KeralaNews

തെരഞ്ഞെടുപ്പ് മാമാങ്കം: പൊടിപൊടിച്ചത് ആയിരം കോടിക്കടുത്ത്

തിരുവനന്തപുരം: രണ്ടരമാസംകൊണ്ട് അഞ്ഞൂറുകോടിയില്‍പ്പരം രൂപ ദീപാവലിപ്പടക്കം പോലെ കേരളത്തില്‍ പൊട്ടിത്തീര്‍ന്നു. തിരഞ്ഞെടുപ്പിന്റെ കോലാഹലമൊടുങ്ങാന്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കെ ചെലവോര്‍ത്ത് ദീര്‍ഘനിശ്വാസമിടുകയാണ് സ്ഥാനാര്‍ഥികളും അണിയറയില്‍ അവരെ നിയന്ത്രിച്ചവരും. ഒരു സ്ഥാനാര്‍ഥിക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് ചെലവിടാനനുവദിച്ചിട്ടുള്ള പരമാവധി പണം 28ലക്ഷം രൂപയാണ്. പക്ഷേ, അത് ഉപ്പിനും മുളകിനും പോലും തികയില്ലെന്ന് സ്ഥാനാര്‍ഥിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും അറിയാം. കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ നാടായ നാടൊക്കെ ചുറ്റിക്കറങ്ങി വീഡിയോപിടിച്ച് ചെലവ് നിരീക്ഷിക്കുന്നുണ്ടെങ്കിലും ഒന്നൊന്നേകാല്‍ കോടി രൂപയെങ്കിലുമില്ലാതെ ഒരു മുഖ്യധാരാ സ്ഥാനാര്‍ഥിയെ കളത്തിലിറക്കാനാകില്ല. കണക്കില്‍പ്പെടാത്ത പണം വേറെവഴിയും ഒഴുകും.

പ്രമുഖകക്ഷിയുടെ ഉന്നതനായ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന നേതാവ് പറഞ്ഞതിങ്ങനെ: ”ഒരു നിയമസഭാമണ്ഡലത്തില്‍ ചെറിയതോതിലൊന്നു മത്സരിക്കണമെങ്കില്‍ 75ലക്ഷം രൂപ കുറഞ്ഞത് വേണം. ഒരുകോടി രൂപയുണ്ടെങ്കില്‍ മത്സരിക്കാം. ഒന്നേകാല്‍ കോടിയുണ്ടെങ്കില്‍ ലാവിഷായൊന്നു മത്സരിക്കാം. മനസ്സുനിറഞ്ഞൊന്നു മത്സരിക്കണമെങ്കില്‍ ഒന്നരക്കോടിയെങ്കിലും വേണം.” ഇക്കുറി മാര്‍ച്ച് നാലിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. തിരഞ്ഞെടുപ്പാകട്ടെ മെയ് 16ന്. കൊടുംചൂട് വകവയ്ക്കാതെ രണ്ടരമാസത്തോളം നീണ്ട പ്രചാരണം. മുന്‍കാലങ്ങളെയപേക്ഷിച്ച് ചെലവും കുതിച്ചുകയറി. എന്നിട്ടും കണക്ക് ആറ്റിക്കുറുക്കി 28 ലക്ഷത്തിന്റെ ഏഴയലത്തുപോലുമെത്താതെ നിര്‍ത്തിക്കാണിക്കും സ്ഥാനാര്‍ഥികള്‍. പ്രചാരണായുധങ്ങളുടെ എണ്ണത്തില്‍ കള്ളംപറഞ്ഞും മറ്റും ചെലവ് പതിനേഴോ പതിനെട്ടോ ലക്ഷത്തില്‍ നിര്‍ത്തും. അതില്‍ കവിയില്ല. സ്ഥാനാര്‍ഥിയുടെ ചെലവ് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. ചെലവെഴുതാന്‍ സ്ഥാനാര്‍ഥിക്ക് കണക്കുപുസ്തകം. ചെലവെല്ലാം ബാങ്ക് അക്കൗണ്ട് വഴി വേണം. പ്രചാരണം വീഡിയോയില്‍ പിടിച്ച് നിരീക്ഷിച്ച് ചെലവ് കുറിച്ചുവയ്ക്കല്‍. സ്ഥാനാര്‍ഥിയുടെ പ്രതിനിധിയെ ഇടയ്ക്കിടെ വിളിപ്പിച്ച് കണക്കുപുസ്തകങ്ങള്‍ ഒത്തുനോക്കല്‍. ഇതൊന്നും പോരാഞ്ഞ് നിയമം ലംഘിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള പരസ്യബോര്‍ഡുകളും മറ്റും പിടിച്ചെടുക്കുന്നതിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെ ചെലവില്‍ കിഴിക്കല്‍… ഇങ്ങനെ നീളുന്നു അത്. ഇനി ഒരു മുഖ്യധാരാ സ്ഥാനാര്‍ഥിയുടെ ശരാശരി ചെലവ് പരിശോധിച്ചാലറിയാം എത്രവരുമെന്ന്.

സ്ഥാനാര്‍ഥിത്വമുറപ്പിച്ചുകഴിഞ്ഞാല്‍ മണ്ഡലം മുഴുവന്‍ ഫ്‌ളക്‌സും ഹോര്‍ഡിങ്ങും സ്ഥാപിക്കണം. ഒരുലക്ഷം മുതല്‍ ഒന്നരലക്ഷം വരെ ചതുരശ്ര അടി ഫ്‌ളക്‌സ് മൊത്തം അടിക്കേണ്ടിവരും. ചതുരശ്ര അടിക്ക് 16 മുതല്‍ 20 രൂപ വരെയാണ് നിരക്ക്. മൊത്തം ചെലവ് 15 മുതല്‍ 25 ലക്ഷം വരെ. പോസ്റ്റര്‍, നോട്ടീസ് എന്നിവയുടെ അച്ചടിക്ക് 15 ലക്ഷം രൂപവരെ വരും. പ്രചാരണവാഹനങ്ങളോരോന്നിന്നും പോലീസിന്റെയുംമറ്റും അനുമതി വാങ്ങണമെന്നതിനാല്‍ എണ്ണത്തില്‍ കള്ളം കാണിക്കാനാവില്ല. മൈക്കുസെറ്റ് സഹിതം ഒരു വാഹനത്തിന് 6000 രൂപ മുതല്‍ 7000 രൂപ വരെ ദിവസം ചെലവിടണം. ചുവരെഴുത്ത് ഒരു സ്ഥലത്ത് ചിഹ്നം സഹിതം 1500 മുതല്‍ 2500 വരെ. തിരഞ്ഞെടുപ്പുഗാനങ്ങളുടെ റെക്കോഡിങ് 50,000 രൂപ. വീഡിയോ അവതരണം രണ്ടരലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ. അലങ്കരിച്ച കാമ്പയിന്‍ വാഹനത്തിലുള്ള പ്രചാരണച്ചെലവ് 10 ലക്ഷം. മിക്ക സ്ഥാനാര്‍ഥികളുടെയും പ്രചാരണത്തിന് ചുക്കാന്‍പിടിക്കുന്നത് ചില ഏജന്‍സികളാണ്. അത്തരം പി.ആര്‍. ഏജന്‍സികളുടെ കൂലി അഞ്ചുലക്ഷംവരെയാണ്. ഇനി ബൂത്തുകമ്മിറ്റികള്‍ക്കുള്ള ചെലവ്. ബൂത്തുചെലവിന് രേഖകളില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അത് ചോദിക്കാറില്ല, സ്ഥാനാര്‍ഥി പറയാറുമില്ല. ഒരു മണ്ഡലത്തില്‍ 150 മുതല്‍ 200 വരെ ബൂത്തുകളുണ്ടാവും. പോസ്റ്ററൊട്ടിപ്പ് മുതല്‍ അഞ്ചുതവണവരെയെങ്കിലും ബൂത്തുകളില്‍ പണമെത്തിക്കണം. ആദ്യതവണ 2000 വീതം. സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയാല്‍ ദിവസം 2000 മുതല്‍ 2500 വരെ നല്കണം. തിരഞ്ഞെടുപ്പുദിവസത്തെ ചെലവിന് 10,000 മുതല്‍ 15,000 രൂപ വരെ നല്കണം. ചുരുക്കത്തില്‍ ബൂത്തുകള്‍ക്കു നല്കുന്നതുമാത്രം 40 മുതല്‍ 50 ലക്ഷം വരെ വരും. ഇതുകൂടാതെ പ്രാദേശികനേതാക്കള്‍ക്കും ഘടകകക്ഷിനേതാക്കള്‍ക്കുമൊക്കെ അനങ്ങണമെങ്കില്‍ പണം നല്കണം. തിരഞ്ഞെടുപ്പുവരെ തെരുവുയോഗങ്ങള്‍ നടത്താന്‍ യോഗം ഒന്നിന് 10,000 രൂപ ചെലവുവരും. നൂറു യോഗങ്ങള്‍ നടത്തേണ്ടിവന്നാല്‍ ചെലവ് 10 ലക്ഷം. ഇങ്ങനെ മൊത്തം കൂട്ടിയാല്‍ ചെലവ് ഒന്നേകാല്‍ കോടി കടക്കും. മൂന്നു മുന്നണിസ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ ഇത്രത്തോളം തുക ചെലവിടുന്നുണ്ട്. ഈ കണക്കുകളൊന്നും ശരിയല്ലെന്നും ഇത്രയൊന്നും പണം ചെലവഴിക്കുകപോയിട്ട് കണ്ടിട്ടുപോലുമില്ലെന്നാണ് സ്ഥാനാര്‍ഥികളെല്ലാം പറയുന്നത്. ഏതായാലും പണം മുടക്കിയവര്‍ക്ക് ചില താത്പര്യങ്ങള്‍ ഇല്ലാതിരിക്കില്ല. കൊടുത്ത കാശ് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ഇവര്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ ചരടുകളുള്ള പണം വേണ്ടെന്നു പ്രഖ്യാപിച്ച അപൂര്‍വം ചില സ്ഥാനാര്‍ഥികളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button