണ് നാം ചെയ്യേണ്ടത്. ഈ തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ കഴിയുന്നതോടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഈ വിഷയത്തിലുള്ള താത്പര്യം നഷ്ടപ്പെടും എന്ന് നമുക്കെല്ലാം അറിയാവുന്ന സാഹചര്യത്തില്‍, പ്രത്യേകിച്ചും…..

shortlink

Related Articles

Post Your Comments

Related Articles


Back to top button