India

ജനിച്ചുവീണാല്‍ ഉടന്‍ ആധാര്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ജനിക്കുന്ന കുട്ടികള്‍ക്ക് ജനിച്ച ഉടന്‍ തന്നെ ആധാര്‍ കാര്‍ഡ് ലഭ്യമാക്കും. പ്രസവിച്ച ഉടന്‍ തന്നെ കുട്ടികളെ ആധാറില്‍ ആശുപത്രി അധികൃതര്‍ തന്നെ ഉള്‍പ്പെടുത്തും. ഇതിനായി സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ പ്രത്യേക ടാബുകള്‍ ലഭ്യമാക്കും. ആധാര്‍ രജിസ്ട്രേഷന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആശുപത്രിയിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ പരിശീലനവും നല്‍കും. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ പദ്ധതികള്‍ കുട്ടികള്‍ക്കു ലഭിക്കുന്നുണ്െടന്ന് ഉറപ്പുവരുത്താനും മറ്റു ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ജനിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് ശരിയാക്കുന്നതെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഡയറക്ടര്‍ നജറല്‍ എ.ബി.പി.പാണ്ഡേ അറിയിച്ചു. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുട്ടിയുടെ ഫോട്ടോയും മറ്റു വ്യക്തി വിരങ്ങളും നഴ്സുമാര്‍ ശേഖരിക്കും.

മാതാപിതാക്കളില്‍ ഒരാളുടെ ബയോമെട്രിക് വിവരങ്ങളും ആശുപത്രി അധികൃതര്‍ ശേഖരിക്കും. ഇതിനാവശ്യമായ ഉപകരണങ്ങളും ആശുപത്രികള്‍ക്കു സര്‍ക്കാര്‍ നല്‍കും. ഹരിയാനയില്‍ ഫെബ്രുവരിയിലാണ് കുഞ്ഞുങ്ങളെ ആധാറില്‍ ചേര്‍ക്കുന്ന പദ്ധതി തുടങ്ങിയത്. സംസ്ഥാനത്ത് ഇതുവരെ 82,768 നവജാത ശിശുക്കള്‍ക്കു നിലവില്‍ ആധാര്‍ കാര്‍ഡ് ഉണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നുള്ള ദമ്പതികളുടെ കുഞ്ഞിനെ ജനിച്ച് 22 മിനിറ്റിനുള്ളില്‍ ആധാറില്‍ അംഗമാക്കിയത് വാര്‍ത്തയായിരുന്നു. ഇതിനു പുറമെ രാജ്യത്തെ അനാഥാലായങ്ങളിലും മറ്റും വസിക്കുന്ന കുട്ടികളെയും സര്‍ക്കാര്‍ ആധാറില്‍ ഉള്‍പ്പെടുത്തും. രാജ്യത്ത് 18 വയസ്സ് തികഞ്ഞവരില്‍ 94 ശതമാനവും ആധാര്‍ കാര്‍ഡ് ഉള്ളവരാണ്. അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ളവരില്‍ 67 ശതമാനവും അഞ്ചിനും താഴെയുള്ളവരില്‍ 20 ശതമാനം പേര്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്െടന്നാണു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button